കളമശ്ശേരി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഫാക്ടിന്റെ സാമ്പത്തിക പാക്കേജ് അനുവദിക്കാതിരുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി ഫാക്ടിനോടുള്ള കൊടും ചതിയായി. പ്രതിഷേധസൂചകമായി ജീവനക്കാരും സമരസഹായസമിതി അംഗങ്ങളും ജാഥയും യോഗവും നടത്തി.
ഇപ്പോള്‍ നടന്നുവരുന്ന നിരാഹാരസത്യഗ്രഹം തുടരുവാനും എട്ട് മുതല്‍ അനിശ്ചിതകാലത്തേക്ക് കണ്ടെയ്നര്‍ റോഡ് ഉപരോധിക്കുവാനും സേവ് ഫാക്ട് ആക്ഷന്‍ കമ്മറ്റിയോഗം തീരുമാനിച്ചു. എ.കെ.ആന്റണിയും കെ.വി.തോമസും ഇടപെട്ട് ഇലക്ഷന് കമ്മീഷന്റെ പ്രത്യേകാനുമതിയോടെ പാക്കേജ് അനുവദിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
ബിആര്‍പിഎസ്ഇ കഴിഞ്ഞ ഡിസംബറില്‍ അംഗീകരിച്ച് ശുപാര്‍ശ ചെയ്ത കേന്ദ്ര ധനമന്ത്രാലയത്തിലെ സെക്രട്ടറിമാര്‍ ഒപ്പിട്ട സാമ്പത്തികപാക്കേജിന് ധനമന്ത്രിയുടെയും എല്എല്ഇഎയുടെയും മാത്രം അംഗീകാരം ലഭിച്ചാല്‍ മതി. 37 ദിവസമായി തുടരുന്ന നിരാഹാരസമരത്തില്‍ കഴിഞ്ഞ നാല് ദിവസമായി നിരാഹാരമനുഷ്ഠിക്കുന്നത് ജോര്‍ജ് തോമസാണ്.
സമരത്തിന് പിന്തുണയുമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എക്സി. മെമ്പര്‍ ഫാ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. സുശീല്‍ വര്‍ഗീസ് (സെന്റ്.തോമസ് മാര്‍തോമ ചര്‍ച്ച്, കളമശ്ശേരി), കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം കുരുവിള മാത്യൂസ്, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, കേരള ബ്രാഹ്മണസഭാ നേതാക്കളായ ഡോ. പി.എസ്.രാമന്, വി.എസ്.വിശ്വനാഥയ്യര്, വി.കൃഷ്ണസ്വാമി എന്നിവരും വൈഎംസിഎ കളമശ്ശേരി യൂണിറ്റ് ഭാരവാഹികളായ ഡോ. മാത്യു ജോര്‍ജ്, വൈസ്മെന്‍ ഭാരവാഹികളായ ജോണ്സണ് കെ.പൗലോസ്, വി.ബി.ബെഞ്ചമിന്‍ എന്നിവരും ഏലൂര്‍ ഗോപിനാഥ്, പ്രൊഫ. സീതാരാമന്, കെ.ചന്ദ്രന്‍പിള്ള, കെ.എന്‍.ഗോപിനാഥ് തുടങ്ങിയവരും സംസാരിച്ചു. കേരള ബ്രാഹ്മണസഭാ പ്രവര്‍ത്തകരും എടയാര്‍ സ്മോള്‍സ്കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് പ്രവര്‍ത്തകരും പ്രകടനവും അനുഭാവ ധര്‍ണ്ണയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: