കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ ചില മാധ്യമങ്ങളും നിക്ഷിപ്ത താല്പര്യക്കാരും നടത്തുന്ന ദുഷ്പ്രചരണങ്ങളില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി,പി. യോഗത്തിന്റെ വനിതാസംഘം കൊച്ചിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇടപ്പള്ളി കുന്നുംപുറം ജംഗ്ഷനില്‍ നടന്ന പ്രതിഷേധയോഗം പോണേക്കര ശാഖാ പ്രസിഡന്റ് എന്‍. സുഗതന് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ സമിതിയംഗം ശോഭാസുരേന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആതുരസേവനരംഗത്തും വിദ്യാഭ്യാസ രംഗത്തും പാവപ്പെട്ടവര്‍ക്കുവേണ്ടി വീടുനിര്‍മ്മിച്ചു നല്‍കുന്നതും അഗതി-വിധവ പെന്ഷന് ഉള്‍പ്പെടെയുള്ള നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ അമ്മയുടേയും മഠത്തിന്റേയും നേര്‍ക്കുള്ള ആക്രമണം ഭാരതമനസ്സാക്ഷിയുടേയും സാംസ്കാരിക പൈതൃകത്തിനെതിരെയുമുള്ള കടന്നാക്രമണമാണന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ശോഭാസുരേന്ദ്രന് അഭിപ്രായപ്പെട്ടു. പോണേക്കര ശാഖാ പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധപ്രകടനത്തില്‍ നൂറുകണക്കിന് വനിതാസംഘം പ്രവര്‍ത്തകരും മാതാഅമൃതാനന്ദമയിയുടെ അനുയായികളും പങ്കെടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളേക്കാള്‍ കാര്യക്ഷമമായി സുനാമി ദുരന്തസമയത്തും ഉത്തരാഞ്ചല്‍ പ്രളയദുരന്തത്തിലും ലാത്തൂറിലേയും ഗുജറാത്തിലേയും ദുരന്തവേളകളിലും സഹായത്തിന്റേയും സാന്ത്വനത്തിന്റേയും കരസ്പര്‍ശവുമായെത്തിയ ആയിരക്കണക്കിനു സന്നദ്ധസേവകരുടെ പ്രേരകശക്തിയായ അമ്മയെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്നും പിന്തിരിയണമെന്ന് യോഗത്തില്‍ സംസാരിച്ച ശാഖാസെക്രട്ടറി കെ. ശിവദാസന്‍, വനിതാസംഘം സെക്രട്ടറി ഷാലിവിനയന്, ശ്രീനാരായണസേവാസംഘം സെക്രട്ടറി പി.,പി. രാജന്, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, ഇടപ്പള്ളി റെസിഡന്റ്സ് അസ്സോസിയേഷന് ഏകോപനസമിതി സെക്രട്ടറി കെ.ജി. രാധാകൃഷ്ണന്, സേവ്കേരളാമൂവ്മെന്റ് അദ്ധ്യക്ഷന്‍ അഡ്വ. പത്മനാഭന് നായര്‍, വനിതാസംഘം പ്രസിഡന്റ് ലതികാ ഗോപീദാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: