മൂവാറ്റുപുഴ: ഭാര്യ സലോമിയുടെ വേര്‍പാടില്‍നിന്ന് മുക്തമാകാതെ പ്രൊഫ. ടി.ജെ. ജോസഫ്. സഭാനേതൃത്വവും മാനേജ്മെന്റും കാട്ടിയ ക്രൂര നടപടികള്‍ ജോസഫിന്റെ കുടുംബത്തെ തകര്‍ത്ത അവസ്ഥയിലാണ്. ജോലിയില്‍ നിന്ന് മാന്യമായി പിരിഞ്ഞു പോരാനുള്ള അഭ്യര്‍ത്ഥന മനുഷ്യസ്നേഹം പാടിനടക്കുന്ന സഭാനേതൃത്വവും മാനേജ്മെന്റും നിഷ്കരുണം തള്ളുകയായിരുന്നു. സാമ്പത്തികമായി തകര്‍ന്ന പ്രൊഫസര്‍ മാന്യതയുടെ ഉച്ചിയില്‍ നിന്നു കൊണ്ടാണ് തന്നെ തിരിച്ചെടുക്കണമെന്ന അപേക്ഷയുമായി സഭയ്ക്കും മാനേജ്മെന്റിനു മുന്നിലും ഭാര്യാ സഹോദരനോടൊപ്പം എത്തിയത്. ആദ്യം അനുഭാവപൂര്‍വ്വം പ്രതികരിച്ച മാനേജ്മെന്റ് പിന്നീട് നിലപാട് മാറ്റിയത് പ്രൊഫസര്‍ക്ക് കനത്ത ആഘാതമായി. കോളേജ് മാനേജ്മെന്റ് നിര്‍ദ്ദേശിച്ച രീതിയില്‍ കരാര്‍ എഴുതി നല്‍കിയിട്ടും അദ്ദേഹത്തെ സര്‍വ്വീസില്‍ തിരികെ എടുത്തില്ല. ഈ മാസം സര്‍വ്വീസ് കാലാവധി കഴിയുമ്പോള്‍ നല്ല രീതിയില്‍ പിരിഞ്ഞു പോരണമെന്നുള്ള തന്റെ ആഗ്രഹത്തിന് കത്തി വയ്ക്കുന്ന നിലപാടാണ് സഭയും മാനേജ്മെന്റും എടുത്തത്. പ്രൊഫസറെ തിരിച്ചെടുത്താല്‍ പിരിച്ചുവിട്ട നാള് മുതലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടി വരുമെന്ന അഭിഭാഷകന്റെ ഉപദേശം സ്വീകരിച്ച മാനേജ്മെന്റ് ആവശ്യം നിരാകരിക്കുകയായിരുന്നു.
പ്രൊഫ. ജോസഫിന്റെ വീട്ടിലേക്ക് രാഷ്ട്രീയക്കാരും തിരിഞ്ഞുനോക്കുന്നില്ല. തെരഞ്ഞെടുപ്പ്കാലത്ത് മരണ-വിവാഹ വീടുകളില്‍ നിത്യസാന്നിധ്യമായ രാഷ്ട്രീയക്കാരെയൊന്നും ഇവിടെ കാണാനില്ല. മരുമകളുടെ മരണം ഉള്‍ക്കൊള്ളാനാകാതെ മാനസികനില തെറ്റിയ അവസ്ഥയിലാണ് പ്രൊഫസറുടെ മാതാവ്. ഉണരുമ്പോള്‍ സലോമിയെവിടെ എന്നന്വേഷിക്കുന്ന 85 പിന്നിട്ട ആ വൃദ്ധയോട് എന്ത് മറുപടി പറയണമെന്നറിയാതെ കുഴങ്ങുകയാണ് ആ കുടുംബം. മാര്‍ച്ച് 31 ന് പ്രൊഫ. ജോസഫിന്റെ സര്‍വീസ് കാലാവധി പൂര്‍ത്തിയാവുകയാണ്. എന്നാല്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാതെ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോവുകയാണ് സഭയും മാനേജ്മെന്റും.
സി.എസ്. ഭരതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: