ന്യൂദല്‍ഹി: വിമുക്ത ഭടനെ ഉപയോഗിച്ച് പാക് ചാരസംഘടന ഐ.എസ്.ഐ പ്രതിരോധ രഹസ്യം ചോര്‍ത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വാര്‍ത്ത പ്രതിരോധമന്ത്രാലയത്തെ അമ്പരപ്പിച്ചു.
നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ പെഴ്സണല്‍ അസിസ്റ്റന്റായിരുന്ന ഇന്ദര്‍പാല്‍ സിങ് കുഷ്വയാണ് ഐഎസ്ഐയ്ക്ക് സൈനിക വിവരങ്ങള്‍ ചോര്‍ത്തിയത്. ഫെബ്രുവരി 23ന് ഝാന്‍സി കന്റോണ്മെന്റിലുള്ള കുഷ്വയുടെ വസതിയില്‍ ചാരനെന്ന് സംശയിക്കുന്ന വ്യക്തി എത്തിയതായി ഭീകരവിരുദ്ധ യൂണിറ്റിന്റെ കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത.് 51 വയസ്സുള്ള വിമുക്ത ഭടനാണ് കുഷ്വ.
ഒട്ടേറെ രേഖകളും സൈനിക ഇന്റര്‍നെറ്റ് സെര്‍വറില്‍ നിന്നും ഡൗണ്‍ലോഡു ചെയ്ത രഹസ്യ ആശയവിനിമയ കോഡുകളുള്ള സിഡികളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
കുഷ്വയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കര്‍ശനമായി നിരീക്ഷിക്കുകയും വസതിയില്‍ നിരീക്ഷണകാമറകള്‍ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2013 ഒക്ടോബറില്‍ വിരമിച്ച കുഷ്വ തന്റെ ഔദ്യോഗിക സ്വാധീനമുപയോഗിച്ച് രേഖകള്‍ കൈക്കലാക്കിയിരുന്നുവെന്നാണ് ചില ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. കരസേനയുടെ രഹഭ്യങ്ങളാണ് ചോര്‍ത്തിയത്.അവസാനമായി കുഷ്വ നിയമിക്കപ്പെട്ടത് യുദ്ധത്തിനുള്ള തന്ത്ര പ്രധാന ആയുധങ്ങള്‍ സജ്ജമാക്കുന്ന 31 ആര്‍ട്ടിലറി ബ്രിഗേഡ് എന്ന പ്രത്യേക യൂണിറ്റിലെ ബ്രിഗേഡിയറുടെ പെഴ്സണല്‍ അസിസ്റ്റന്റായിട്ടായിരുന്നു. കോട്ട, ജയ്പൂര്‍, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളിലും കുഷ്വ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ സൈനിക വിഭാഗത്തിലെ ആരൊക്കെ ചാരവൃത്തിയിലേര്പ്പെട്ടിട്ടുണ്ടന്ന് വ്യക്തമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: