കൊച്ചി: പാര്‍ട്ണര്‍ കേരള നഗര വികസന സംഗമത്തില്‍ പങ്കെടുക്കാതെ വിദേശ യാത്ര നടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമ്പോഴും മേയറുടെ മൗനം ചോദ്യം ചെയ്യപ്പെടുന്നു. മേയര്‍ ടോണി ചമ്മണിയുടെ വിദേശയാത്രകള്‍ സംബന്ധിച്ച്്് വിവാദങ്ങള്‍ കനക്കുമ്പോഴും തന്റെ യാത്രകള്‍ സംബന്ധിച്ച് വിശദീകരിക്കുവാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. വിദേശത്തേയ്ക്ക് ആറ് തവണമാത്രമേ പോയിട്ടുള്ളുവെന്നാണ് മേയര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദവും തെറ്റാണ്. ദുബായിലേക്ക് തന്നെ നിരവധി തവണ പോയിട്ടുണ്ടെന്നാണ് ആരോപണങ്ങളില്‍ ഒന്ന്. എന്നാല്‍ ഇക്കാര്യം നിഷേധിക്കാനോ സമ്മതിക്കാനോ മേയര്‍ തയ്യാറായിട്ടില്ല. റഷ്യയിലേക്ക് നടത്തിയ യാത്രയ്ക്ക് മാത്രമേ കോര്‍പ്പറേഷന്റെ അനുമതി ലഭിച്ചിരുന്നുള്ളുവെന്നും പറയപ്പെടുന്നു.
എന്നാല്‍ പാര്്ട്ണര് കേരള സംഗമത്തിന് ആതിഥ്വം വഹിച്ച കൊച്ചിയുടെ നഗരപിതാവ് ആ പരിപാടിയില്‍ പങ്കെടുക്കാതെ കുടുംബ സമേതം വിദേശയാത്ര നടത്തിയത് നിരുത്തരവാദപരമാണ്. നഗരകാര്യ വകുപ്പ് സംഘടിപ്പിച്ച സംഗമത്തിന്റെ സ്വാഗതസംഘം ചെയര്മാന് കൂടിയായിരുന്നു മേയര്‍. സ്വകാര്യ സംരംഭകരെ സംഘടിപ്പിച്ച് നടത്തിയ പരിപാടിയോട് എന്തെങ്കിലും തരത്തിലുള്ള അഭിപ്രായം വ്യത്യാസം ഉണ്ടായിരുന്നുവെങ്കില്‍ ചെയര്മാന് സ്ഥാനം രാജി വയ്ക്കേണ്ടതായിരുന്നുവെന്നും വിമര്‍ശനമുണ്ട്.
കൊച്ചിയെ സംബന്ധിക്കുന്ന ഒട്ടനവധി പദ്ധതികളാണ് പാര്‍ട്ണര്‍ കേരളയില്‍ അവതരിപ്പിച്ചത്. ഈ പദ്ധതികള്‍ അവതരിപ്പിക്കും മുമ്പ് കൗണ്‍സിലിന്റെ അംഗീകാരം തേടേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും ഉണ്ടായിട്ടില്ല. ഇതില്‍ അവതരിപ്പിച്ച പ്രധാന പദ്ധതികളില്‍ ഒന്നാണ് കലൂര്‍ ബസ്റ്റാന്റ് നവീകരിച്ച് ഒരു വ്യാവസായിക ശ്യംഖലയാക്കി മാറ്റുകയെന്നത്. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി സംഗമത്തില്‍ ഈ പദ്ധതിയെപ്പറ്റി പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്റെ പരിധിയില്‍പ്പെടുന്ന കലൂര്‍ ബസ്റ്റാന്റ് സംബന്ധിച്ച് എന്ത് പദ്ധതി നടപ്പാക്കുമ്പോഴും കൗണ്‍സിലിന്റേയും മേയറുടേയും അനുമതി തേടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മന്ത്രി ഇക്കാര്യം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
ടൂറിസം വികസനത്തിന്റെ ഭാഗമായി പബ്ലിക് പ്രൈവറ്റ് പാര്ട്ടിസിപ്പേഷനോട് കൂടി സ്വാകാര്യ സ്ഥാപനമാക്കി മാറ്റുന്നതിനുള്ള തീരുമാനമാണ് സംഗമത്തില്‍ പങ്കെടുത്ത് മന്ത്രി അറിയിച്ചത്. ഈ തീരുമാനത്തിലുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് മേയര്‍ പാര്‍ട്ണര്‍ കേരളയില്‍ നിന്നും വിട്ടുനിന്നതെന്നും സംശയമുണ്ട്.
ഇങ്ങനെയൊരു തീരുമാനം കോര്‍പ്പറേഷന്റെ അനുമതിയൊന്നും ഇല്ലാതെ ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ മന്ത്രിക്ക് അധികാരമില്ല. ഇക്കാര്യത്തില്‍ തനിക്ക് എതിര്‍പ്പുണ്ടെങ്കില്‍ എന്തുകൊണ്ട് അത് പരസ്യമായി പറയാന്‍ മേയര്‍ മടിക്കുന്നുവെന്നതും ഒരു ചോദ്യമാണ്. പാര്‍ട്ണര്‍ കേരളയുടെ മറവില്‍ കൊച്ചിയിലെ കണ്ണായ സ്ഥലമെല്ലാം സ്വകാര്യ വക്തികള്‍ക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നതെന്ന് തുടക്കത്തിലേ ആക്ഷേപം ഉയര്‍ന്നിരുന്നു.
വിവിധ പദ്ധതികളെപ്പറ്റി വിദേശത്തുനിന്നും പഠിക്കാനാണ് മേയറുടെ വിദേശയാത്രയെന്നും പറയുന്നു. എന്നാല്‍ പഠിച്ച പദ്ധതികളൊന്നും എവിടെയും നടപ്പാക്കി കാണുന്നില്ല. ഈ പേരും പറഞ്ഞ് സ്വന്തം ചെലവിലാണോ കോര്‍പ്പറേഷന്റെ പണം ഉപയോഗിച്ചാണോ കുടുംബസമേതം വിദേശത്ത് തങ്ങിയതെന്ന കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് മേയറെന്ന നിലയില്‍ ടോണി ചമ്മണിയുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യം കൗണ്‍സില്‍ മുമ്പാകെ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ.ജേക്കബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: