ബിജെപിയുടെ അധ്യക്ഷനായിരുന്ന ബംഗാരുലക്ഷ്മണ്‍ അന്തരിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നറിഞ്ഞപ്പോള്‍ ഒട്ടേറെ മ്ലാനമായ ചിന്തകള്‍ മനസ്സിലൂടെ പാഞ്ഞുപോയി. വാജ്പേയി മന്ത്രിസഭയില്‍ റെയില്‍വെ വകുപ്പു സഹമന്ത്രിയായിരിക്കെയാണ് ബംഗാരുവിനെ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്. ജനസംഘത്തിന്റെ കാലത്തുതന്നെ ആന്ധ്രപ്രദേശിലെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ആളായിരുന്നു അദ്ദേഹം. 1950കളില്‍ ബാലസ്വയംസേവകനാകാന് ഭാഗ്യം സിദ്ധിച്ച ലക്ഷ്മണെ ആന്ധ്രപ്രദേശിലെ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായിരുന്ന ഗോപാല്‍ റാവു ഠാക്കൂര്‍ ആണ് ജനസംഘത്തിലേക്ക് ആനയിച്ചത്. പട്ടികജാതിക്കാരനായിരുന്ന അദ്ദേഹം ജനസംഘത്തിന്റെ അടിത്തറ വികസിപ്പിക്കുന്നതില്‍ വളരെ ഉപകരിക്കുമെന്ന ദീര്ഘവീക്ഷണമയിരുന്നു ഠാക്കുര്ജിയുടെത്. ആ പ്രതീക്ഷ ശരിക്കും ഫലപ്രദമാവുകയും ചെയ്തു. കേരളത്തിലെ ജനസംഘത്തിന്റെ സംഘടനാകാര്യദര്‍ശിയെന്ന നിലയില്‍ ദേശീയസമിതി ബൈഠക്കുകളില്‍ പങ്കെടുക്കാന്‍ പോയ അവസരങ്ങളിലാണ് ബംഗാരുവുമായി കൂടുതല്‍ അടുക്കാന്‍ ഇടയായത്. അന്നദ്ദേഹം സംസ്ഥാനത്തിന്റെ കാര്യദര്ശിയായിരുന്നുവെന്നാണോര്മ്മ. ദക്ഷിണ ഭാരതത്തില്നിന്നുള്ളവരായതിനാല് ഞങ്ങള്‍ തമ്മില്‍ സ്വാഭാവികമായും അടുത്തു.
അടിയന്തരാവസ്ഥക്കുശേഷം ജനതാപാര്‍ട്ടി രൂപീകരണ സമയത്തും അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ജന്മഭൂമിയുടെ ചുമതലയുമായി ബിജെപി ദേശീയ സമ്മേളനങ്ങളില്‍ പോയിരുന്നപ്പോഴും പഴയ സൗഹൃദം പുതുക്കുമായിരുന്നു. 1984 ലെ അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പു പരാജയത്തെത്തുടര്‍ന്ന് ബിജെപിയുടെ കാര്യത്തില്‍ സമഗ്രമായ അഴിച്ചുപണി ലക്ഷ്യം വെച്ചുകൊണ്ട് അടല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം ഒരു സുദീര്‍ഘമായ ചോദ്യാവലി തയ്യാറാക്കി, അത് പ്രമുഖ പ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്ത് അവരുടെ മറുപടികള്‍ സംഭരിച്ച് അതിന്റെ വെളിച്ചത്തിലാണ് ആ പ്രക്രിയ പോയത്. ഗുജറാത്തില്‍ ഗാന്ധിനഗറില്‍ ചേര്‍ന്ന മൂന്നുദിവസത്തെ അഖിലഭാരതീയ പ്രവര്‍ത്തക സമ്മേളനത്തില്‍ സമഗ്രമായൊരു വിചാരമഥനം നടന്നു. ആ പ്രക്രിയയില്‍ സജീവമായി പങ്കെടുത്തവരില്‍ മനസ്സില്‍ തെളിഞ്ഞുവരുന്ന പേരുകളില്‍ പ്രമുഖര്‍ വെങ്കയ്യനായിഡുവും ബംഗാരുവുമായിരുന്നു. വെങ്കയ്യ അതിവാചാലനായിരുന്നെങ്കില് ബംഗാരു മിതഭാഷിയായിരുന്നെന്നുമാത്രം. മടക്കയാത്രയില്‍ ഗാന്ധിനഗര്‍ മുതല്‍ മുംബൈവരെ ഞങ്ങള്‍ ഒരു കമ്പാര്‍ട്ടുമെന്റില്‍ ആയിരുന്നു. ജനസംഘത്തിന്റെ കാലത്തെ സഹോദര നിര്‍വിശേഷമായ പ്രവര്‍ത്തക കൂട്ടായ്മ ബോധം പുതിയ അന്തരീക്ഷത്തിന്റെ മാറിമറിയലില്‍ കൈമോശം വന്നതായ അനുഭവങ്ങള്‍ ഞങ്ങള്‍ പങ്കുവെച്ചു.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ചെന്നൈയില്‍ ബിജെപിയുടെ ദേശീയസമിതി യോഗം ചേര്‍ന്നപ്പോള്‍ ജന്മഭൂമി പ്രതിനിധിയായി അവിടെ പോകാന്‍ അവസരമുണ്ടായി. അപ്പോള്‍ പല സംസ്ഥാനങ്ങളില്‍ ബിജെപി ഭരണകക്ഷിയായിക്കഴിഞ്ഞതിനാല് സമ്മേളന സ്ഥലത്തെ നിയന്ത്രണങ്ങളും സുരക്ഷയും കര്‍ക്കശമായിരുന്നു. പത്രക്കാര്‍ക്ക് യോഗസ്ഥലത്തേക്ക് പ്രവേശം അനുവദിച്ചതേയില്ല. ഉച്ചയ്ക്ക് മൂന്നുമണിക്കുള്ള പത്രസമ്മേളനത്തില്‍ മാത്രമാണ് എന്തെങ്കിലും വിവരങ്ങള്‍ അറിയാന്‍ അവസരം ലഭിച്ചത്.
അവിടെ ബംഗാരുവിനെ കാണാന്‍ അവസരമുണ്ടായത് ഉപകരിച്ചു. അദ്ദേഹം താമസിച്ച മുറിയില്‍ പോകാനും സമിതിയുടെ ചര്‍ച്ചകളുടെ ഗതി മനസ്സിലാക്കാനും അവസരമുണ്ടായി. ചെന്നൈയിലെ പ്രമുഖ സംഘപരിവാര്‍ പ്രവര്ത്തകരുമൊരുമിച്ചൊരു വിരുന്ന് സമ്മേളനം നടന്ന ഹോട്ടലില്‍ ഏര്‍പ്പാടു ചെയ്തിരുന്നു.
അതില്‍ സ്വാഭാവികമായും പത്രക്കാരെ പ്രവേശിപ്പിച്ചില്ല. പരിവാര്‍ പ്രവര്‍ത്തകരും ബിജെപി നേതാക്കന്മാരും ഉള്ളഴിഞ്ഞിടപെടുന്ന രംഗത്ത് തത്പരരായ പത്രക്കാര്‍ക്ക് കഥകള്‍ കെട്ടിച്ചമയ്ക്കാന്‍ ധാരാളം വക ഉണ്ടാവുമല്ലൊ. ടിവി ചാനലുകള്‍ ഇന്നത്തേതുപോലെ വ്യാപകമായിട്ടില്ലായിരുന്നെങ്കിലും പത്രങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ചുപിടിപ്പിക്കാന്‍ നല്ല അവസരം അതൊരുക്കുമെന്നുറപ്പാണ്. എനിക്ക് ആ വിരുന്നിന് ക്ഷണമില്ലായിരുന്നു. ബംഗാരുലക്ഷ്മണും മല്ലികാര്ജ്ജുനയ്യാ എന്ന കര്‍ണാടകത്തിലെ നേതാവും എന്നെയും അവരോടൊപ്പം കൂട്ടി. അങ്ങനെ വിളിക്കാതെ ചെന്നുകയറി ആ ബഹളത്തില്‍ ചേര്‍ന്നു. സംഘപ്രവര്‍ത്തനം മാത്രം നടത്തിയിരുന്ന പഴയകാലത്ത് തമിഴ്നാട്ടില്‍ പ്രചാരകന്മാരും മുതിര്‍ന്ന സ്വയംസേവകരുമായിരുന്ന ഒട്ടേറെപ്പേരെ ആ അവസരത്തില്‍ കാണാന്‍ കഴിഞ്ഞു. വളരെ വര്‍ഷങ്ങള്‍ക്കുശേഷമുള്ള നിനച്ചിരിക്കാത്ത ആ സമാഗമം അത്യധികം സന്തോഷം നല്കി.
ബിജെപി മുഖ്യപ്രതിപക്ഷമായിക്കഴിഞ്ഞിരുന്നു. അന്ന് മധ്യപ്രദേശില്‍ ഭരണത്തിലായിരുന്നു. രാജസ്ഥാനിലും യുപിയിലുമൊക്കെ ഭരണത്തിന്റെ പടിവാതില്‍ക്കലായിരുന്നു. വലിയ ശുഭപ്രതീക്ഷ എല്ലാവരിലും തങ്ങിനിന്നുവെന്ന് ചുരുക്കം.
1998 ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തിലെത്തിയപ്പോള്‍ പല വിഭാഗക്കാര്‍ക്കും സഹിക്കാവുന്നതിലുമപ്പുറമായി. പുതിയ സംവിധാനത്തില്‍ രാജ്യം കൈവരിച്ച ആത്മവിശ്വാസവും അന്തസ്സും അവര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതാക്കി. ആണവപരീക്ഷണവും തുടര്‍ന്നു അമേരിക്കയും സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ സാമ്പത്തികവും തന്ത്രപരവുമായ ഉപരോധങ്ങളും പുതിയ സര്‍ക്കാരിനെ പരവശമാക്കുമെന്ന് ഇവിടുത്തെ കപട മതേതരക്കാരും ഇടതുപക്ഷ രാഷ്ട്രീയക്കാരും അഭിലഷിച്ചതിന് വിരുദ്ധമായി ലോകമെങ്ങുമുള്ള ഭാരതവംശജരുടെ ഉള്ളഴിഞ്ഞ സഹകരണം നേടാന്‍ വാജ്പേയിയുടെ ആഘോഷത്തിനു കഴിഞ്ഞു. ഉപരോധത്തെ നേരിട്ടു പരാജയപ്പെടുത്താനായി സാമ്പത്തിക സഹായം നല്‍കാനുള്ള ആഹ്വാനത്തിന് ഒരുമാസത്തിനകം 16000 കോടി ഡോളറിലേറെ നല്കി പ്രവാസി ഭാരതീയര്‍ പ്രതികരണം നല്കി. അഭൂതപൂര്‍വമായ ഉണര്‍വാണ് അന്ന് ഭാരതത്തിനുണ്ടായത്. 2020 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവം മുന്‍പന്തിയിലുള്ള രാജ്യമായിത്തീരുമെന്ന പ്രതീതി ഭാരതം സൃഷ്ടിച്ചു.
ഈയവസരത്തില്‍ 2000-ാമാണ്ടില്‍ ബംഗാരുലക്ഷ്മണ്‍ ബിജെപി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പട്ടികവിഭാഗത്തില്‍ പെട്ട ഒരാള്‍ ഭരണകക്ഷിയുടെ അധ്യക്ഷനാകുകയെന്നത് പലര്‍ക്കും ദഹിക്കുമായിരുന്നില്ല. അക്കാലത്താണ് തരുണ്‍ തേജ്പാല്‍ തെഹല്‍ക എന്ന തന്റെ പ്രസ്ഥാനം ആരംഭിച്ചത്. രാഷ്ട്രീയ, വ്യാവസായിക രംഗങ്ങളില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യതകളെ ഒളിക്യാമറ വഴി പകര്‍ത്തി പ്രസിദ്ധീകരിക്കുന്ന ഹീനതന്ത്രമാണ് തരുണ്‍ തേജ്പാലും കിങ്കരന്മാരും പിന്തുടര്ന്നത്. പ്രഖ്യാപിത ബിജെപി വിരുദ്ധനായ തേജ്പാലിന്, തുറന്ന പ്രവര്‍ത്തന ശൈലി പുലര്‍ത്തിയിരുന്ന ബിജെപിയെ കുടുക്കാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ല. അയാളുടെ ഒളിക്യാമറ സംഘം പാര്‍ട്ടി പ്രസിഡന്റിനെ കണ്ട് സംഭാവന നല്‍കാനെന്ന വ്യാജേന സമീപിക്കുകയും സംഭാഷണത്തിനിടെ ഒരുലക്ഷം രൂപ കൊടുക്കുകയും ചെയ്യുന്നതിനെ ചിത്രമെടുത്ത് പ്രസിദ്ധീകരിച്ചു. കോടാനുകോടി രൂപയുടെ കൈക്കൂലി വാങ്ങുന്ന പാരമ്പര്യമുള്ള കോണ്‍ഗ്രസ് നേതൃത്വത്തോടം ബംഗാരുവിനെ കൂട്ടിത്തളച്ചുകൊണ്ട് പ്രചാരം നടത്തി പാര്‍ട്ടിയേയും സര്‍ക്കാരിനേയും തേജോവധം ചെയ്യുകയായിരുന്നു തരുണ്‍ തേജ്പാല്‍.
ഏതാനും മാസങ്ങള്‍ക്കുശേഷം തിരുവനന്തപുരത്തെ മുടവന്മുകളിലുള്ള കേന്ദ്ര ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞുവന്ന ബംഗാരുവിനെ സന്ദര്‍ശിക്കാന്‍ പോയിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രം തയ്യാറാക്കുന്നതിനുള്ള വേണ്ട രേഖകള്‍ സംഭരിക്കാന്‍ മാരാര്‍ജി സ്മൃതി മന്ദിരത്തില്‍ ചെന്നപ്പോഴായിരുന്നു പോയത്. അവിചാരിതമായി എന്നെക്കണ്ട അദ്ദേഹം തന്റെ വിഷമതകള്‍ മുഴുവന്‍ തുറന്നു പറഞ്ഞു. സംഭാവന സ്വീകരിക്കുന്നതിനായി ഖജാന്‍ജിയെ വിളിക്കുന്നതിനിടയില്‍ അവര്‍ നോട്ടുകെട്ട് തന്ന് ഫോട്ടോ എടുക്കുകയായിരുന്നത്രെ. മുഖ്യഭരണകക്ഷിയുടെ പ്രസിഡന്റ് ഒരുലക്ഷംരൂപ കൈക്കൂലിയായി വാങ്ങുകയെന്നത്, ബഫോഴ്സിന്റേയും അന്തര്‍വാഹിനിയുടേയും മറ്റും കോടികളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്ര അവിശ്വസനീയമാണ്. തരുണ്‍ തേജ്പാലും സംഘവും തങ്ങളുടെ തെഹല്‍ക്ക പ്രസ്ഥാനവുമായി ചെന്നെത്താത്ത അപചയങ്ങള്‍ക്ക് അവസാനമില്ലാതായി. ഒടുവില്‍ സ്വന്തം സ്ഥാപനത്തിലെ മകളോളം പ്രായമുള്ള ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പെട്ട് ഗോവയില്‍ ജാമ്യം പോലും കിട്ടാതെ അഴിയെണ്ണുകയാണ്. ആ വാര്‍ത്തയറിഞ്ഞ് ആശ്വാസംകൊണ്ട ശേഷമാണ് ബംഗാരുലക്ഷ്മണ്‍ യാത്രയായത്.
ഉയരങ്ങളിലേക്കെത്തുന്ന അതിസാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികൂലതന്ത്രങ്ങളുടെ ഉദാഹരണമായിരുന്നു ബംഗാരുവിന്റെ അനുഭവം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കെതിരെ നടന്നുവരുന്ന മാധ്യമവിചാരണയും തേജോവധ ശ്രമങ്ങളും അതേ പ്രവണതയെ കാണിക്കുന്നുണ്ട്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: