അവസരത്തിനൊത്ത് ഉയരുന്നവനാണ് തന്ത്രശാലിയായ മനുഷ്യനെന്ന് പ്രശസ്ത ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. തന്റെ ഉയര്ച്ചക്കാണെങ്കില് പിന്നെ അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒഞ്ചിയം സംഭവത്തിന്റെ തുടക്കം മുതല്‍ സംശയത്തിന്റെ മുനകൂര്‍പ്പിച്ച വാരിക്കുന്തവുമായി പാര്‍ട്ടിയുടെ നെഞ്ചിടിപ്പു കൂട്ടിയ ആളാണ് വിഎസ്. സ്വന്തം പാര്‍ട്ടിയിലെ പ്രതിപക്ഷ നേതൃസ്ഥാനവും സംസ്ഥാന പ്രതിപക്ഷ നേതൃസ്ഥാനവും ഒരേ സമയം അലങ്കരിച്ച വ്യക്തി ഇപ്പോള്‍ ശരിക്കും പാര്‍ട്ടിയുടെ വേലിക്കുള്ളിലായി; അല്ലെങ്കില്‍ പാര്‍ട്ടി ആക്കി. ടി.പി. വധക്കേസില്‍ അജ്ഞാത പാര്‍ട്ടി കമ്മറ്റി അജ്ഞാത അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തി പരസ്യമായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ അങ്കക്കോഴിയായ രാമചന്ദ്രന്റെ മേല്‍ കുറ്റം ചാര്‍ത്തി, പടിയടച്ചു. പക്ഷേ, പിണ്ഡം വെച്ചില്ല.
തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ പ്രതിയെ കണ്ടെത്തി പ്രഖ്യാപനം നടത്തിയത് വടകര ലോക്സഭാ മണ്ഡലം പിടിക്കാന്‍ തന്നെയെന്ന് അറിയാത്തവര്‍ ആരുമില്ല. തുടക്കം മുതല്‍ സംശയവും വിശദീകരണവുമായി നടന്ന വിഎസ് പാര്‍ട്ടിയുടെ അന്വേഷണത്തെ ഉള്‍ക്കൊള്ളില്ല എന്നു തന്നെയാണ് ഒരുവിധപ്പെട്ടവരൊക്കെ കരുതിയത്. എന്നാല്‍ എല്ലാം സ്വാഹ. പുതിയ വഴി, പുതിയ രീതി എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. ടി.പി.വധം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല: വി.എസ് എന്ന അഭിമുഖം കേരളകൗമുദി (മാര്‍ച്ച് 19)യില്‍ വായിക്കാം. അതില്‍ ആ വധവുമായി ബന്ധപ്പെട്ട് വി.എസ്. പറയുന്നത് നോക്കുക: സഹപ്രവര്‍ത്തകരെ കശാപ്പ് ചെയ്ത് പ്രതികാരം വീട്ടുന്ന പാര്‍ട്ടി അല്ല ഞങ്ങളുടെ പാര്‍ട്ടി. ഇതുമായി ഞങ്ങളുടെ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്ന് കണ്ടാല്‍ അവര്‍ പാര്‍ട്ടിയില്‍ കാണില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ഈ പ്രഖ്യാപനമാണ് സാക്ഷാത്കരിക്കപ്പെട്ടത്. അന്വേഷണ കമ്മീഷനെ വെച്ച് പാര്‍ട്ടി അന്വേഷിച്ചു. കെ.സി. രാമചന്ദ്രന് കുറ്റക്കാരനാണെന്ന് കണ്ടു. ഉടനെ അയാള്‍ക്കെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടു. നടപടിയും എടുത്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രഖ്യാപനം ഇങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുന്ന വേറെ ഏതെങ്കിലും ഒരു പാര്‍ട്ടി ഇന്ത്യയിലുണ്ടോ എന്ന് ഞാന്‍ വെല്ലുവിളിക്കുന്നു. ആയതിനാല്‍ നമുക്ക് ആ വെല്ലുവിളി ഏറ്റെടുക്കുക, കാറ്റിനനുസരിച്ച് എന്തോ ചെയ്യുന്നതിനെക്കുറിച്ചും മലയാളത്തിലൊരു ശൈലിയുണ്ട്. തല്ക്കാലം നമുക്ക് അത് ഓര്‍ക്കാം. ഏതായാലും ഇതിനെക്കുറിച്ച് ഇപ്പറഞ്ഞതിനെക്കാള്‍ സുന്ദരമായി കേരള കൗമുദി (മാര്‍ച്ച് 19)യില്‍ സുജിത് വരച്ചുവെച്ചിരിക്കുന്നത് കൂടി കാണുക.
സോണിയ നൂലില്‍ കെട്ടിയിറക്കിയ കെപിസിസി അധ്യക്ഷന്‍ നരേന്ദ്രമോദിയാണല്ലോ ചതുര്‍ത്ഥി. വാജ്പേയി അങ്ങനെയല്ല. അദ്ദേഹത്തിന്റെ നിലപാടില്‍ നെഹ്റുവിന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ടത്രേ. ടിയാന് ഇങ്ങനെ വെച്ചു കാച്ചിയത് വിപ്ലവത്തിന്റെ മാടമ്പിക്ക് പിടിച്ചില്ല. മോദിയും വാജ്പേയിയും തമ്മില്‍ അങ്ങനെയുള്ള വ്യത്യാസമൊന്നും ഇല്ലെന്ന് ടിയാന് തുറന്നടിച്ചു. എല്ലാ മാധ്യമങ്ങളിലും (മാര്‍ച്ച് 19) മേപ്പടി വാര്‍ത്ത വന്നിട്ടുണ്ട്. ഇതു വായിച്ച നാട്ടുമ്പുറത്തെ കൂട്ടുകാരന് നേരെ തിരിച്ചാണ് മനസ്സിലാക്കിയത്. (അങ്ങനെ തന്നെയാണ് അത് മനസ്സിലാക്കേണ്ടതെന്ന് അവന് കട്ടായം പറയുന്നു) സംഗതി എന്താണെന്നു വെച്ചാല്‍ 52 കൊല്ലം മുമ്പ് ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടാന്‍ കാരണം നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയ ഫോര്‍വേഡ് പോളിസിയായിരുന്നുവെന്ന വിവരം പുറത്തു വന്നുവല്ലോ. ഇന്ത്യയെ പരാജയപ്പെടുത്താന്‍ ശ്രമിച്ച നെഹ്റുവിന്റെ ഗണത്തില്‍ ചേര്‍ത്ത് വാജ്പേയിയെ സുധീരന് അപമാനിക്കാനല്ലേ ശ്രമിച്ചതെന്ന് കൂട്ടുകാരന്റെ വ്യാഖ്യാനം. വാസ്തവത്തില്‍ ദേശാഭിമാനിയായ വാജ്പേയിയോടുള്ള മമതകൊണ്ടല്ലേ വിപ്ലവത്തിന്റെ മാടമ്പി സുധീരനെ വിമര്‍ശിച്ചതെന്ന സംശയവും അയാള്‍ ഉയര്‍ത്തുന്നു. ഓരോരുത്തരുടെ ഓരോ വ്യാഖ്യാനങ്ങളേ. ചൈനായുദ്ധത്തിലെ ഇന്ത്യന്‍ സൈനിക നടപടികള്‍ പരിശോധിച്ച ഹെന്ഡേഴ്സണ് ബ്രൂക്ക്സ് റിപ്പോര്‍ട്ട് സുധീരന് ശരിക്കു വായിച്ചു കാണും എന്ന മറുപടി കൊടുത്തതോടെ സുഹൃത്തിന് തൃപ്തിയായി.
ഇനി രണ്ടു വാര്‍ത്തകളെക്കുറിച്ചാണ്. ഒന്ന് ഒരു സംഭവത്തെ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ പത്രം നല്കിയ വിവരണം. രണ്ടാമത്തേത് ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതികരണത്തെക്കുറിച്ച് സാംസ്കാരിക നായകന്റെ അഭിപ്രായം. രണ്ടും മലയാള മനോരമ (മാര്‍ച്ച് 20)യില്‍. ആദ്യത്തേതിലേക്ക്. പശ്ചാത്തലം ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് കൊല്ലിച്ച നവാസിന്റെ ഭാര്യ സിമിയെ മറ്റൊരു ക്വട്ടേഷന്‍ അംഗം കൊന്ന ടി.പിയുടെ ഭാര്യ കെ.കെ. രമ സന്ദര്‍ശിക്കുന്നു. തലക്കെട്ട്: ഇര മറ്റൊരു ഇരയോടു പറഞ്ഞു; തളരരുത്… മനക്കരുത്ത് നേടണം. വാര്‍ത്തയില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ഭാഗം: മുറിവേറ്റ ഒരു ഹൃദയം മറ്റൊരു ഹൃദയത്തെ സ്വന്തം നെഞ്ചോടു ചേര്‍ത്തു വരിഞ്ഞുമുറുക്കി. സിമിയുടെ മുറിവേറ്റ മനസ്സ് രമയുടെ തഴക്കം വന്ന ഹൃദയത്തോടു ചേര്‍ന്നു നിന്നു വിതുമ്പി. തലോടി ആശ്വസിപ്പിച്ച് രമ പറഞ്ഞു. നിനക്ക് രണ്ടു പിഞ്ചു കുഞ്ഞുങ്ങളാണ്….. മനക്കരുത്ത് നേടണം…. കരച്ചിലുണങ്ങാത്ത രണ്ട് സ്ത്രീ ഹൃദയങ്ങള്‍ പറയാതെ പറഞ്ഞതിങ്ങനെ: ഇനി ഉണ്ടാവരുത്; ഒരു ടിപിയും നവാസും. ഇത്തിരിയൊന്ന് നിശ്ശബ്ദനായിരിക്കൂ. ഉള്ളിന്റെയുള്ളില്‍ നിന്ന് ചെറിയൊരു തേങ്ങല്‍ ഉയര്‍ന്നു വരുന്നത് തീര്‍ച്ചയായും കേള്‍ക്കാം. അത് ഇന്നാട്ടിലെ പരശ്ശതം അമ്മമാരുടെ നൊമ്പരമാണ്. അതിനുത്തരവാദിയായ പാര്‍ട്ടിയുടെ നേതാവ് തിരുവനന്തപുരത്ത് നടത്തിയ വിടുവായത്തത്തെ പ്രതിരോധിച്ചുകൊണ്ടുള്ള പ്രസ്താവനയിലെ ഭാഗമാണ് അടുത്തത്.
പശ്ചാത്തലം: തിരുവനന്തപുരത്തെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സിപിഎം നേതാവ് എം. വിജയകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിനെ രക്തദാഹി എന്നു വിളിച്ചത്. അതിന്റെ രാഷ്ട്രീയം തുറന്നു കാട്ടിക്കൊണ്ട് ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷന്‍ പി. പരമേശ്വരന് നടത്തിയ പ്രസ്താവനയിലെ പ്രസക്തഭാഗം കാണുക: രാജഗോപാലിനെപ്പോലെ മാന്യനും സമാധാനകാംക്ഷിയുമായ മറ്റൊരു നേതാവിനെ കേരളം കണ്ടിട്ടില്ല. കടുത്ത രാഷ്ട്രീയ എതിരാളികള്‍ പോലും രക്തദാഹിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. വിജയകുമാര്‍ പരോക്ഷമായി ലക്ഷ്യം വയ്ക്കുന്നത് നരേന്ദ്രമോദിയെ ആണെങ്കില്‍, ലോകം കണ്ട എക്കാലത്തെയും കുപ്രസിദ്ധനായ രക്തദാഹി സ്റ്റാലിനെയാണ് അദ്ദേഹം ഓര്‍ക്കേണ്ടിയിരുന്നത്. മോദിയെ രാജ്യത്തെ ഒരു കോടതിയും കുറ്റക്കാരനായി വിധിച്ചിട്ടില്ല. അതേസമയം സ്റ്റാലിന് ചരിത്രത്തിനു മുന്നില്‍ കൊടും കുറ്റവാളിയാണ്. നമുക്ക് മുമ്പിലൂടെ വാളിന്റെ സീല്‍ക്കാരം മിന്നല്‍പ്പിണര്‍ പോലെ പാഞ്ഞു പോകുന്നത് കാണാം. ഒഞ്ചിയത്തെ 51 വെട്ട്, തലശ്ശേരിയിലെ ഫസലിന്റെ മേലുള്ള വെട്ട്, കണ്ണൂര്‍ അരിയില്‍ ഷുക്കൂറിനെ നടുവയലില്‍ പിടിച്ചു നിര്‍ത്തി തുരുതുരായുള്ള കുത്ത്, പെരിഞ്ഞനത്തെ നവാസിന്റെ മേലുള്ള വെട്ട്…. അങ്ങനെയങ്ങനെ ദാഹിക്കുമ്പോള്‍ പാര്‍ട്ടി ഇളം ശരീരങ്ങള്‍ വെട്ടിക്കീറി ചോരമോന്തുന്നത് നമ്മളെത്ര കണ്ടു. അതെല്ലാം കുടിച്ച് മദോന്മത്തരായ നേതാക്കള്‍ രക്തദാഹത്തെക്കുറിച്ച് മറ്റുള്ളവര്‍ക്കു നേരെ വിരല്‍ചൂണ്ടുന്നത് കാണുമ്പോള്‍ എന്തു തോന്നുന്നു? ആയത് ഏപ്രില്‍ 10ന് കാണിച്ചു കൊടുക്കുമെന്നോ?
വനിതാശാക്തീകരണം എന്ന ഭംഗിവാക്കിനപ്പുറം വനിതകളുടെ സര്‍വതോമുഖമായ ഉയര്‍ച്ചയ്ക്ക് എന്തൊക്കെ വേണം എന്നാലോചിച്ചിട്ടുണ്ടോ? പെണ്ണത്തം എന്നതിന്റെ ഉള്ളുറപ്പ് അനുഭവിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ വയനാട്ടിലെ വിനയയോട് അത്യാവശ്യം കാര്യങ്ങള്‍ ചോദിച്ചറിയുക. സമൂഹത്തില്‍ ആണത്തത്തിന്റെ അലിഖിത നിയമങ്ങള്‍ എങ്ങനെ പരുവപ്പെട്ടുവരുന്നുവെന്നും അവര്‍ പറയും. വായിച്ചുപോകെ, ആയമ്മയുടെ അഹമ്മദി വല്ലാതെ കൂടുന്നു എന്നാണ് ഒരു വിധപ്പെട്ടവരൊക്കെ പറയുക. കാരണം സ്ത്രീയെ പുരുഷന്റെ വീക്ഷണ കോണിലൂടെ കാണാനാണ് എല്ലാവര്ക്കും താല്‍പ്പര്യം. ഒരു വിഭാഗം സ്ത്രീകളും അതിന് അരുനില്ക്കുന്നുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. അവരൊക്കെ വിനയയുടെ സാന്നിധ്യം തന്നെ സമരം എന്ന പുസ്തകം വായിക്കേണ്ടതാണ്.
ആണ്മേല്ക്കോയ്മയുടെ നടപ്പുരീതി കണ്ടുമാത്രം പരിചയമുള്ളവര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതാണ് ആ പുസ്തകം. അത്തരം ഒട്ടേറെ ഞെട്ടലുകള്‍ ആവശ്യമാണ്. എന്നാലേ പെണ്ണത്തമുള്ള പെണ്ണുങ്ങള് ഉണ്ടാവൂ. ങ്ങള് മാഹീലെ പെണ്ണുങ്ങളെ കണ്ട്ക്കാ എന്ന് പാടി നടന്നതു കൊണ്ടൊന്നും പെണ്ണത്തം വന്നുകൂടില്ല. അത് പൊണ്ണത്തമേ ആവൂ. വിനയയുടെ പുസ്തകത്തില്‍ നിന്നെടുത്ത ഭാഗങ്ങളാണ് മാതൃഭൂമി ആഴ്ചപ്പതിപ്പി (മാര്‍ച്ച് 29)ല്‍ കൊടുത്തിരിക്കുന്നത്. തലക്കെട്ട് ഇങ്ങനെ: ആണ്കോയ്മക്കില്ല ഈ പെണ്സല്യൂട്ട്. ഔദ്യോഗികരംഗത്തെ ആണ്മേല്ക്കോയ്മക്കു നേരെ നെഞ്ചുറപ്പോടെ നിന്നു പ്രതികരിച്ച വിനയയ്ക്ക് ഒരുപാട് പ്രതിബന്ധങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായെങ്കിലും ഇങ്ങനെ വേണം പെങ്ങന്മാര് എന്നുപറയാന്‍ ആങ്ങളമാര്‍ക്ക് അഭിമാനം ഉണ്ടാക്കിക്കൊടുത്തത് വിനയയാണ്. പെണ്മക്കള് മാത്രമുള്ളവരുടെ അച്ഛനോ അമ്മയോ മരിച്ചാല്‍ അവരുടെ ചിതയ്ക്ക് തീകൊളുത്താന്‍ വകയിലുള്ള ഏതെങ്കിലും ആണിനെ ഏര്‍പ്പാടു ചെയ്യുന്ന മുടന്തന്‍ മാമൂലിനെ വരെ തൊഴിച്ചെറിഞ്ഞു വിനയയും ചേച്ചിമാരും എന്നറിയുമ്പോഴാണ് ആ പെണ്ണത്തത്തെ ആദരിക്കാന്‍ തോന്നുക. ഒറ്റനോട്ടത്തില്‍ തെറിച്ച പെണ്ണായി സമൂഹം മുദ്രകുത്തുമ്പോഴും അത് അഭിമാനമായി വിനയ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. പ്രകൃതിയും പുരുഷനും ചേര്‍ന്നതാണ് സ്ത്രീപുരുഷനെങ്കില് എന്തിന് പുരുഷകേന്ദ്രീകൃതമായ ആചാരപ്പെരുമകള്‍ മാത്രം സമൂഹം മുറുകെപ്പിടിക്കുന്നു എന്ന ചോദ്യം ആറു പേജിലുള്ള പുസ്തകഭാഗം വായിക്കുമ്പോള്‍ നമ്മിലുയരും.
ഒ. രാജഗോപാലിനെ രക്തദാഹിയെന്ന് വിശേഷിപ്പിച്ച വിജയകുമാറിന് പശ്ചിമബംഗാളിലെ അബ്ദുള്‍ റസാഖ് മൊല്ലയെന്ന മുന്‍ സിപിഎം നേതാവിനെ അറിയാതിരിക്കില്ല. അദ്ദേഹവുമായി എ. റശീദുദ്ദീന്‍ നടത്തുന്ന അഭിമുഖം മാധ്യമം ആഴ്ചപ്പതിപ്പി (മാര്‍ച്ച് 17)ലുണ്ട്. തലക്കെട്ട്: ഇടതുപക്ഷത്തില്‍ ഇടമില്ല ദലിതനും മുസ്ലിമിനും. അതൊന്ന് മനസ്സിരുത്തി വായിക്കുക. പശ്ചിമബംഗാളില്‍ വിപ്ലവപാര്‍ട്ടി ഉപ്പുവെച്ചകലം പോലെയാവുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാവും. മാധ്യമം എ.കെ.ജി സെന്ററില്‍ കാണും. വായിച്ച ശേഷം പോയാല്‍ മതി തെരഞ്ഞെടുപ്പുയോഗങ്ങള്ക്ക്.
മുഷിയരുത്, അവസാനിപ്പിക്കും മുമ്പ് പൂര്‍ണോദയ ഗാന്ധിദര്‍ശന്‍ മാസിക (മാര്‍ച്ച്)യുടെ മുഖപ്രസംഗത്തില്‍ നിന്ന് നാലുവരി കൂടി: ജയിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടി പറയുന്നതേ ജനപ്രതിനിധികള്‍ അനുസരിക്കൂ. ജനാഭിപ്രായം ആരും അന്വേഷിക്കാറു പോലുമില്ല. ജനപ്രതിനിധികളെ നിയന്ത്രിക്കുന്നത് ജനങ്ങളല്ല പാര്‍ട്ടികളാണെന്നു ചുരുക്കം. ഈ അപകടം ഒഴിവാക്കണമെങ്കില്‍ അസംഘടിതരായ വോട്ടര്‍മാര്‍ പാര്‍ട്ടികള്‍ക്കതീതമായി സംഘടിക്കണം. ജനപ്രതിനിധികളെ നിരന്തരം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ജനങ്ങള്‍ ശക്തിയാര്‍ജിക്കണം. വോട്ടര്‍മാരുടെ നിരന്തരമായ ജാഗ്രതയാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഏക പോം വഴി. തെരഞ്ഞെടുപ്പല്ല തെരഞ്ഞെടുക്കപ്പെടുന്നവരെ നിയന്ത്രിക്കലാണ് ജനാധിപത്യത്തില്‍ പ്രധാനം.
തൊട്ടുകൂട്ടാന്‍
നമ്മുടെ നാടു നമുക്കുവേണം, നമ്മ
ളെങ്ങോട്ടുപോണം? ഉണര്‍ന്നു ചിന്തിക്കുവിന്‍
ആത്മാഭിമാനത്തിലൈക്യം വരിക്കുവിന്‍
അല്ലായ്കില് ഭീരുക്കളായ്ച്ചത്തൊടുങ്ങുവിന്
എസ്. രമേശന് നായര്‍
കവിത: ബംഗ്ലാദേശ്
കേസരി വാരിക (മാര്‍ച്ച് 14)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: