കൊച്ചി: ട്രൈബ്യൂണല്‍ കോടതിയുടെ വിലക്ക് നിലനില്‍ക്കെ ഫിലിപ്സ് കാര്‍ബണ്‍ ബ്ലാക്ക് കമ്പനിക്ക്് കാര്‍ബണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ അനധികൃതമായി ലൈസന്‍സ് നല്കിയ പഞ്ചായത്ത് നടപടിയില്‍ വന്‍ പ്രതിഷേധം. 150 മെട്രിക് ടണ്‍ സോഫ്റ്റ് കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നതിന് 3336.8 കുതിരശക്തിയുള്ള നാലാമത്തെ പ്ലാന്റിനായി മെഷിനറികള്‍ സ്ഥാപിക്കാന്‍ മെഷീന് ഇന്സ്റ്റലേഷന് പെര്‍മിറ്റും, ലൈസന്‍സും പഞ്ചായത്ത് പ്രസിഡന്റ് രമാ സാജു ഇടപെട്ട് നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വന്‍ സാമ്പത്തിക ഇടപാടും, കമ്പനിയില്‍ ഉയര്‍ന്ന ജോലി വാഗ്ദാനവും നല്കി പഞ്ചായത്ത് പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവ് എംഎം.തങ്കച്ചന് ഉള്‍പ്പെടെയുള്ള ഏഴ് പഞ്ചായത്തംഗംങ്ങളെയും സ്വാധീനിച്ചത് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാര്‍ബണ്‍ ഉണ്ടാക്കുന്ന എല്ലാകെടുതികളും അനുഭവിക്കുന്ന ഫിലിപ്സ് കമ്പനി ഉള്‍പ്പെടുന്ന വാര്‍ഡിലെ മെമ്പറാണ് പഞ്ചായത്ത് പ്രസിഡന്റ് എന്നതാണ് വിരോധാഭാസം.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എല്ലാ വ്യവസ്ഥകളും കാറ്റില്‍ പറത്തിക്കൊണ്ട് വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുകളിലാണ് ഫിലിപ്സ് കാര്‍ബണ്‍ ബ്ലാക്ക് കമ്പനി പ്രവര്‍ത്തിക്കുന്നത്. 1984ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി ഉദ്ഘാടനം ചെയ്തതാണ് ഇപ്പോള്‍ ആര്‍പി ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫിലിപ്സ് കാര്‍ബണ്‍ ബ്ലാക്ക് കമ്പനി. നൂതന മലിനീകരണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു എന്ന ഉറപ്പിന്മേലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. ഒപ്പം വന്‍ വ്യാവസായിക വളര്‍ച്ചയും എല്ലാവര്ക്കും തൊഴിലും എന്ന പ്രലോഭനവും. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങിയ അന്നു മുതല്‍ രൂക്ഷമായ അന്തരീക്ഷ മലിനീകരണവും കാര്‍ബണ്‍ പൊടിയുടെ അതിപ്രസരവും മുലം പ്രദേശം വീര്‍പ്പ് മുട്ടി തുടങ്ങി. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായെങ്കില്‍ പോലും പോലീസ് ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ച് അവ അടിച്ച് അമര്‍ത്തുകയാണ് ഉണ്ടായത്.
2001 ജൂലൈ 26ന് കമ്പനിയിലുണ്ടായ ശക്തമായ സ്ഫോടനത്തെ തുടര്‍ന്ന് കമ്പനിയില്‍ നിന്നുള്ള കാര്‍ബണ്‍ പൊടി രണ്ടുമുന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ച് വന്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കി. തുടര്‍ന്ന് ജനങ്ങള്‍ സംഘടിച്ച് ഒന്നടങ്കം കമ്പനിക്കുള്ളിലേക്ക് ഇരച്ചുകയറി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചു.
തുടര്‍ന്ന് ആറേഴ് മാസത്തോളം കമ്പനി പൂട്ടിയിട്ടു. വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച കമ്പനിക്കെതിരെ കാര്‍ബണ്‍ മലിനീകരണ വിരുദ്ധ സമര സമിതി രൂപീകരിച്ച് ട്രൈബ്യൂണല്‍ കോടതിക്ക് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ സതേണ്‍ സോണ്‍ ചെയര്മാന് ഡോ.ശര്‍മ്മയുടെ നേതൃത്ത്വത്തില്‍ 8 അംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലിനീകരണം ഉണ്ടാക്കുന്ന രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടാന്‍ ഉത്തരവായി. മൂന്നാമത്തെ പ്ലാന്റ് നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ നഷ്ടമാണെന്ന് ചൂണ്ടികാണിച്ച് നാലാമത്തെ പ്ലാന്റിനായി ഫിലിപ്സ് കമ്പനി ശ്രമം തുടങ്ങുകയായിരുന്നു എന്ന് സമരസമിതി രക്ഷാധികാരി സി.ആര്.സുകുമാരന്‍ ജന്മഭൂമിയോട് പറഞ്ഞു.
ലൈസന്‍സ് നല്കുന്നതു സംബന്ധിച്ച ചര്‍ച്ചയില്‍ പഞ്ചായത്ത് കമ്മിറ്റിയിലെ 14 അംഗങ്ങളില്‍ സ്വതന്ത്ര അംഗമായ ഷാജി ജോര്‍ജ് ഉള്‍പ്പെടെ ഏഴ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ഏഴ് അംഗങ്ങള്‍ അനുകൂലമായും വോട്ടു ചെയ്തു. ലൈസന്‍സ് നല്കാന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിനാല്‍ പഞ്ചായത്ത് പ്രസിഡന്റ് കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തി കമ്പനിക്ക് ലൈസന്‍സ് അനുവദിക്കുകയായിരുന്നു. പഞ്ചായത്ത് നല്കിയ അനുമതിയില്‍ പ്രതിഷേധിച്ച് 2012ല്‍ സമരസമിതി ചെയര്മാന് ഡോ.നന്തകുമാറിന്റെ നേതൃത്വത്തില്‍ ട്രൈബ്യൂണലിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2013 സെപ്തംബറില്‍ പഞ്ചായത്ത് അനുവദിച്ച ലൈസന്‍സ് ട്രൈബ്യൂണല്‍ കോടതി റദ്ദാക്കി. കോടതി വിധിപ്രകാരം പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദര്‍ശിക്കുകയും പഞ്ചായത്ത് രാജ് നിയമം 233(3) പ്രകാരം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 233(4) ഉപവകുപ്പുപ്രകാരം സമ്മത പത്രത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ച് അനുമതി നല്‍കാനായിരുന്നു കോടതി നിര്‍ദ്ദേശം.
ലൈസന്‍സ് കൈക്കലാക്കാന്‍ കാര്‍ബണ്‍ കമ്പനി സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ എല്ലാം വ്യാജമാണെന്നാണ് സമരസമിതി ആരോപിക്കുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കമ്പനിക്കു നല്കിയ അനുമതി പത്രത്തില്‍ ആകെയുള്ള 22 ഏക്കറില്‍ 8 ഏക്കര്‍ ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊന്ന് കമ്പനിയില്‍ ഇല്ല. കമ്പനി പുറത്തുവിടുന്ന വിഷ വസ്തുക്കളും പൊടി പടലങ്ങളും പോകുന്ന പുകക്കുഴല്‍ ജനങ്ങള്‍ക്ക് കാണത്തക്കവിധം ഉയരത്തില്‍ സ്ഥാപിക്കണം എന്ന വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടില്ല എന്നും പരാതിയുണ്ട്. ഹസാഡസ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റെഡ് കാറ്റഗറിയില്‍പ്പെട്ട വ്യവസായശാലയില്‍ നിന്നും സമീപമുള്ള വീടുകളിലേക്കുള്ള അകലം 100 മീറ്റര്‍ വേണമെന്ന നിബന്ധനയും പാലിക്കപ്പെട്ടിട്ടില്ല എന്നും സമരസമിതി നേതാക്കള്‍ ചൂണ്ടികാട്ടുന്നു.
കഴിവുള്ളവര്‍ ഇവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറുന്നു. എന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വിഷമിക്കുകയാണ്. ശക്തമായ മലനീകരണം കാരണം ആരും സ്ഥലം വാങ്ങാന്‍ തയ്യാറാകാത്തതാണ് സാധാരണക്കാരെ കുഴപ്പിക്കുന്നത്. ഒരു ദിവസം അഞ്ചോ ആറോ പ്രാവശ്യം കുളിക്കേണ്ടി വരുന്നെന്നും, തുണികളും, വീടുമെല്ലാം എപ്പോഴും കരിപുരളുന്നു എന്നും നാട്ടുകാര്‍ പരാതി പറയുന്നു. നവജാത ശിശുക്കളുടെ ശരീരത്തില്‍ എപ്പോഴും കാര്‍ബണ്‍ പൊടിയുടെ അംശം പറ്റിപിടിച്ചിരിക്കുന്നുണ്ടെന്നും മൂക്കില്‍ നിന്നൊലിക്കുന്നത് വരെ കറുപ്പ് നിറത്തിലുള്ള ദ്രവമാണെന്നാണ് നാട്ടുകാരുടെ പരാതി. സമീപത്തെ കരിമുകള്‍ ടൗണില്‍ സ്ഥിതിചെയ്യുന്ന കടകളുടെ അവസ്ഥയും മറ്റൊന്നല്ല. മലിനീകരണത്തിനെതിരെ സമീപത്തെ ക്രിസ്ത്യന്‍, മുസ്ലീം പള്ളികളും വ്യവസായികളും പഞ്ചായത്ത് ഡയറക്ടര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു അനുകൂല നടപടിയും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ 13 വര്‍ഷമായി നടക്കുന്ന ചെറുതും വലുതുമായ സമരത്തിലെ രക്തസാക്ഷികള്‍ ഇന്നും ജീവിച്ചിരിക്കുന്നു. അതി രൂക്ഷമായ മലിനീകരണം ഉണ്ടാക്കുന്ന കമ്പനിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് കഴിഞ്ഞമാസം 28ന് കരിമുകളില്‍ നടന്നത് ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉദ്ഘാട നം ചെയ്ത സമര പരിപാടിയില്‍ സ്ഥലം എംഎല്‍എ വി.പി.സജീന്ദ്രന്, എം.എം.മോനായി തൂടങ്ങി പലരും പങ്കെടുത്തു.
കെ.എം. കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: