പാട്ന: തെരഞ്ഞെടുപ്പ് അടുത്തതോടെ ലാലുപ്രസാദ് യാദവിന്റെ ആര്.ജെ.ഡിയില്‍ കലാപം കത്തിപ്പടരുന്നു.90 മുതല്‍ ലാലുവിന്റെ വലംകൈയായിരുന്ന രാം കൃപാല്‍ യാദവ് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചു. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും വൈകാതെ അതുമുണ്ടാകുമെന്നാണ്സൂചന.
ലാലുവിന്റെ ഭാര്യ രാബ്റി ദേവിക്കും മകള്‍ മിസ ഭാരതിക്കും സീറ്റുകള്‍ നല്‍കിയതിനെത്തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറിയാണ് യാദവിന്റെ രാജിക്കു പിന്നിലും. യാദവ് നോട്ടമിട്ടിരുന്ന മണ്ഡലമാണ് പാടലീപുത്രം.
രാം കൃപാല്‍ യാദവിനെ തഴഞ്ഞ് മൂത്ത മകള്‍ മിസ ഭാരതിയെ ഇവിടെ മല്‍സരിപ്പിക്കാന്‍ ലാലു തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ്രാജി. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചെങ്കിലും രാജ്യസഭാംഗത്വം ഉപേക്ഷിച്ചിട്ടില്ല. 2009ല്‍ ലാലു മല്‍സരിച്ച് രഞ്ജന്‍ യാദവിനോട് പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് തോറ്റ മണ്ഡലമാണ്പാടലീപുത്രം.
27 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കി അത് ലാലു വായിക്കുകയായിരുന്നു.
സ്ഥാനാര്‍ഥിയാകാന്‍ മോഹിച്ചിരുന്ന പലര്‍ക്കും സീറ്റ്കിട്ടിയില്ല. ലാലുവിന്റെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന്രാംകൃപാല് യാദവ് ആരോപിച്ചു.
രാം കൃപാല്‍ യാദവ് ബി.ജെ.പി പിന്തുണയോടെ പാടലീപുത്രത്തിലോ മഥേപുരയിലോ മല്സരിച്ചേക്കുമെന്നാണ്സൂചന. രാംകൃപാല്‍ യാദവിനൊപ്പം എം.എല്‍.സിയായ നവല്‍ കിഷോര്‍ യാദവും പാര്‍ട്ടിക്കെതിരെ തിരിഞ്ഞിട്ടുണ്ട്.
രാം കൃപാല്‍ യാദവിന്റെ എതിര്‍പ്പ് കണക്കിലെടുത്ത് താന്പിന്മാറാമെന്ന് മിസ പറഞ്ഞു. ദല്‍ഹിക്കു പറന്ന യാദവ് ഇതുകേട്ട് പെട്ടെന്ന് മടങ്ങിയെത്തി. എന്നാല്‍ മിസ പിന്മാറാന് ലാലു സമ്മതിച്ചില്ല. പാതി വഴിക്ക് കുതിരയെ മാറാനാവില്ലെന്നാണ് ലാലു പറഞ്ഞത്.
അയാള്‍ ഈ സീറ്റിനോട് ഒരിക്കലും താല്പര്യം പ്രകടിപ്പിച്ചില്ല. മാത്രമല്ല ആ സീറ്റ് മിസക്ക് മാറ്റിവച്ചതാണെന്ന് അയാള്‍ക്ക് അറിയുകയും ചെയ്യാമായിരുന്നു..ലാലു പറയുന്നു. നിക്ഷിപ്ത താല്പര്യക്കാര് പ്രശ്നം ഉണ്ടാക്കുകയാണെന്നും രാം കൃപാല്‍ യാദവ് പാര്‍ട്ടിയെ ചതിക്കുമെന്ന്താന്കരുതുന്നില്ലെന്നും ലാലു പറഞ്ഞു.
പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും തഴഞ്ഞ് ലാലു കുടുംബാംഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് പാര്‍ട്ടി നേതാവ് ഗുലാം ഗൗസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: