കൊച്ചി: മണ്ഡല പുന:ക്രമീകരണത്തെ തുടര്‍ന്ന് 2009ലെ പൊതുതെരഞ്ഞെടുപ്പു മുതല്‍ എറണാകുളം ജില്ലയുടെ പരിധിയില്‍ നാലു ലോക്സഭ മണ്ഡലങ്ങളാണുള്ളത്. ഇതിനാല്‍ നാലു റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ക്ക് മേല്‍ ചുമതല. ഇതില്‍ രണ്ടു മണ്ഡലങ്ങളുടെ വരണാധികാരി എറണാകുളം ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യമാണ്. മറ്റു രണ്ടു മണ്ഡലങ്ങളുടെ വരണാധികാരികള്‍ കോട്ടയം. ഇടുക്കി ജില്ലാ കളക്ടര്‍മാരാണ്.
2004ലെ തെരഞ്ഞെടുപ്പ് വരെ എറണാകുളവും, മൂവാറ്റുപുഴയും, മുകുന്ദപുരവും മാത്രമാണ് ജില്ലയുടെ പരിധിയില്‍ വന്നത്. മൂവാറ്റുപുഴയും, മുകുന്ദപുരവും ഇല്ലാതായെങ്കിലും പുതുതായി രൂപംകൊണ്ട ചാലക്കുടിയും, ഒപ്പം ഇടുക്കി, കോട്ടയം മണ്ഡലങ്ങളും ഭാഗികമായി ജില്ലയില്‍ ഉള്‍പ്പെടുന്നു.
ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്നതിനു പുറമെ എറണാകുളം, ചാലക്കുടി ലോക്സഭ മണ്ഡലങ്ങളുടെ വരണാധികാരി കൂടിയാണ്. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന ഏഴില്‍ നാല് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലായതാണ് എറണാകുളം കളക്ടറെ രണ്ടു മണ്ഡലങ്ങളുടെ വരണാധികാരിയാക്കിയത്.
എറണാകുളം ജില്ലയിലെ അങ്കമാലി പെരുമ്പാവൂര്‍, ആലുവ, കുന്നത്തുനാട് മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ ചാലക്കുടി, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ എന്നിവയും ഉള്‍പ്പെട്ടതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം.
കോതമംഗലം മൂവാറ്റുപുഴ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഇടുക്കി മണ്ഡലത്തിന്റെ വരണാധികാരി ഇടുക്കി ജില്ല കളക്ടര്‍ അജിത്ത് പാട്ടീലാണ്.. ദേവികുളം, തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട് എന്നിവയാണ് ഇടുക്കിയില്‍ ഉള്‍പ്പെടുന്ന മറ്റ് നിയമഭാ മണ്ഡലങ്ങള്‍.
കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ആ ജില്ലയിലെ കോട്ടയം, പുതുപ്പളളി, ഏറ്റുമാനൂര്‍, വൈക്കം, കടുത്തുരുത്തി, പാലാ എന്നിവയോടൊപ്പം എറണാകുളം ജില്ലയിലെ പിറവം നിയമസഭാ മണ്ഡലവും ഉള്‍പ്പെടും. കോട്ടയം കളക്ടര്‍ അജിത്കുമാറാണ് ആ മണ്ഡലത്തിന്റെ വരണാധികാരി.
ജില്ല കളക്ടര്‍മാരെ റിട്ടേണിംഗ് ഓഫീസര്‍മാരായി നിശ്ചയിച്ചതോടൊപ്പം നിയമസഭാ മണ്ഡലതലത്തില്‍ അസി.റിട്ടേണിംഗ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഡപ്യൂട്ടി കളക്ടര്‍മാരും സമാന പദവിയിലുളളവരുമാണ് എ.ആര്.ഒ മാര്‍. ജില്ല തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ മൊത്തം ചുമതലയുളള ജില്ല കളക്ടര്‍മാരെ മുഴുവന്‍ സമയവും സഹായിക്കാനായി അഡീഷണല്‍ ജില്ല മജിസ്ട്രേറ്റുമാരെ സഹവരണാധികാരികളുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: