കൊച്ചി: ഭരിക്കുന്നത് പ്രതിപക്ഷമായാലും ഭരണപക്ഷമായാലും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ പലപ്പോഴും മുഖം തിരിച്ചുനിന്നിട്ടേയുള്ളു. ത്വരിതഗതിയില്‍ പരിഹാരം കാണേണ്ട പല പ്രശ്നങ്ങള്‍ക്കും പ്രതിവിധി കാണാതെ ജനങ്ങളെ പരമാവധി വലയ്ക്കുക. ഇതാണിപ്പോള്‍ പോണേക്കര മേല്‍പ്പാലത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. പോണേക്കര-ചേരാനല്ലൂര്‍ നിവാസികളും പച്ചാളത്തെ ജനങ്ങള്‍ അനുഭവിച്ചതിന് സമാനമായ ദുരിതം അനുഭവിച്ചുവരികയാണ്. ഇവരുടേയും ആവശ്യം പോണേക്കര മേല്‍പ്പാലം യാഥാര്ത്ഥ്യമാവുകയെന്നതുതന്നെ. ഒരു വര്‍ഷം മുമ്പേ പദ്ധതിയിക്ക് അംഗീകാരം ലഭിച്ചുവെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് ഭൂമിയേറ്റെടുക്കല്‍ എന്ന പ്രഥമിക കടമ്പ പോലും കഴിഞ്ഞിട്ടില്ല.
പോണേക്കര-ചേരാനല്ലൂര്‍ റയില്‍വേ മേല്‍പ്പാലത്തിന് ദക്ഷിണ റയില്‍വേ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ നിര്‍മാണ നടപടികള്‍ക്കായി കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷന് ഉത്തരവ് നല്‍കുകയും ചെയ്തു. എന്നാല്‍ ഒമ്പത് മാസം പിന്നിടുമ്പോഴും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും അനക്കമൊന്നുമുണ്ടായിട്ടില്ല എന്ന ആരോപണമാണ് റസിഡന്റ്സ് അസോസിയേഷനുകളും ഇടപ്പള്ളി വികസന സമിതിയും ഉന്നയിക്കുന്നത്.
പച്ചാളം മേല്‍പ്പാലത്തിന്റെ നിര്‍മാണ ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിച്ച പോലെ പോണേക്കര മേല്‍പ്പാലത്തിന്റെ നിര്‍മാണവും ഡിഎംആര്‍സിയ്ക്ക് നല്കാന് തയ്യാറാവണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു. ചേരാനല്ലൂരില്‍ നിന്നും ഇടപ്പള്ളി ഹൈസ്കൂള്‍ ജംഗ്ഷനിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ ഈ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും. കൂടാതെ അമൃത ആശുപത്രിയിലേക്ക് നിത്യേന എത്തുന്ന ആയിരക്കണക്കിന് രോഗികള്‍ക്കും ആശ്വാസം ലഭിക്കും.
ഇടപ്പള്ളി മേല്‍പ്പാല നിര്‍മാണത്തിന് അനുമതി നല്കി 20 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മാണം പൂര്‍ത്തിയായ ചരിത്രവും നമുക്ക് മുന്നിലുണ്ട്. ഈ ഗതികേട് പോണേക്കര മേല്‍പ്പാലത്തിന്റെ കാര്യത്തിലും ഉണ്ടാകുമോ എന്ന ആശങ്കയും ഇവിടുത്തെ ജനങ്ങള്‍ക്കുണ്ട്. കോര്പ്പറേഷന് മേലധികാരികളേയും എംഎല്‍എമാരായ ബെന്നി ബെഹനാനേയും ഹൈബി ഈഡനേയും കേന്ദ്രമന്ത്രി കെ.വി.തോമസിനേയും ഈ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും എല്ലാം ശരിയാക്കാം എന്ന സ്ഥിരം മറുപടിയാണ് ലഭിച്ചത്.
നിത്യേന നിരവധി രോഗികളാണ് അമൃത ആശുപത്രിയിലെത്തുന്നത്. ഏഴ് റയില്‍വേ ട്രാക്കുകള്‍ കടന്ന് വേണം പോണേക്കര ഭാഗത്ത് നിന്നും വരുന്ന രോഗികള്‍ക്ക് ആശുപത്രി സമുച്ചയത്തിലെത്താന്‍. രണ്ടും മൂന്നും പാളങ്ങളില്‍ സ്ഥിരമായി നിര്‍ത്തിയിട്ടിരിക്കുന്ന ചരക്ക് ബോഗികള്‍ക്കിടയിലൂടെ നൂഴ്ന്ന കടക്കേണ്ട അപകടകരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. എന്നാല്‍ ഇതിനെതിരെ അധികൃതരും കണ്ണടയ്ക്കുകയാണ്. അപകടമേഖലയായി കണക്കാക്കുന്ന ഇവിടെ ഇതിനോടകം നൂറോളം പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.
പാലം നിര്‍മാണത്തിനായി സ്ഥലം അമിതമായി ഏറ്റെടുക്കേണ്ട സ്ഥിതിവിശേഷം നിലവിലില്ല. റോഡ് പുറംമ്പോക്ക് ഉണ്ടെന്നതിനാല്‍ കുറച്ച് ഭൂമി മാത്രം ഏറ്റെടുത്താല്‍ മതിയാകും. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തികഞ്ഞ അലംഭാവമാണ് പ്രകടമാകുന്നത്. രാഷ്ട്രീയസമ്മര്‍ദ്ദം ഇല്ലാത്തതാണ് ഈ മെല്ലപ്പോക്കിന് കാരണമെന്നും വിലയിരുത്തുന്നു.
കൊച്ചി കോര്പ്പറേഷന് അവതരിപ്പിച്ച അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ഇടപ്പള്ളി അമൃത ആശുപത്രിയിലേക്കുള്ള റെയില്‍ വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് ഭരണാനുമതിയായിട്ടുണ്ടെന്ന് പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരുന്ന സാമ്പത്തിക വര്‍ഷം തന്നെ തുടക്കം കുറിയ്ക്കുമെന്നും പറയുന്നു. എന്നാല്‍ പദ്ധതിയ്ക്ക് വേണ്ടി എത്ര തുക നീക്കിവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. നഗരത്തിന്റെ സമഗ്ര പുരോഗതിക്കായി ഗതാഗത സൗകര്യ വികസനത്തിന് ഊന്നല്‍ നല്കി അവതരിപ്പിച്ച ബജറ്റില്‍ മേല്‍പ്പാലങ്ങളുടെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ളത് 10 കോടി രൂപ മാത്രമാണ്. അറ്റ്ലാന്റിസ് റെയില്‍വേ മേല്‍പ്പാലത്തിനും വാത്തുരുത്തി ആര് ഒ ബിയിക്ക് വേണ്ടിയും 10 കോടിയില്‍ ഒരു നിശ്ചിത ഭാഗം നീക്കിവയ്ക്കേണ്ടിയും വരും.
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഡെപ്പോസിറ്റ് വര്‍ക്ക് ആയി അനുമതി നല്‍കിയിട്ടുള്ള ഈ മേല്‍പ്പാലത്തിന് 65.8 മീറ്റര്‍ നീളവും 10.925 മീറ്റര്‍ വീതിയും ആണ് പ്രതീക്ഷിക്കുന്നത്. 8.99 കോടി രൂപയും 17.98 ലക്ഷം രൂപ സെന്റേജ് ചാര്‍ജ്ജുകളുമാണ് പദ്ധതിയുടെ പൂര്ത്തീകരത്തിനായി വേണ്ടി വരുമെന്ന് കണക്കാക്കുന്നത്.
പാലം യാഥാര്‍ത്ഥ്യമായാല്‍ ചേരാനല്ലൂര്‍, കടമക്കുടി, പിഴല,ചേന്നൂര്‍, കോതാട് എന്നീ പ്രദേശത്ത് നിന്നും ഇടപ്പള്ളി ഹൈസ്കൂള്‍ ജംഗ്ഷനിലേക്ക് 10 മിനിട്ടുകൊണ്ട് എത്തിച്ചേരാം. പാലം നിര്‍മാണത്തിന് അനുമതി ലഭിച്ച് ഒരു വര്ഷമെത്താറായിട്ടും ഭരണാധികാരികളുടെ ഭാഗത്തുനിന്നും അനുകൂല നീക്കം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരമാര്‍ഗ്ഗത്തിലേക്ക് കടക്കാന്‍ പ്രദേശവാസികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ജനം നിശബ്ദരായാല്‍ ജനപ്രതിനിധികള്‍ നിഷ്ക്രിയരാകുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ തന്നെയാണ് ഇവിടുത്തെ ജനങ്ങളുടെ ഉറച്ച തീരുമാനം. ഇതിന് റസിഡന്റ്സ് അസോസിയേഷനുകളുടേയും ഇടപ്പള്ളി വികസന സമിതിയുടേയും പൂര്‍ണ പിന്തുണയുണ്ടെന്ന് വികസന സമിതി പ്രസിഡന്റ് അഡ്വ.പി.ആര്.പത്മനാഭന് നായര്‍ പറഞ്ഞു.
പാലം നിര്‍മിക്കുന്നതിനൊപ്പം തന്നെ ഇടപ്പള്ളി റയില്‍വേ സ്റ്റേഷന്റെ നിലവാരം ഉയര്‍ത്തി പ്രധാന റയില്‍വേ സ്റ്റേഷന് ആക്കി മാറ്റണമെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. എറണാകുളം നോര്‍ത്തില്‍ എത്തിച്ചേരുന്ന എല്ലാ ട്രെയിനുകളും ഇതിലൂടെയാണ് കടന്നുപോകുന്നത്. പ്രധാനപ്പെട്ട ട്രെയിനുകള്‍ ഈ സ്റ്റേഷനിലും നിര്‍ത്താന്‍ സൗകര്യം ഒരുക്കണം. ദിവസേന നൂറ് കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന അമൃത ആശുപത്രി, ലുലുമാള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടപ്പള്ളിയിലേക്ക് ജനത്തിന് വേഗത്തില്‍ എത്തിച്ചേരുന്നതിനും മറ്റും പ്രധാനപ്പെട്ട ഒന്നോ രണ്ടോ ട്രെയിനുകള്‍ക്കെങ്കിലും ഇടപ്പള്ളി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: