ശ്രീനാരായണ ഗുരുദേവന് രചിച്ച പ്രാര്‍ത്ഥനാഗീതമായ ദൈവദശകത്തെ പത്ത് മന്ത്രങ്ങളുള്ള ഉപനിഷത്തായി പണ്ഡിതന്മാര് വിശേഷിപ്പിക്കുന്നു.
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന’ ഭാരതത്തിന്റെ ദേശീയഗാനമായും ബങ്കിംചന്ദ്രചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന നോവലിലെ ‘വന്ദേമാതരം’ ദേശീയഗീതമായും അംഗീകരിച്ചതുപോലെ ശ്രീനാരായണഗുരുദേവന്റെ ‘ദൈവദശകം’ ഭാരതത്തിന്റെ ദേശീയ പ്രാര്‍ത്ഥനാഗീതമായി അംഗീകരിക്കുവാനുള്ള പ്രാരംഭനടപടിക്രമങ്ങള്‍ കേന്ദ്രഭരണ സിരാകേന്ദ്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷം നടന്ന 81-ാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ ‘ദൈവദശക’ത്തിന്റെ രചനാ ശതാബ്ദി ആഘോഷത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യുകയുണ്ടായി. ‘ദൈവദശകം’ ഒമ്പത് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്ത സമാഹാരകൃതി കേന്ദ്രമന്ത്രി ശശി തരൂര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
പ്രാര്‍ത്ഥനാ രംഗത്ത് ഗുരുവരുത്തിയ ഒരു മാറ്റത്തിന്റെ ധ്വനിയാണ് ‘ദൈവദശകം’. ഈ കൃതിയുടെ അകപ്പൊരുളിലേക്കും ആഴങ്ങളിലേക്കും കടക്കുമ്പോള്‍ അതിലെ കോടി സൂര്യപ്രഭ നമ്മെ വിസ്മയരാക്കും. ദൈവദശകത്തില്‍ ‘ആര്യന്’ ‘ഭഗവാന്’ ‘മഹാദേവന്’ ‘ചിദാനന്ദന്’ എന്നീ വിശേഷണങ്ങളോടെ ദൈവത്തെ സ്മരിക്കുന്നു.
പ്രാര്‍ത്ഥന വ്യക്തിനിഷ്ഠമാകുമ്പോള് അവിടെ സാര്വജനകീയമായ സാമൂഹ്യാന്തരീക്ഷം, കൂട്ടായ്മ രൂപപ്പെടുന്നു.
ദൈവമേ കാത്തുകൊള്‍കങ്ങ്; കൈവിടാതിങ്ങു ഞങ്ങളെ
നാവികന് നീ ഭവാബ്ധിക്കൊരാവിവന്‍ തോണി നിന് പദം.
“ദൈവമേ….” ശരണാഗതനായി നെഞ്ചോട് കൈചേര്‍ത്തു നാം വിളിക്കുമ്പോള്‍ ആത്മീയമായ സാന്ത്വനം അനുഭവപ്പെടുന്നു. അതിലളിതമായി തോന്നുന്ന ഈ പ്രാര്‍ത്ഥനയില്‍ അദൃശ്യമെന്നോണം അദ്വൈതസിദ്ധാന്തത്തെ ഗുരുദേവന് അതിസൂക്ഷ്മമായി എള്ളില്‍ ഏഴാഴി എന്നോണം ഒതുക്കി വെച്ചിരിക്കയാണ്. അനുഷ്ടുപ്പ് വൃത്തത്തില്‍ രചിക്കപ്പെട്ട ഈ കൃതി മലയാളത്തിലെ ആദ്യ ബാലസാഹിത്യകൃതിയായും അറിയപ്പെടുന്നു. ശിവഗിരി സന്ദര്‍ശിച്ച പുന്നശേരി നമ്പി നീലകണ്ഠ ശര്‍മ്മ ശിവഗിരിയിലെ ചില ഹരിജന്‍ ബാലന്മാര് ഭക്തിനിര്‍ഭരമായി ആലപിക്കുന്നത് കേട്ടപ്പോള്‍ ഇതാര് രചിച്ചു എന്നു ചോദിച്ചു. നാം കുട്ടികള്‍ക്ക് പ്രാര്‍ത്ഥനക്കായി എഴുതികൊടുത്തതാണെന്ന് ഗുരുദേവന് മറുപടി പറഞ്ഞു.
ഏതുമതത്തില്‍ പെട്ട ആര്‍ക്കും അവനവന്റെ ദൈവത്തെ ഈ പ്രാര്‍ത്ഥനയിലൂടെ വാഴ്ത്തി സ്തുതിക്കാം. ഈ കൃതി പഠിക്കാനൊരുങ്ങുമ്പോള്‍ ഇതിനെ ദര്‍ശനമായും പ്രാര്‍ത്ഥനയായും ശാസ്ത്രമായും ഒരേ സമയത്ത് കാണാന്‍ ശ്രമിക്കണം. താന്‍ സാക്ഷാത്കരിച്ച പരമസത്യത്തെയാണ് ഗുരു ഈ കൃതിയില്‍ ദൈവം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
നാമരൂപത്തിലൂടെ ഒരു പ്രത്യേക പേരുപറയാതെ എല്ലാവര്ക്കും സ്വീകാര്യമായ “ദൈവമേ….” എന്നുമാത്രമാണ് ഗുരു സംബോധന ചെയ്യുന്നത്.
ഗുരു ദൈവം ആരാണെന്ന് പറഞ്ഞില്ല. ദൈവം അറിവാണെന്നും അതറിയാന്‍ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്ന് ആദ്യ ശ്ലോകം വ്യക്തമാക്കുന്നു. മായയാകുന്ന സംസാര സാഗരത്തില്‍നിന്നും രക്ഷപ്പെടാന്‍ ദൈവത്തോട്; അങ്ങ് കാത്തുകൊള്‍ക എന്നപേക്ഷിക്കുന്നു. കൈവിടാതിങ്ങു ഞങ്ങളെ ദൈവം നമ്മുടെ വിരല്‍ തുമ്പില്‍ പിടിച്ചിരിക്കയാണ്. ഇവിടെയും ദൈവത്തിന്റെ നിന്‍പദം തന്നെയാണ് ആശ്രയം.
ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ നിന്നിടും ദൃക്ക് പോലുള്ളം; നിന്നിലസ്പന്ദമാകണം.
പ്രപഞ്ചം ഒരു ബോധവസ്തുവിന്റെ അനുഭവം ഉളവാക്കുന്നു. എല്ലാ പ്രപഞ്ചാനുഭവങ്ങളും വാസനാ രൂപത്തില്‍ ലയിച്ചു കിടക്കുന്നു. ദൃക്് ഏകവും ദൃശ്യം അനേകവുമാണ്. മായാദൃശ്യങ്ങളെ ഒഴിച്ചു മാറ്റുക. ഒന്നൊന്നായി എണ്ണി എണ്ണി മാറ്റി പൊരുള്‍ കണ്ടെത്താന്‍ ഗുരു പറയുന്നു. മനസ്സിനെ മായയില്‍ നിന്നും മോചിപ്പിക്കുക. പ്രപഞ്ചം ബോധമനസ്സിന്റെ സങ്കല്‍പ്പം മാത്രമാണ്. മനസ്സിനെ അസ്പന്ദമാക്കിയാല് പരബ്രഹ്മമായ ദൈവത്തില്‍ അലിഞ്ഞു ചേരാം.
അന്നവസ്ത്രാദി മുട്ടാതെ; തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങള്‍ക്ക് തമ്പുരാന്
നാം ദൈവത്തിന്റെ സംരക്ഷണത്തിലാണ് ഗുരു ഓര്‍മപ്പെടുത്തുന്നു. അന്നവും വസ്ത്രവും പാര്‍പ്പിടവും മറ്റും നല്‍കുന്നത് ഈശ്വരനാണോ എന്ന ചോദ്യമുയരാം. ഭക്ഷ്യസാധനങ്ങളായ ധാന്യവും ഫലമൂലാദികളും മറ്റും ഉല്‍പ്പാദിപ്പിക്കുന്നതില്‍ മനുഷ്യന്റെ പങ്ക് എത്ര ചെറുതാണ്.
അന്നം ബ്രഹ്മമാണെന്ന് തൈത്തിരിയോപനിഷത്തിലെ വാക്യം ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. അന്നവും വസ്ത്രവും മനുഷ്യസമൂഹത്തിന് മാത്രമല്ല; പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. ജന്തുക്കള്‍ക്ക് ചൂടും തണുപ്പും സഹിക്കാന്‍ ദൈവം നല്കിയ രോമകുപ്പായവും; വൃക്ഷങ്ങള്‍ക്ക് നല്കിയ കട്ടിയുള്ള സംരക്ഷണതോലും ഒക്കെ ദൈവത്തിന്റെ അനുഗ്രഹം തന്നെയാണ്.
ആഴിയും തിരയും കാറ്റും; ആഴവും പോലെ ഞങ്ങളും
മായയും നിന് മഹിമയും; നീയുമെന്നുള്ളിലാകണം
ദൈവം അദൃശ്യനാണെങ്കിലും ദൈവമാണ് പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്നാധാരം.
കടലില്‍ തിര; നുര; കാറ്റ്, ആഴം ഇവ ഒത്തുചേര്‍ന്നു വര്‍ത്തിക്കുന്നു. അതുപോലെ ദൈവവും ദൈവനാമത്തില്‍ ജീവജാലങ്ങളില്‍ കുടികൊള്ളുന്ന പ്രാണനും ദൈവശക്തിയായ മായയും ഇഴപിരിയാതെ ഒത്തുചേരുന്നു. പ്രപഞ്ച പ്രതിഭാസങ്ങളില്‍. ആ പ്രപഞ്ചം സൃഷ്ടിക്കാനാവശ്യമായ സാമഗ്രികളും പ്രപഞ്ചവും എല്ലാം ആ സത്യത്തിന്റെ ഭാഗം തന്നെയാണ്. ദൈവം ഒന്നേയുള്ളൂ. ദൈവം പലതുമുണ്ടെന്ന ധാരണ മാറ്റി പലതിനെ ഒന്നായിക്കാണുവാനുള്ള വഴി തെളിയുന്നു.
മായ എന്നത് അദ്വൈത വേദാന്തത്തിലെ ഒരു സാങ്കേതിക പദമാണ്. സമുദ്രത്തില്‍ നിന്നും തിരകളുണ്ടാകുന്നു. തിരകളുണ്ടാകാന്‍ കാരണം കാറ്റാണ്. കാറ്റും സമുദ്രത്തില്‍ തന്നെ ഉണ്ടാകുന്നതാണ്. ദൈവശക്തിയായ മായയെ ജലത്തിനോടാണ് സാമ്യപ്പെടുത്തിയിരിക്കുന്നത്.
നീയല്ലൊ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയൊല്ലൊ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും സര്‍വം ഖല്വിദം ബ്രഹ്മ എന്ന ഉപനിഷദ് മന്ത്രം തന്നെയാണ് ഈ ശ്ലോകം.
ശങ്കരാചാര്യര്‍ അവതരിപ്പിച്ച അദ്വൈത വേദാന്തം തന്നെയാണ് ശ്രീനാരായണഗുരു മൂല്യ നവീകരണം ചെയ്തവതരിപ്പിച്ചത്.
പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സൃഷ്ടിയെന്ന ക്രിയയും സൃഷ്ടിക്കപ്പെട്ടവയായ വസ്തുവും സൃഷ്ടിക്കാന്‍ ഉപയോഗിച്ച സാമഗ്രികളും ദൈവമേ….നീ തന്നെയാണ്. ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിനുത്തരം ഈ ശ്ലോകത്തിലുണ്ട്.
കുടമുണ്ടാക്കാന്‍ മണ്ണ് വേണം. കുടുമുണ്ടാക്കാനറിയുന്ന കുശവനും വേണം. ഇവിടെ കുടം കാര്യവും; മണ്ണും കുശവനും ഉപകരണങ്ങളും കാരണവുമാണ്.
നീയല്ലൊ മായയും മായാവിയും മായാ വിനോദനും
നീയല്ലൊ മായയെ നീക്കി സായൂജ്യം നല്കുമാര്യനും
ദൈവമേ….ഈ പ്രപഞ്ചസൃഷ്ടിക്ക് കാരണമായ പരബ്രഹ്മം അങ്ങുതന്നെയാണല്ലോ. ഈ കാണുന്ന മായാവിയും മായാവിനോദനും നീ തന്നെ. ഒടുവില്‍ ഈ മായാമോഹവലയത്തില് നിന്നും നമ്മെ മോചിപ്പിക്കുന്നു. പിന്നീട് മോക്ഷത്തിലേക്ക് നയിക്കുന്നു.
മായയെ സംബന്ധിച്ച് സംശയത്തിന്റെ മറനീക്കിയാല്‍ പിന്നെ മായികനായ ദൈവത്തെ മാത്രമേ കാണാനാവൂ. സത്യത്തിന് മറ നിര്‍മിക്കുകയാണ് മായയുടെ ജോലി.
പാറപ്പുറത്ത് വീണ വിത്തും കൃഷിഭൂമിയില്‍ വീണ വിത്തും മുളയ്ക്കുന്നു. ആരാണ് ഇവ രണ്ടിനും സംരക്ഷണം നല്‍കുന്നത്.
ബ്രഹ്മം സച്ചിതാനന്ദമാണ്. യാതൊന്നും ഇല്ലാത്തതാണോ അതാണ് മായ. യുക്തിക്ക് വിലയിരുത്തുവാന്‍ കഴിയാത്ത കാഴ്ചയാണ് മായ. ജഗത്തിനെ ഉണ്ടാക്കിയും ഇല്ലാതാക്കിയും കാണിക്കുന്നത് മായയാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് നാം ഈ ലോകത്തെ അറിയുന്നത്. പ്രകാശത്തെ ദൃശ്യമാക്കുന്ന ഒരു ശക്തി ഇതിന് പുറകിലുണ്ട്.
നീ സത്യം, ജ്ഞാനമാനന്ദം; നീ തന്നെ വര്‍ത്തമാനവും
ഭൂതവും, ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
നാം ശരീരമല്ല; അറിവാകുന്നു, ശരീരമുണ്ടാകുന്നതിന് മുമ്പും അറിവായി നാം ഇവിടെ ഉണ്ടായിരുന്നു. ഇനി ഇതൊക്കെ ഇല്ലാതെ പോയാലും നാം ഇപ്രകാരം അറിവായിത്തന്നെ പ്രകാശിച്ചുകൊണ്ടിരിക്കും. ഗുരുദേവന്റെ വാക്കുകള്‍ തന്നെയാണ് ഈ ശ്ലോകത്തിന്റെ ആന്തരാര്‍ത്ഥം.
സത്യവും അറിവും ആനന്ദവും അതുപോലെ വര്‍ത്തമാന ഭൂത ഭാവിയും അങ്ങയുടെ സൃഷ്ടി തന്നെ. അതുപോലെ ഞങ്ങള്‍ പറയുന്ന വാക്കും അതിന്റെ അര്‍ത്ഥവും ചിന്തിക്കുമ്പോള്‍ അവിടുന്നു തന്നെയാണെന്നറിയുന്നു.
ദൈവം സത്യമാണ്. മാറ്റമില്ലാത്ത നിലനില്‍പ്പാണ് സത്യം. ദൈവം ജ്ഞാനമാണ്. ദൈവം ആനന്ദമാണ്; സര്‍വവ്യാപിയാണ്.
അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനെ ജയിക്കുക
അകത്തും പുറത്തും ദൃക്കായും ദൃശ്യമായും ഇടതിങ്ങി അങ്ങയുടെ പ്രകാശമയമായ സ്വരൂപം നിറഞ്ഞുനില്‍ക്കുകയാണ്. അവിടുത്തെ തേജോമയമായ പാദങ്ങളെ ഞങ്ങള്‍ വാഴ്ത്തുന്നു.
ദൈവം എവിടെയാണെന്നുള്ള ചോദ്യത്തിന് സര്വവ്യാപിയെന്നതിന് പകരം അകവും പുറവും നിറഞ്ഞുനില്ക്കുന്നതായി പറയുന്നു. നാം ദൈവത്തില്‍ ലയിക്കുമ്പോള്‍ മാത്രമേ അകവും പുറവും ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയുള്ളൂ. ഈശാവാസ്യമിദം സര്‍വം. ഈ കാണുന്നതൊക്കെ ഈശ്വരനാല്‍ ആവൃതമാകുന്നു.
ജയിക്കുക മഹാദേവ ദീനാവന പരായണ
ജയിക്കുക ചിദാനന്ദ ദയാസിന്ധോ ജയിക്കുക
രോഗദുരിത ദുഃഖപീഡകളിലും മറ്റും പെട്ടുഴലുന്ന ഞങ്ങളെ രക്ഷിക്കുന്നതില്‍ സദാ മുഴുകിയിരിക്കുന്ന മഹാദേവനും ദയാസിന്ധുവുമായ ചിത് സ്വരൂപനായ ഹേ ഭഗവാന് അങ്ങയെ സ്തുതിക്കുന്നു. ഈശ്വരനാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരുപകരണം മാത്രമാണ് ഈ ശരീരമെന്ന തിരിച്ചറിവുണ്ടായിരിക്കണം.
ആഴമേറും നിന് മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം.
ഏതു മതസ്ഥര്‍ക്കും സ്വീകാര്യമായ ദൈവദശകത്തിലെ ഒടുവിലത്തെ ശ്ലോകം പര്യവസാനിക്കുന്നത് ശാശ്വതസുഖത്തെ ഉദ്ഘോഷിച്ചുകൊണ്ടാണ്. ആ ആത്മജ്യോതിസ്സില്‍; അങ്ങയുടെ ജ്യോതിസ്സാകുന്ന കടലില്‍ ഞങ്ങള്‍ അലിഞ്ഞലിഞ്ഞ് ചേര്‍ന്ന് വിലയം പ്രാപിക്കണം. ഞങ്ങള്‍ ആകവേയാഴണം.
ദൈവദശകം സാര്‍വലൗകിക പ്രാര്‍ത്ഥനയാണ്. ലോകാഃസമസ്താ സുഖിനോ ഭവന്തുഃ എന്ന വേദ ദര്‍ശനത്തിലെ യഥാര്‍ത്ഥ രൂപമാണ്.
ഗാന്ധിജി ശിവഗിരിയില്‍ താമസിച്ച ഒരു ദിവസം: ശാരദാമഠത്തിലെ പൂജാ സമയത്ത് ദൈവദശകം പ്രാര്‍ത്ഥനയായി കുട്ടികള്‍ ചൊല്ലിയപ്പോള്‍: ഇതിന്റെ അര്‍ത്ഥം ചോദിച്ചറിഞ്ഞ ഗാന്ധിജി; ശ്രീനാരായണ ഗുരുവാണ് ഈ പ്രാര്‍ത്ഥന എഴുതിയെന്നറിഞ്ഞപ്പോള് വളരെ സന്തുഷ്ടി പ്രകടിപ്പിച്ചു.
ഗുരുദേവന്റെ ഏതു കൃതിയേക്കാളും ജനഹൃദയങ്ങളില്‍ സദാ വിലസുന്ന കൃതിയാണ് ദൈവദശകം ഈശോവാസ്യോപനിഷത്തിനും ഗായത്രിക്കും ശേഷമുള്ള സാര്‍വജനീന പ്രാര്‍ത്ഥനയായിട്ടാണ് ഗുരു നിത്യചൈതന്യയതി ദൈവദശകത്തെ വിലയിരുത്തുന്നത്.
ദൈവദശകം പ്രത്യക്ഷത്തില്‍ ലളിതമാണെങ്കിലും ഉപനിഷദ്സമാനമായ ദര്‍ശനമാണ്. ദൈവം എന്ന പദം ഏതു മതസ്ഥനും ഉപയോഗിക്കാവുന്നതാണ്. ഇത് ഗുരുവിന്റെ അദ്വൈതവേദാന്തവും വിശ്വമാനവികതയും വെളിപ്പെടുത്തുന്ന ശ്രേഷ്ഠകൃതിയാണ്.
ഭാഗ്യശീലന്‍ ചാലാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: