ലൗസാന്നെ (സ്വിറ്റ്സര്‍ലന്റ്): ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന്റെ (ഐബിഎഫ്) അംഗീകാരം ഇന്റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന് (എഐബിഎ) റദ്ദാക്കി. എഐബിഎ മാനദണ്ഡ പ്രകാരം ഭാരവാഹികളെ തെരഞ്ഞെടുക്കാത്ത പശ്ചാത്തലത്തിലാണ് നടപടി. ലൗസാന്നെയില്‍ ഇന്നലെ ചേര്‍ന്ന എഐബിഎ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇതോടെ എഐബിഎ അംഗീകൃത ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശീയ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാകില്ല. പകരം അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്റെ ഫ്ലാഗിന് കീഴില്‍ മാറ്റുരയ്ക്കേണ്ടിവരും.
2012 ഡിസംബറില്‍ ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷനെ എഐബിഎ താത്കാലികമായി പുറത്താക്കിയിരുന്നു. നേരത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയും സമാനമായ രീതിയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുകയുണ്ടായി. എന്നാല്‍ സോച്ചിയില്‍ നടന്ന ശൈത്യകാല ഒളിമ്പിക്സിനിടെ ഐഒഎയുടെ അംഗത്വം ഐഒസി പുനഃസ്ഥാപിച്ചു. അതുപോലെ ഐബിഎഫിന്റെ നിരോധനം പുനഃപരിശോധിക്കുമെന്ന് എഐബിഎയും അറിയിച്ചിരുന്നു.
എന്നാല്‍ വിഷയം വീണ്ടും പരിശോധിച്ചെങ്കിലും ഐബിഎഫിന്റെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അംഗീകാരം എടുത്തുകളയുകയായിരുന്നു. നിലവിലെ ഫെഡറേഷന് അംഗങ്ങള്‍ കായിക രംഗത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എഐബിഎ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ശരിയായ നടപടിക്രമങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന് അംഗീകാരം നല്‍കാനാവില്ലെന്നാണ് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: