മട്ടാഞ്ചേരി: ഹോളി-മഞ്ഞക്കുളി ആഘോഷത്തിന് വരവറിയിച്ച് ഗോശ്രീപുരത്ത് ബോധനെ പ്രതിഷ്ഠിച്ചു. കൊച്ചി ടിഡി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറുള്ള ആല്‍മരത്തിലാണ് ബോധ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. കാമദേവ സങ്കല്‍പ്പമായും ദുരാചാര പ്രതീകമായും ഹോളികയെന്ന അസുര പ്രതിമയായുമായാണ് ബോധനെ പ്രതിഷ്ഠിക്കുന്നത്. ശിവരാത്രിക്കുശേഷം അമാവാസി സന്ധ്യയില്‍ വാദ്യമേളങ്ങളോടെ നഗരപ്രദക്ഷിണം നടത്തി. രാത്രിയാണ് ബോധനെ പ്രതിഷ്ഠിക്കുക. തുടര്‍ന്ന് 17ന് ഹോളി ആഘോഷങ്ങള്‍ക്കുശേഷം 23ന് ബോധനെ എതിരേറ്റ് അഗ്നിക്കിരയാക്കി മഞ്ഞക്കുളിയോടെയാണ് ആഘോഷം സമാപിക്കുക.
നൂറ്റാണ്ടിന്റെ പാരമ്പര്യ സ്മൃതിയാണ് ബോധനം, മഞ്ഞക്കുളിയുമുണര്ത്തുന്നത്. ഗോവയില്‍നിന്നും കൊച്ചിയിലെത്തിയ കോംഗ്കണി സമുദായാംഗങ്ങളുടെ സവിശേഷതയാര്‍ന്ന ആഘോഷമാണ്. ഹോളിയോടനുബന്ധിച്ചുള്ള ബോധനും മഞ്ഞക്കുളിയും കൊച്ചിയില്‍ മാത്രമായി ഇന്നും നടന്നുവരുന്ന ആഘോഷം കാണുവാന്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പോലും മഞ്ഞക്കുളി ദിവസം കൊച്ചിയിലെത്തിച്ചേരാറുണ്ട്.
കാമദേവ പ്രതീകമായുള്ള ബോധനെ പ്രതിഷ്ഠിക്കുന്നതോടെ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായാംഗങ്ങള്‍ പരസ്പരം ബോധവന്‍ എന്നുപറഞ്ഞ് രസകരമായി കളിയാക്കല്‍ രീതി നടത്തും. ചോദ്യശരത്തിലുന്നയിക്കുന്ന വാക്കുകള്‍ക്ക് മറുപടിയായി ബോധ (ബോധന്) എന്നു പറയുന്നതോടെ ചോദ്യകര്‍ത്താവ് വിഡ്ഢിയായി ചിത്രീകരിക്കുമെന്നതാണ് സമ്പ്രദായരീതി. പ്രായഭേദ-ലിംഗ വ്യത്യാസമന്യേയുള്ള ബോധന് കളി മഞ്ഞക്കുളി ദിനത്തില്‍ ബോധനെ അഗ്നിക്കിരയാക്കും വരെ തുടരും. വീണ്ടും ഇതാവര്‍ത്തിച്ചാല്‍ ബോധന് എന്ന് പറഞ്ഞവരുടെ കവിളില്‍ തട്ടി എതിര്‍പ്പറിയിക്കുകയും ചെയ്യും.
കൊച്ചിയിലെ ജിഎസ്ബി സമുദായാംഗങ്ങള്‍ ആധുനിക ഘട്ടത്തിലും തുടര്‍ന്നുവരുന്ന പരമ്പരാഗത അനുഷ്ഠാന ആഘോഷങ്ങളിലൊന്നാണ് ബോധനും മഞ്ഞക്കുളിയുമെന്ന് പഴമക്കാര്‍ പറയുന്നു. ക്ഷേത്രരഥവീഥികളിലൂടെ സംഘമായെത്തുന്ന സമാജാംഗങ്ങളായ പുരുഷക്കൂട്ടത്തെ മഞ്ഞള്‍ കലര്‍ത്തിയ വെള്ളംകൊണ്ട് കുളിപ്പിക്കുന്ന ആഘോഷമാണ് മഞ്ഞക്കുളി. ശിവരാത്രിയോടെ മാറുന്ന പ്രകൃതിയിലെ കനത്ത ചൂടിനെയും മാരകരോഗ പ്രതിരോധത്തിനുമായുള്ള ശാസ്ത്രീയരീതി കൂടിയാണ് മഞ്ഞക്കുളിക്ക് പിന്നിലെന്നും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: