കൊച്ചി: കൊച്ചി കോര്‍പറേഷനുള്‍പ്പെടെ നാലു നഗരസഭകളും 27 ഗ്രാമപഞ്ചായത്തുകളും അടങ്ങിയ എറണാകുളം ലോക്സഭ മണ്ഡലം ഇക്കുറി 1130040 വോട്ടര്‍മാരുമായാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഇതില്‍ 552754 പേര് പുരുഷവോട്ടര്മാരാണെങ്കില് സ്ത്രീ വോട്ടര്‍മാര്‍ 577286 വരും. ഇന്നുകൂടി പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുള്ളതിനാല്‍ അന്തിമ വോട്ടര്‍പട്ടികയില്‍ മാറ്റമുണ്ടാകും.
2009ലെ പൊതുതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 1008696 ആയിരുന്നു. ഇതില്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത് 744869 വോട്ടര്‍മാരാണ്. ഇതില്‍ 342845 വോട്ടുകള്‍ ഐഎന്‍സി സ്ഥാനാര്‍ഥി പ്രൊഫ.കെ.വി.തോമസും 331055 വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ഥി സിന്ധുജോയിയും നേടി. ഐഎന്‍സി സ്ഥാനാര്‍ഥി 11790 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ജില്ലയില്‍ പൂര്ണമായുമുളള ഏക പാര്‍ലമെന്റ് മണ്ഡലമാണിത്. കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നിവയാണ് എറണാകുളം ലോക്സഭ മണ്ഡലത്തിലുളള നിയമസഭ മണ്ഡലങ്ങള്‍. പുരുഷ വോട്ടര്‍മാരെക്കാള്‍ 24532 വനിത വോട്ടര്‍മാര്‍ മണ്ഡലത്തില്‍ എണ്ണത്തില്‍ മുന്നിലാണ്. കഴിഞ്ഞതവണ ഈ അന്തരം 11642 ആയിരുന്നു.
പഴയ ആലുവ മണ്ഡലം വിഭജിച്ചാണ് കളമശേരി മണ്ഡലമുണ്ടാക്കിയത്. ആലങ്ങാട്, ഏലൂര്‍,പഞ്ചായത്തുകളും കളമശേരി നഗരസഭയും അടങ്ങിയതാണ് കളമശേരി നിയമസഭ മണ്ഡലം. വോട്ടര്‍മാര്‍ ആണ്-82632 പെണ്-85842 ആകെ 168474.
വടക്കന്‍ പറവൂര്‍ മണ്ഡലം പഴയ പേരു നിലനിര്‍ത്തിയെങ്കിലും അതിരുകളില്‍ കാര്യമായ മാറ്റമുണ്ടായി. ആലുവയുടെ ഭാഗമായിരുന്ന വരാപ്പുഴ പഞ്ചായത്ത് വടക്കന്‍ പറവൂരിന്റെ ഭാഗമായി. വടക്കേക്കരയെന്ന മണ്ഡലം തന്നെ അപ്രത്യക്ഷമായപ്പോള്‍ വടക്കേക്കര, പുത്തന്‍വേലിക്കര പഞ്ചായത്തുകള്‍ പറവൂരിന്റെ ഭാഗമായി. ചേണ്ടമംഗലം, ചിറ്റാറ്റുകര, ഏഴിക്കര കോട്ടുവളളി എന്നിവയാണ് മണ്ഡലത്തിലുളള മറ്റു പഞ്ചായത്തുകള്‍. പറവൂര്‍ നഗരസഭയും മണ്ഡത്തിലാണ്. വോട്ടര്‍മാര്‍ ആണ് – 84244, പെണ്- 88789, ആകെ-173033. 17781 വോട്ടര്‍മാര്‍ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതലായുണ്ട്.
പഞ്ചായത്തുകള്‍ മാത്രമടങ്ങിയ നിയമസഭ മണ്ഡലമാണ് വൈപ്പിന്‍. മുന്‍ ഞാറയ്ക്കല്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പഞ്ചായത്തുകളെല്ലാം വൈപ്പിനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിനു പുറമെ പഴയ എറണാകുളം മണ്ഡലത്തിലായിരുന്ന മുളവുകാട് പഞ്ചായത്ത് വൈപ്പിനില്‍ ചേര്‍ക്കപ്പെട്ടു.
നഗരസഭകളൊന്നുമില്ലെങ്കിലും രണ്ടു താലൂക്കുകളുടെ കീഴിലുളള പ്രദേശങ്ങളാണ് മണ്ഡലത്തിലേത്. കണയന്നൂര്‍ താലൂക്കില്‍പെടുന്ന കടമക്കുടി, മുളവുകാട് പഞ്ചായത്തുകളും കൊച്ചി താലൂക്കിലെ എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിളളി, നായരമ്പലം, ഞാറയ്ക്കല്‍, പളളിപ്പുറം പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുളളത്. വോട്ടര്‍മാര്‍ ആണ്-74982, പെണ്-78529, ആകെ-153511. കഴിഞ്ഞതവണത്തേക്കാള്‍ 13644 വോട്ടര്‍മാരാണ് കൂടുതല്‍.
കൊച്ചി നഗരസഭയിലെ 17 ഡിവിഷനുകളും കൊച്ചി താലൂക്കിലെ കുമ്പളങ്ങി ചെല്ലാനം പഞ്ചായത്തുകളും അടങ്ങിയതാണ് കൊച്ചി നിയമസഭ മണ്ഡലം. കൊച്ചി വന്നതോടെ സംസ്ഥാനത്തെ ഏറ്റവും ചെറിയ മണ്ഡലമായിരുന്ന മട്ടാഞ്ചേരി ഇല്ലാതായിരുന്നു. മുന്‍ പളളുരുത്തി മണ്ഡലത്തിന്റെ ഭാഗങ്ങളായിരുന്നു കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകള്‍. വോട്ടര്‍മാര്‍ ആണ്- 77199,പെണ്- 80758,ആകെ- 157957. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 16278 വോട്ടര്‍മാര്‍ ഇവിടെ കൂടുതലായുണ്ട്.
തൃപ്പൂണിത്തുറ, മരട് നഗരസഭകള്‍, കൊച്ചി കോര്‍പ്പറേഷനിലെ 11 മുതല്‍ 18 വരെയുളള ഡിവിഷനുകള്‍, കുമ്പളം, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തുകളും അടങ്ങിയതാണ് തൃപ്പൂണിത്തുറ. മുന്‍ പളളുരുത്തിയുടെ ഭാഗമായിരുന്നു കുമ്പളം, മരട് തദ്ദേകസ്ഥാപനങ്ങള്. കൊച്ചി, കണയന്നൂര്‍ താലൂക്കുകളുടെ പരിധിയില്‍ വരുന്നതാണ് മണ്ഡല പ്രദേശങ്ങള്‍. (വോട്ടര്‍മാര്‍ ആണ്- 85810, പെണ്- 89502, ആകെ – 175312. കൂടുതല്‍ വോട്ടര്‍മാരുടെ എണ്ണം 16420.
ഒരു പഞ്ചായത്തും കൊച്ചി നഗരസഭയിലെ 22 ഡിവിഷനുകളും അടങ്ങിയതാണ് എറണാകുളം നിയമസഭ മണ്ഡലം. പഴയ തൃപ്പൂണിത്തുറയുടെ ഭാഗമായിരുന്ന ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്താണ് എറണാകുളത്തേക്കു വന്നത്. എറണാകുളത്തുണ്ടായിരുന്ന മുളവുകാട് വൈപ്പിനിലേക്കും പോയി. കൊച്ചി കണയന്നൂര്‍ താലൂക്കതിര്ത്തികള്ക്കുളളിലാണ് മണ്ഡലം. വോട്ടര്‍മാര്‍ ആണ് – 68754, പെണ് – 70876, ആകെ -139630. 17775 വോട്ടര്‍മാര്‍ മണ്ഡലത്തില്‍ പുതുതായുണ്ട്.
പഴയ തൃപ്പൂണിത്തുറ വിഭജിച്ച് പുതുതായി രൂപം കൊണ്ടതാണ് തൃക്കാക്കര. തൃക്കാക്കര നഗരസഭയ്ക്കൊപ്പം കൊച്ചി നഗരസഭയിലെ 16 ഡിവിഷനുകളും അടങ്ങിയതാണ് പുതിയ മണ്ഡലം. പഴയ തൃപ്പൂണിത്തുറ മണ്ഡലത്തിലായിരുന്ന ചേരാനല്ലൂര്‍ പഞ്ചായത്ത് തൃക്കാക്കരയില്‍ നിന്ന് വേര്പെടുത്തിയിട്ടുമുണ്ട്. വോട്ടര്‍മാര്‍ ആണ് – 79133 പെണ് – 82990, ആകെ -162123. കഴിഞ്ഞതവണത്തേക്കാള്‍ 17612 പുതിയ വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: