കൊച്ചി: രാജേന്ദ്രമൈതാനത്ത് ലേസര്‍ ഷോ നടത്തുന്നതിനായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ അനുമതിയില്ലെന്ന് മേയര്‍ ടോണി ചമ്മണി. ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട വിഷയത്തില്‍ തര്‍ക്കത്തിലൂടെ പരിഹാരം കണ്ടെത്തുക സാധ്യമല്ലാത്തതിനാല്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്നും മേയര്‍ അഭിപ്രായപ്പെട്ടു. രാജേന്ദ്രമൈതാനിയില്‍ ലേസര്‍ ഷോയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ.എം.അനില്‍കുമാര്‍ അവതരിപ്പിച്ച പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മേയര്‍.
കൃത്യമായ ചട്ടവും നിയമവും അനുസരിച്ചാവണം നിര്‍മാണ പ്രവര്‍ത്തനം നടത്തേണ്ടത്. അതിനാല്‍ ഈ പദ്ധതിയുടെ പ്ലാന്‍ ടൗണ്‍ പ്ലാനിംഗ് കമ്മറ്റി മുമ്പാകെ സമര്‍പ്പിച്ച് പരിശോധിച്ച് ചര്‍ച്ചചെയ്യുകയാണ് വേണ്ടതെന്നും മേയര്‍ പറഞ്ഞു. നഗരവികസനത്തിനായി ഉപയോഗിക്കേണ്ട ഫണ്ടാണ് നഷ്ടപ്പെടുന്നതെന്നും അതിനാല്‍ ജിസിഡിഎയുടെ ഫണ്ട് ഉപയോഗത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. മൈതാനത്തിന്റെ കൈവശാവകാശം സംബന്ധിച്ച് ജിസിഡിഎയുടെ പക്കല്‍ രേഖകളൊന്നുമില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
കലൂര്‍-കടവന്ത്ര റോഡ് ജിസിഡിഎ ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ പൂര്‍ത്തിയാക്കിയ ശേഷം നഗരസഭയ്ക്കു കൈമാറിയതാണ്. എന്നാല്‍ ഇതു വിട്ടു നല്കാന് തയ്യാറാകാത്ത ജിസിഡിഎ സെക്രട്ടറിക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ രാജേന്ദ്രമൈതാനത്തിന്റെ ഉടമസ്ഥാവകാശം ജിസിഡിഎയ്ക്ക് തന്നെയാണെന്ന് ചെയര്മാന് എന്‍.വേണുഗോപാല്‍ പറഞ്ഞു. ലേസര്‍ ഷോ കാണാന്‍ വരുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യംപോലുമില്ലെന്ന ആരോപണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജേന്ദ്രമൈതാനത്ത് തുടര്‍ന്നും പൊതുപരിപാടികള്‍ നടത്തുന്നതില്‍ തടസ്സമൊന്നുമില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ജിസിഡിഎയുടെ നിരവധി സ്ഥലങ്ങള്‍ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കലൂര്‍ സ്റ്റേഡിയം പൊതു സ്ഥലമല്ല. കേന്ദ്രകലവറ ആയിരുന്ന പ്രസ്തുത സ്ഥലം കെ. കരുണാകരന്റെ കാലത്ത് ജിസിഡിഎയ്ക്ക് കൈമാറിയതാണെന്നും അതിനു ശേഷമാണ് ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള സ്റ്റേഡിയം നിര്‍മ്മിച്ചത്. നിലവില്‍ പണിയാന്‍ പോകുന്ന എക്സിബിഷന് സെന്റര്‍ ജിസിഡിഎയ്ക്ക് മുതല്ക്കൂട്ടാണ്്. പ്രതിവര്‍ഷം 15 കോടി രൂപ വാടക ലഭിക്കുന്ന പദ്ധതിയാണെന്നും ജിസിഡിഎ ചെയര്മാന് വ്യക്തമാക്കി. ജിസിഡിഎയുടെ സ്ഥലത്ത് എന്തുചെയ്യണമെന്ന് ജിസിഡിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍ തീരുമാനിക്കുമെന്നും വ്യക്തതയില്ലാത്ത കാര്യങ്ങള്‍ പരിശോധിക്കാമെന്നും എന്‍.വേണുഗോപാല്‍ പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ്.പ്രഭു, പ്രതിപക്ഷ നേതാവ് കെ.ജെ.ജേക്കബ്്, സി.എ.ഷക്കീര്‍ തുടങ്ങിയവര്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: