സ്ത്രീ അക്കിത്തം കവിതയുടെ അന്തര്‍ധാരയില്‍ ശാക്തികമായ നിത്യസാന്നിദ്ധ്യമാണ്. മാമൂലുകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഭരിച്ച നമ്പൂതിരി സമുദായത്തിലെ ജീര്‍ണതക്കെതിരെ നടന്ന സാമൂഹ്യപരിഷ്ക്കരണ സംരംഭങ്ങളില്‍ പ്രസ്ഥാന നായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അക്കിത്തം അന്തര്‍ജ്ജന നവോത്ഥാനത്തിന് ആദ്യകാല കൃതികളിലൂടെ ഊര്‍ജ്ജം പകര്‍ന്നു. സ്ത്രീ സ്വാതന്ത്ര്യവും സമത്വവുമാണ് അവ വിഭാവനം ചെയ്തത്. ‘പ്രതികാര ദേവത’, ‘ഇടിമുഴക്കം, ‘മതി മടി’, ‘കുടുക്കറുക്കുക’, ‘കാള പൂട്ടാന്‍’, ‘നമ്മുടെ മറുപടി’, ‘ഇനിയും കുരയ്ക്കുവിന്‍’ എന്നീ രചനകളിലെ സ്ത്രീപക്ഷ സമീപനങ്ങള്‍ ഹിംസാത്മകമായ വിപ്ലവത്തിന്റേയും പ്രതികാരവാഞ്ഛയുടേയും കത്തുന്ന ആശയവും ആവേശവുമായി ആ കാലഘട്ടത്തിന്റെ സ്ത്രൈണ ശക്തിയുടെ ലക്ഷ്യബോധത്തെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
“കുടില മാമൂല്‍ക്കൊടും ചുമര്‍ക്കെട്ടുകള്‍
തടയുമെന്നിടര്‍ തേടേണ്ടതില്ല നാം
ചെറുവിരലൊന്നമര്‍ത്തിയാല്‍ പോരുമേ
തരിതരിയായ് തകര്‍ന്നവ വീഴുവാന്‍”
അന്തര്‍ജ്ജനങ്ങള്‍ അവരുടെ അസ്വതന്ത്രതയ്ക്കും മാമൂലിനുമെതിരായി പോരടിക്കുന്നതിന്റെ പടഹധ്വനികള്‍ ‘കോവിലിലേക്ക്’ എന്ന കവിതയില്‍ ഇങ്ങനെ കേള്‍ക്കാം. പില്ക്കാല രചനകളില്‍ മൗലികധാരയായി മാറുന്ന അഹിംസയുടേയും സ്നേഹത്തിന്റേയും മാനവികതാപ്പൊരുളിന്റേയും ആദി സ്രോതസ്സ് ‘പ്രതികാര ദേവത’യിലെ കവനങ്ങളിലെല്ലാം ഭാവാത്മകമായി പ്രത്യക്ഷപ്പെടുന്നുണ്ട്. സാമൂഹ്യ വിപ്ലവത്തിന്റേയും നൈതികമൂല്യങ്ങളുടേയും മുദ്രയുള്ള നവോത്ഥാന സൃഷ്ടികള്‍ ജീര്‍ണതയ്ക്കെതിരെയുള്ള ധര്‍മസ്വരമായി രൂപാന്തരപ്പെടുന്നു.
“ഇച്ചത്ത യാഥാസ്ഥിതികത്വ സിംഹം
ഗര്‍ജ്ജിക്കുമെന്നോര്‍ത്തു പരുങ്ങിടാതെ
പുറത്തിറങ്ങീടുക ജന്മസൗഖ്യം
തിരഞ്ഞു നമ്പൂതിരി കന്യകേ നീ”
എന്ന് ‘ഋതുമതിയുടെ മുമ്പില്‍’ ചൊല്ലിയ ‘മുദ്രാവാക്യ’ത്തിന്റെ അന്തര്‍നാദം വേദവാക്യംപോലെ അക്കിത്തത്തിന്റെ പില്ക്കാല സ്ത്രീപക്ഷ രചനകളില്‍ അടയാളപ്പെടുന്നത് കാണാം.
സ്ത്രീത്വത്തേയും പെണ്മനസ്സിനെയും മനഃശാസ്ത്രപരമായ അപഗ്രഥനപാടവത്തോടെയും മനുഷ്യനിരീക്ഷണ ബുദ്ധിയോടെയുമാണ് അക്കിത്തം കവിതയില്‍ അവതരിപ്പിക്കുന്നത്. ‘ദേശസേവിക’, ‘തൊയിരം മേണം’, കരിഞ്ചന്ത, മാധവിക്കുട്ടി, പറങ്ങോടന്, പാവപ്പെട്ട ധാത്രി, താലിക്കാരി, കാവല്‍ക്കാരി, പൂണൂല്‍ക്കാരുടെ ചരിത്രം, മാതൃസവിധത്തില്‍, വൃദ്ധസുന്ദരി എന്നീ കവനങ്ങളില്‍ തെളിയുന്ന സ്ത്രീ, വിചാരശീലം കൊണ്ടും വികാരവായ്പുകൊണ്ടും സ്വയം ശക്തിയും ദൗര്‍ബല്യവും വരച്ചുവെക്കുന്നു. വൈവിധ്യമേറിയ കവിയുടെ സ്ത്രീലോകം സ്ത്രീ പ്രകൃതിയുടെ വ്യക്തിചേതനയും സാമൂഹ്യചേതനയും വ്യാഖ്യാനവിധേയമാക്കുന്നുണ്ട്. പും സ്ത്രീ ദ്വന്ദ്വങ്ങളുടെ സമവായത്തിലൂടെ മനുഷ്യപ്രകൃതിയുടെ സാഫല്യം തന്നെയാണവ ലക്ഷ്യമാക്കുക.
പാവപ്പെട്ട ധാത്രി മുന്നില്‍ വന്നുനിന്ന് ‘തൃക്കൈകൊണ്ടടിയന് മേലിടാനൊന്ന്’ എന്ന് ചോദിച്ചപ്പോള്‍ കവിയുടെ കണ്ണ് തുളുമ്പിപ്പോവുന്നു. ശൈശവത്തില്‍ തന്നെ ഊട്ടിയും ഉറക്കിയും ‘എച്ച്മി’ തന്ന സ്നേഹവാത്സല്യങ്ങള്‍ ഇന്നും കവിയുടെ നെഞ്ചില്‍ തരളിതമാകുന്നു.
“ഉന്നിദ്രമുഴറിയെന്‍ മാനസമന്നാ വൃദ്ധ-
തന്നരക്കെട്ടില്‍ത്തൂങ്ങിയുറക്കെത്തേങ്ങിക്കേഴാന്‍
അന്തസ്സു തടഞ്ഞൂ, ഞാനാളെത്ര വലുതായെ-
ന്നന്തരംഗമോ വിമ്മീ കാട്ടാറുപോലെ വീണ്ടും”
ഈവിധം സ്നേഹത്തിന്റെ അന്തരംഗപൂജയായി അക്കിത്തത്തിന്റെ സ്ത്രീ സങ്കല്‍പ്പം പരിവര്‍ത്തനപ്പെടുകയായിരുന്നു. ‘കാളി’, ‘ആലഞ്ഞാട്ടമ്മ’, ‘ഒരു കുടന്ന നിലാവ്’, ‘വാടാത്ത താമരയും കെടാത്ത സൂര്യനും’, ‘സ്ത്രീയും പുരുഷനും’ ‘മധുവിധു, ‘ഗ്രാമത്തില്‍ ഒരു നര്‍ത്തകി, ‘പരഭാഗ ഭംഗി’ ‘പ്രവാചിക’ എന്നിവ സ്ത്രീയുടെ നിറങ്ങളും നിറവുകളും മൂല്യനിര്‍ണയം ചെയ്യുന്നു. പകയും പ്രതികാരവും സ്നേഹവും പ്രേമവും വാത്സല്യവും മാതൃത്വവും ദൈവികതയും സ്വപ്നവും മോഹവും രതിയും വികാരവും ഭക്തിയും മാമൂലും യാഥാസ്ഥിതികത്വവും സ്വാതന്ത്ര്യബോധവും പരിവര്‍ത്തനത്വരയും പകരുന്ന ആ ഭാവഗീതികള്‍ സ്ത്രീ പ്രകൃതിയുടെ സ്വത്വാംശങ്ങള്‍ക്ക് വര്‍ണം പകര്‍ന്നു.
സ്ത്രീ സംസ്കൃതിയുടെ കാഴ്ചപ്പുറങ്ങളെ മൃദുല സ്പര്‍ശിമാത്രമായോ കണ്ണീരില്‍ ചാലിച്ചെഴുതിയ കവനങ്ങളോ മാറ്റിയെടുക്കാന്‍ അക്കിത്തം ഒരുമ്പെടുന്നില്ല.
സ്നേഹത്തിലൂടെ പൂര്‍ണതയില്‍ ലയിക്കാനുള്ള അഭിനിവേശവും വൈകാരിക തീക്ഷ്ണതയും കാല്‍പ്പനികത്വരയും ഭൗമികവും ഐന്ദ്രിയവുമായ അനുഭവതലങ്ങളും ഭാവനയ്ക്കപ്പുറം പോകാനുള്ള മാനസികഘടനയും കവിയുടെ കാല്‍പ്പനിക പ്രണയ സങ്കല്പ്പങ്ങളില് ഇടം പിടിക്കുന്നു. നാളത്തെ മണ്ണിന്റെ ദൈവം ദമ്പതികളാണെന്ന് കവി പറഞ്ഞുവെക്കുന്നുണ്ട് ‘നാളത്തെ ദൈവങ്ങള്‍’ എന്ന രചനയില്‍. ‘മഹാത്യാഗ സുന്ദരയജ്ഞം മൂലം സൂരനെക്കാളും ജ്യോതിര്‍മയിയായിത്തീരും സ്ത്രീ’ എന്ന് ‘അപരാധി’ രേഖപ്പെടുത്തുന്നു. ധര്‍മസംസ്കൃതിയുടേയും മാതൃത്വത്തിന്റേയും പ്രതീകമായി ഉയരുന്നു സ്ത്രീത്വത്തോട് “നിര്‍മലേ നിന്നെ പഠിക്കാത്ത ഞാനവിവേകി” എന്നാണ് കവിയുടെ ക്ഷാമപണ സ്വരം.
“പുരുഷനലസ സുഖലോലുപന്; അബല പക്ഷേ
ധീരത്യാഗ ബലിഷ്ഠയാം താപസിയല്ലി
പാതിമെയ്യനുഭവിക്കും പീഡയെക്കണ്ടറിയാത്ത
പാപിയാം ഞാന്‍ ഞെളിയുന്നു വിശ്വനേതാവായ്”
സ്ത്രീയെ മോഹനവും ഉദാത്തവുമായ മണ്ഡലത്തിലാണ് അക്കിത്തം പ്രതിഷ്ഠിക്കുന്നത്. ആര്‍ഷപ്രേരിതമായ സ്ത്രീബിംബം ‘അമ്മ’യുടെ ദര്‍ശന കോടിയില്‍ സ്ഥാനപ്പെടുന്നു. ഭാരതസ്ത്രീയുടെ പൂര്‍ണകലയാണ് കവി അനാവരണം ചെയ്യുന്നത്. സ്ത്രൈണതയുടെ വിശുദ്ധിയും പൗരുഷത്തിന്റെ ആത്മപ്രകാശവും ഒന്നുചേരുന്ന അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തിന്റെ സമ്പൂര്‍ണ സത്യമാണ് മഹാകവിയുടെ സ്ത്രീ.
സ്ത്രീയെ അവളുടെ സ്വത്വ പ്രമാണത്തിന്റെ സ്വാഭാവിക പശ്ചാത്തലത്തില്‍ ദര്‍ശിക്കാനും ജീവപ്രകൃതിയുടെ താളസ്വരമായി അവളെ പുരുഷപ്രകൃതിയോട് സംയോജിപ്പിക്കാനുമാണ് അക്കിത്തം ശ്രമിക്കുന്നത്. സ്ത്രീ പ്രകൃതിയെ ആത്മനിഷ്ഠമായ കണ്ണുകളോടെ കാണാനും വ്യാഖ്യാനിക്കാനും അവളുടെ കര്‍മശ്രേണിയിലെ സത്യശിവ സൗന്ദര്യത്തെ ആവാഹിക്കാനുമാണ് അക്കിത്തം സ്ത്രീയെ വരയ്ക്കുന്നത്. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മുതല്‍ ‘അന്തിമഹാകാലം’ വരെയുള്ള സര്‍ഗരേഖയുടെ മുഖഭാഗങ്ങളിലെല്ലാം സ്ത്രീ വര്‍ണലയം നേടുന്നു.
അക്കിത്തത്തിന്റെ സ്ത്രീയും കവിതയും ഏകസ്വരമായ് ഇങ്ങനെ പാടുന്നുണ്ടാവാം.
“ആര്‍ക്കുമെന്‍ തണലില്‍ വന്നിരിക്കാം, ക്ഷീണം തീര്‍ക്കാം
ആര്‍ക്കുമെന്‍ വീര്പ്പാല്, വീണ്ടുമുയിര്‍ക്കാം, എഴുന്നേല്‍ക്കാം”
ഡോ.കൂമുള്ളി ശിവരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: