പ്രേമം ശരീരത്തിലേക്കും പ്രണയം ഹൃദയത്തിലേക്കും നോക്കുന്നു എന്നൊരു കാവ്യഭാവനയുണ്ട്. അതിന്റെ നേരറിവുകളിലേക്ക് പോകാന്‍ കഴിഞ്ഞാല്‍ അത് മനസ്സിലാക്കാം. അത് ഇന്നത്തെ കാലത്ത് നടക്കുമോ എന്നല്ലേ നിങ്ങള്‍ ചോദിക്കാന്‍ വരുന്നത്. നടക്കും, തീര്‍ച്ചയായും എന്നു തന്നെ മറുപടി. അങ്ങനെ സംഭവിക്കില്ല എന്നു തന്നെയാണ് വീണ്ടും പറയാന്‍ ഒരുങ്ങുന്നതെങ്കില്‍ ദയവായി ഈ വാര്‍ത്ത വായിക്കുക. നമ്മുടെ പൊന്നുണ്ണിക്കണ്ണന് ഓടിക്കളിക്കുന്ന നാട്ടില്‍ നടന്ന സംഭവമാണ്. മാര്‍ച്ച് 04ലെ മലയാള മനോരമയില്‍ ആ വാര്‍ത്ത നിങ്ങള്‍ക്ക് ഇങ്ങനെ വായിക്കാം: പ്രണയിനിയുടെ മുഖകാന്തി മറഞ്ഞതു പ്രണയത്തിന്റെ ശക്തിക്കും സൗന്ദര്യത്തിനും തടസ്സമായില്ല. അപകടത്തില്‍ മുഖം തകര്‍ന്ന കൂട്ടുകാരിയെ ജീവിത സഖിയാക്കി ജയപ്രകാശ് മാതൃകയായി.
ഇരിങ്ങാലക്കുടക്കാരി സുനിത(28)യും കോയമ്പത്തൂരിലെ സുളൂര്‍ സ്വദേശി ജയപ്രകാശും (29) പഠനകാലത്തെ പരിചയക്കാരാണ്. ജയപ്രകാശില്‍ മൊട്ടിട്ട പ്രണയത്തെ സുനിത തള്ളിക്കളഞ്ഞില്ലെങ്കിലും മുന്‍കൈ എടുത്തില്ല. ജീവിത വഴിയില്‍ അവര്‍ രണ്ടു ദിക്കിലായി. ഒരാള്‍ കലാലയത്തില്‍ അധ്യാപകന്. മേറ്റ്യാള്‍ ബാംഗ്ലൂര്‍ ഐബിഎമ്മില്‍ ബിപിഒ. 2011 ഓഗസ്റ്റിലെ ഒരപകടത്തില്‍ സുനിതയുടെ ജീവിതം മാറി മറിഞ്ഞു. കാറപകടത്തില്‍ മുഖം പാറയിലിടിച്ച് വികൃതമായി. ഇന്റര്‍നെറ്റിലെ കൂട്ടായ്മ വഴി ലഭിച്ചതടക്കം 23 ലക്ഷം രൂപ ചെലവഴിച്ച് ചികിത്സ. വിവരം ഇന്റര്‍നെറ്റ് വഴി തന്നെ ജയപ്രകാശ് അറിഞ്ഞു.
ആശുപത്രിയിലെത്തിയ അയാളുടെ സാന്നിധ്യം സുനിതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു. നീണ്ട ചികിത്സക്കുശേഷം ജീവിതം ഒരുവിധം സാധാരണ നിലയിലെത്തി. അപ്പോള്‍ തന്റെ പ്രണയപ്പൂക്കാലത്തിലേക്ക് ജയപ്രകാശ് സുനിതയെ ക്ഷണിച്ചു. ഇരുവീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെ വിവാഹം നടന്നു. അതിന് മനോരമ കൊടുത്ത തലക്കെട്ട് ഇങ്ങനെ: മനസ്സില്‍ പതിഞ്ഞ മുഖം കണ്ണാടിയായി, പ്രണയത്തിലവര്‍ ഒന്നായി. മനോരമ പക്ഷേ, ഇരുവരുടെയും ചിത്രം കൊടുത്തില്ല. പിറ്റേന്നത്തെ മാതൃഭൂമിയില്‍ വാര്‍ത്തയ്ക്കൊപ്പം ചിത്രം. അതു കാണുമ്പോള്‍ വാസ്തവത്തില്‍ ജയപ്രകാശിന്റെയുള്ളിലെ ആര്‍ദ്രമായ, ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രണയപ്പൂക്കാലം നമുക്കു കാണാം. ആ ദമ്പതികള്‍ നന്മയുടെ അസംഖ്യം പൂമ്പാറ്റകളെ പറത്തിവിടുന്നത് കാണാം. ഇനി പറയൂ പ്രേമം ശരീരത്തിലേക്കും പ്രണയം ഹൃദയത്തിലേക്കുമല്ലേ നോക്കുന്നത്.
തികഞ്ഞ സാധാരണക്കാരനായ ജയപ്രകാശിന്റെ ഹൃദയവിശാലതയില്‍ നിന്ന് നമുക്ക് ബഹുകേമനായ ഒരു രാഷ്ട്രീയ നേതാവിലേക്ക് വരാം. ഓര്‍മ്മയില്ലേ എന്‍.ഡി. തിവാരിയെന്ന മാന്യനെ. മഹാത്മാഗാന്ധിയുടെ ആശയസമ്പന്നതയുടെ വഴിയെയാണ് താനെന്ന് ഊറ്റംകൊണ്ട ആ മാന്യന് സ്വപുത്രനെ തള്ളിപ്പറഞ്ഞത് ഓര്‍മ്മയുണ്ടോ? ഗവര്‍ണര്‍ ഭവനില്‍ നടന്ന ചില നീല സംഭവങ്ങളും ഇതിനൊപ്പം ഒന്ന് ഓര്‍ത്തുവെക്കുക. ഉജ്വല്‍ ശര്‍മ്മ എന്ന വനിതയുടെ മകനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നെഞ്ചത്തടിച്ചു പറഞ്ഞ വിദ്വാന് നിയമത്തിന്റെ സകല വഴികളിലൂടെയും സഞ്ചരിച്ചു. ഒരിടത്തുനിന്നും രക്ഷകിട്ടാതെ വന്നപ്പോള്‍ ഒടുവില്‍ ഇതാ സാഷ്ടാംഗ നമസ്കാരം നടത്തുന്നു. എന്നിട്ട് ഇങ്ങനെ പറയുന്നു: ഇവന് എന്റെ പ്രിയപുത്രന്. മാര്‍ച്ച് 4ലെ മനോരമ വാര്‍ത്ത തുടങ്ങുന്നത് ഇങ്ങനെ: വര്‍ഷങ്ങള്‍ നീണ്ട നിഷേധത്തിനും നിയമ യുദ്ധത്തിനുംശേഷം എന്‍.ഡി. തിവാരി ഒടുവില്‍ അതു സമ്മതിച്ചു. രോഹിത് ശേഖര്‍ എന്റെ പുത്രനാണ്. ഈയൊരു നിമിഷത്തിന് വേണ്ടിയാണ് രോഹിതും അമ്മയും കാത്തിരുന്നത്. പണമോ മറ്റോ അവരുടെ ലക്ഷ്യമായിരുന്നില്ല. പിതൃത്വം അംഗീകരിച്ചു കിട്ടാനായി 2007 മുതല്‍ രോഹിത് നിയമയുദ്ധത്തിലായിരുന്നു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2012ല്‍ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്കാന് തിവാരി നിര്‍ബന്ധിതനാകുകയായിരുന്നു. എല്ലാ തെളിവും തനിക്കെതിരെയായപ്പോഴാണ് തിവാരി അവസാനരംഗത്ത് ആടാന്‍ എത്തിയത്. നേരത്തെ നാം കണ്ട ജയപ്രകാശിന്റെ ആയിരം കാതം അടുത്തുനില്ക്കാന് പോലും യോഗ്യതയില്ലാത്ത തിവാരിയ്ക്ക് പ്രേമമായിരുന്നോ പ്രണയമായിരുന്നോ? ആവോ ആര്‍ക്കറിയാം.
ഗുജറാത്തിന്റെ നേര്‍ക്കാഴ്ചയായി നാടുമുഴുവന്‍ കൊണ്ടു നടക്കുന്ന ഒരു മുസ്ലിം മധ്യവയസ്ക്കനാണല്ലോ കുത്തബുദ്ദീന്‍ അന്‍സാരി. തന്നെ വിറ്റഴിക്കുന്ന രാഷ്ട്രീയക്കോമരങ്ങളെക്കുറിച്ച് വിദ്വാന് തരിമ്പും ഉള്‍ക്കാഴ്ചയില്ല. ഇതൊരു ഹരമാണെന്നാണ് പാവത്തിന്റെ വിചാരം. കണ്ണൂരില്‍ സിപിഎം സമ്മേളനത്തില്‍ ഒരലങ്കാരമായി അദ്ദേഹത്തെയും അശോക് മോച്ചിയേയും കൊണ്ടുവന്നിരുത്തി. സിപിഎമ്മിന്റെ സ്നേഹം ഇങ്ങനെ വഴിഞ്ഞൊഴുകുന്നത് കണ്ടപ്പോള്‍ സിപിഎമ്മിന്റെ പാര്‍ട്ടിക്കോടതി വധശിക്ഷവിധിച്ച് നടപ്പാക്കിയ അരിയില്‍ ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്ത് അന്‍സാരി അറിയാന്‍ എഴുതി. അതില്‍ നിന്ന് രണ്ട് വരി കണ്ടാലും: ഗുജറാത്തില്‍ താങ്കള്‍ അകപ്പെട്ടതുപോലെ കണ്ണൂരിലെ സിപിഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കയ്യില്‍ അകപ്പെട്ടുപോയ ഒരു മകനുണ്ടായിരുന്നു എനിക്ക്. സിപിഎം ശക്തി കേന്ദ്രത്തില്‍ പാര്‍ട്ടിക്കോടതിയുണ്ടാക്കി രണ്ടര മണിക്കൂര്‍ പീഡിപ്പിച്ച് വിചാരണ നടത്തി.
പ്രാണനുവേണ്ടിയുള്ള അപേക്ഷ സിപിഎം പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിക്കുകയും വെട്ടിയും കുത്തിയും കൊല്ലുകയുമായിരുന്നു. സംഘപരിവാര്‍ ഫാസിസത്തിനെതിരായ അന്‍സാരിയുടെ പോരാട്ടം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ സിപിഎം ഫാസിസത്തെയും എതിര്‍ക്കണം. ആത്തിക്കയ്ക്ക് രാഷ്ട്രീയത്തിന്റെ മുന കൂര്‍ത്ത വാള്‍ത്തലപ്പുകളെക്കുറിച്ചു മാത്രമേ അറിയൂ. അതിനപ്പുറം ചില വോട്ടു മനശ്ശാസ്ത്രമുണ്ട്. അതിനെക്കുറിച്ചറിയാന്‍ നിരന്തരം പാര്‍ട്ടി ക്ലാസിന് പോണം. അങ്ങനെ പോയിരുന്നെങ്കില്‍ ഷുക്കൂറിന് ഇന്നും ആ ഉമ്മയ്ക്ക് ചോറ് വിളമ്പിക്കൊടുക്കാമായിരുന്നു. ആ ഉമ്മയുടെ വാത്സല്യത്തിന്റെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, വേദനയുടെ മുമ്പില്‍ കാലികവട്ടത്തിന്റെ ബാഷ്പാഞ്ജലി.
ഓസ്കാര്‍ അവാര്‍ഡും നമ്മുടെ ബഹുമാന്യ പ്രധാനമന്ത്രിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ആരോട് ചോദിച്ചാലും ഇല്ലെന്ന മറുപടി കിട്ടാന്‍ അര സെക്കന്റ് പോലും വേണ്ട. എന്നാല്‍ മാതൃഭൂമി (മാര്‍ച്ച് 04)യിലെ ഗോപീകൃഷ്ണന് അതു വകവെച്ചുതരില്ല. ഓസ്കാര്‍ അവാര്‍ഡില്‍ 12 ഇയേഴ്സ് എ സ്ലേവ് എന്ന ചിത്രമാണ് മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. അടിമയായ നീഗ്രോവംശജന്റെ പോരാട്ടത്തിന്റെയും സ്വാതന്ത്ര്യമോഹത്തിന്റെയും അയാള്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകളുടെയും പൈശാചികതകളുടെയും കഥയാണത്. അതും മന്‍മോഹന്‍സിംഗും തമ്മില്‍ ബന്ധമുണ്ടെന്ന് ഗോപീകൃഷ്ണന് പറയുന്നു. ഒരു പക്ഷേ, എന്തെങ്കിലുമൊക്കെ സാമ്യതകളുണ്ടാവാം. അത് ഗോപീകൃഷ്ണന് മനസ്സിലായിരിക്കാം. അദ്ദേഹം വായനക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നു. അത് ശരിയെങ്കില്‍ രക്ഷപ്പെടാന്‍ ഇതാ തെരഞ്ഞെടുപ്പ് കമ്മീഷന് അവസരം നല്കിയിരിക്കുന്നു. അദ്ദേഹം അതുപയോഗപ്പെടുത്തിയാല്‍ ഒപ്പം രാജ്യവും രക്ഷപ്പെടുമെന്ന് പൊതുജനം.
എഴുത്തിലെ ശാസ്ത്രജ്ഞനും ശാസ്ത്രജ്ഞനിലെ എഴുത്തുകാരനുമായ സി. രാധാകൃഷ്ണന് 74 വയസ്സിന്റെ ചെറുപ്പം കടന്നിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് പത്രങ്ങളും വാരികകളും മനോഹരമായ ഫീച്ചറുകള്‍ നല്കിയിരിക്കുന്നു. ഹൃദയസമ്പന്നമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ചിലരുടെയെങ്കിലും രാധേട്ടന് ജീവിതം രസകരമായി തുടരുന്നതിനെക്കുറിച്ച് പറയുന്നത് കേട്ടാലും: എഴുത്തും വായനയും നടക്കുന്നിടത്തോളം കാലം ജീവിതം രസകരമായി തുടരും. പോക്കററിലെ അവസാന നാണയങ്ങള്‍ ചെലവിടുമ്പോഴുള്ള സൂക്ഷ്മത പോലെ രണ്ടും അല്‍പ്പം കുറഞ്ഞിട്ടുണ്ട്. കഥകളുടെ മഹാസമുദ്രം ഹൃദയത്തില്‍ ഉള്‍ക്കൊണ്ട മഹാസാഹിത്യകാരന് കാലികവട്ടത്തിന്റെ സ്നേഹാശംസകള്‍!
തൊട്ടുകൂട്ടാന്‍
വീട്ടിലെത്താന്‍ വൈകുന്ന മോളാണിന്ന്
വിളക്കെല്ലാം കത്തുന്ന കണ്ണുനിറയെ
വിളക്കെല്ലാം കെടുന്ന കണ്ണുനിറയെ
അവളാണിന്നെനിക്ക്
വിമോചന ചരിത്രം
കെ.ജി. ശങ്കരപ്പിള്ള
കവിത: കണ്ണുനിറയെ
മാധ്യമം ആഴ്ചപ്പതിപ്പ് (മാര്‍ച്ച് 03)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: