രണ്ടാം വരവിനൊരുങ്ങുകയാണ് മലയാളികളുടെ സ്വപ്നനായികയായ ജയഭാരതി. അതിനുള്ള അനുഗ്രഹം തേടിയാണ് സകലകലാവല്ലഭനായ നടരാജന് മുന്നില്‍ എത്തിയത്. വടക്കുംനാഥനെ പ്രണമിച്ച് ചിലങ്കയണിഞ്ഞ് ജയഭാരതി അരങ്ങിലെത്തിയപ്പോള്‍ കാത്തിരിപ്പിനെ അനശ്വരമാക്കികൊണ്ടുള്ള അവിസ്മരണീയ മൂഹൂര്‍ത്തമായി മാറി അത്. രണ്ടാം വരവില്‍ വടക്കുംനാഥ ക്ഷേത്രമുറ്റത്ത് പ്രായത്തെ മറന്ന് ജയഭാരതി ഭരതനാട്യ ചുവടുകള്‍ വെച്ചപ്പോള്‍ ഏവരും ആനന്ദലഹരിയിലായി. വടക്കുംനാഥന് മുന്നില്‍ ആദ്യവും ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷവുമായിരുന്നു ജയഭാരതി പൊതുവേദിയില്‍ നൃത്തം അവതരിപ്പിച്ചത്.
മുത്തുസ്വാമി ദീക്ഷിതരുടെ കുമുദക്രിയ രാഗത്തിലുള്ള അര്‍ദ്ധനാരീശ്വര പുഷ്പാഞ്ജലിയോടെയാണ് ജയഭാരതിയുടെ നൃത്തത്തിന് തുടക്കമായത്. പിന്നെ പ്രായം മറന്ന്, പരിമിതകള്‍ മറന്ന് ഭക്തിയുടെയും കലാസമര്‍പ്പണത്തിന്റെയും സാഗരത്തില്‍ അലഞ്ഞു. മീരാഭജനും, പന്തനല്ലൂര്‍ ശ്രീനിവാസപിള്ളയുടെ ശിവസ്തുതിയും, ബാലമുരളീ കൃഷ്ണ ചിട്ടപ്പെടുത്തിയ ദേവീവന്ദനവുമെല്ലാം അരങ്ങില്‍ നിറഞ്ഞു. അഡയാര്‍ കലാക്ഷേത്രയില്‍ നിന്നുള്ള നര്‍ത്തകരും ജയഭാരതിയ്ക്കൊപ്പം ചുവടുകള്‍വെച്ചു.സഹോദരിയുടെ മകനും ചലച്ചിത്ര താരവുമായ മുന്നയ്ക്കും പേരക്കുട്ടി ഈവയ്ക്കുമൊപ്പം ശിവരാത്രി മണ്ഡപത്തിലെത്തിയ ജയഭാരതി പ്രായത്തിന്റെ പരിമിതികളെ വേദിയില്‍ സര്‍ഗശേഷികൊണ്ടു മായ്ച്ചുകളഞ്ഞു.
രണ്ടാംവരവില്‍ സിനിമയില്‍ നല്ലഅവസരങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് തുറന്ന് പറയുവാനും ജയഭാരതി മടികാണിച്ചില്ല. നെറ്റിനിറയുന്ന കുങ്കുമപ്പൊട്ടും മുഖം നിറയുന്ന ചിരിയുമായി ജയഭാരതി തൃശൂര്‍ പ്രസ്ക്ലബില്‍ വച്ച് സംസാരിക്കുമ്പോള്‍ രണ്ടാംവരവിന്റെ ആത്മവിശ്വാസം പ്രകടമായിരുന്നു. നാനൂറോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും അതില്‍ 360എണ്ണത്തില്‍ നായികയാവുകയും രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ നേടിതന്നതും മലയാളികളുടെ സ്നേഹമാണെന്ന് തുറന്ന് പറയുമ്പോഴും പ്രായം തിരിച്ച് വരവിനൊരു തടസ്സമല്ലെന്ന സൂചനയും നല്‍കാനും മറന്നില്ല. തന്നെ താനാക്കിയത് മലയാള സിനിമയാണ്. പതിനഞ്ചാം വയസ്സില്‍ സിനിമയിലെത്തിയ താന്‍ 24 വയസു വരെ അഭിനയിച്ചത് വിശ്രമവേളകളില്ലാതെയാണ്. നായകന് ആരായിരുന്നാലും നായിക ജയഭാരതി എന്നതായിരുന്നു സ്ഥിതി. പല ദിവസങ്ങളിലും 24 മണിക്കൂര്‍വരെ നീളുന്ന ഷൂട്ടിങ്. ഒരു വര്‍ഷം 43 പടം വരെ ചെയ്തിട്ടുണ്ട്. അന്നെല്ലാം സിനിമ ഒരുകുടുംബമായിരുന്നു.
ഭരതനാട്യം അഭ്യസിച്ചതു കൊണ്ടു മാത്രമാണ് സിനിമയിലെത്തിയത്. അഞ്ചാം വയസ്സ് മുതല്‍ ആരംഭിച്ചതാണ് നൃത്തപഠനം. പണമില്ലാതിരുന്നിട്ടും പഠിപ്പിക്കാന്‍ ആഭരണങ്ങള്‍ വിറ്റ അമ്മയ്ക്കാണ് ആദ്യം കടപ്പാട്. ഒരിക്കല്‍ ഒരു നൃത്ത മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചപ്പോള്‍ ട്രോഫി സമ്മാനിച്ചത് തമിഴ്നാട്ടിലെ ഒരു വിദ്യാഭ്യാസ മന്ത്രിയാണ്. അന്ന് അദ്ദേഹം പ്രവചിച്ചു, ഇവള് അടുത്ത വൈജയന്തിമാലയാണെന്ന്. അന്നത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസ്സിലായിരുന്നില്ല.
പ്രശസ്തിയില്‍ നില്ക്കുമ്പോള് സിനിമ വിട്ട്പോയെന്ന് പറയുന്നത് ശരിയല്ല. സിനിമ വിട്ടിട്ടില്ല. കലാകാരന്മാര്ക്കും കലാകാരികള്‍ക്കും വ്യക്തിജീവിതം കൂടിയുണ്ടെന്ന് ആദ്യം മനസിലാക്കണം. വിവാഹശേഷം എന്റെ റോള്‍ ഭാര്യ, അമ്മ, മരുമകള്‍ തുടങ്ങിയ പല പേരുകളിലേക്ക് മാറിയിരുന്നു. അപ്പോഴും നൃത്തം ഞാന്‍ ഉപേക്ഷിച്ചിരുന്നില്ല. ഞാന്‍ തമിഴ്നാട്ടില്‍ നൃത്തലോകത്തു മുഴുകിക്കഴിയുകയായിരുന്നു. നൃത്തത്തിലൂടെ കേരളത്തില്‍ അംഗീകാരം കിട്ടാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ തമിഴ്നാട്ടില്‍ വലിയ അംഗീകാരമാണ് നര്‍ത്തകിമാര്‍ക്ക് ലഭിക്കുന്നത്. കലാമണ്ഡലം ക്ഷേമാവതിയെപ്പോലുള്ളവര്‍ക്കുപോലും കേരളത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നുണ്ടോ എന്നറിയില്ല. എന്നാല്‍ തമിഴ്നാട്ടില്‍ കൃഷ്ണഗാനസഭ അവരെ ആദരിച്ചിരുന്നു. ചെറുപ്പംമുതല്‍ ഭരതനാട്യം അഭ്യസിക്കുന്നതുകൊണ്ടാണ് തനിക്ക് ഇന്നും ഇതുപോലെ നില്ക്കുവാന് സാധിക്കുന്നത്. തന്റെ ഏറ്റവും വലിയ ഗുരു അമ്മതന്നെയാണ്, വള ഊരിക്കൊടുത്തും മാലഊരിക്കൊടുത്തും അഞ്ച് വയസ്മുതല്‍ നൃത്തംപഠിപ്പിച്ചത് അമ്മയാണ്. വീട്ടില്‍ വന്നാണ് എല്ലാവരും പഠിപ്പിച്ചത്. പുറത്ത്പോയി പഠിച്ചിട്ടില്ല. നൃത്തംഎപ്പോഴും എന്റെ കൂടെയുണ്ട്. എല്ലാം ചെന്നൈയിലായിരുന്നു. ഒന്നേപഠിക്കാവു,ഭരതനാട്യം മാത്രം. ഭരതനാട്യത്തില്‍ തന്നെ എല്ലാം പഠിക്കണം. വടക്കുംനാഥക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുവാനായതില്‍ വളരെ സന്തോഷമുണ്ട്.
സിനിമകൂലിപണിപോലെയാണ് ചെയ്തത്. എല്ലാആര്‍ട്ടിസ്റ്റുകളും ഒരുപോലെ ബഹുമാനത്തോടെയാണ് കഴിഞ്ഞിരുന്നത്. സിനിമയായിരുന്നുജീവിതം. സിനിമ എല്ലാം തന്നു. ഒന്നും എടുത്തിട്ടില്ല. കലയെ എന്റെ ജീവിതത്തിനായി എടുക്കുകയാണ് ചെയ്തിട്ടുള്ളത്.അഭിനയഘട്ടത്തില്‍ ഒരിക്കലും നിരാശതോന്നിയിട്ടില്ല. അങ്ങനെ വന്നാല്‍ അവഒഴിവാക്കും. ജോലി ചെയ്യുന്നതിന് പണം വാങ്ങാറുണ്ട്. അത്കൊണ്ട് തന്നെ ഒരു പ്രൊഡ്യൂസറും വണ്ടിചെക്ക് നല്‍കിയിട്ടില്ല.
റിയാലിറ്റിഷോകളില്‍ പങ്കെടുക്കുവാന്‍ ക്ഷണമുണ്ടാവാറുണ്ടെങ്കിലും താല്പര്യമില്ല. എന്റെ കാലഘട്ടത്തെ സുവര്‍ണ്ണകാലഘട്ടമെന്നാണ് വിശേഷിപ്പിക്കാറ്. സിനിമകള്‍ കാണാറില്ല. അത് കൊണ്ട് ഇപ്പോഴത്തെ സിനിമകളെക്കുറിച്ചറിയില്ല. പണ്ടും സിനിമ കാണാത്ത നടിയെന്നാണ് അറിയപ്പെട്ടിരുന്നത്. ചെറപ്പത്തില്‍ നാല് സിനിമകളെ കണ്ടിട്ടുള്ളു. ഈയടുത്തകാലത്ത് മകന് അമേരിക്കയില്‍നിന്നും വന്നപ്പോള്‍ കുറച്ച് സിനിമകള്‍ കണ്ടു.
സിനിമയില്‍നിന്നും കിട്ടുന്നപ്രശസ്തി കയ്യില്‍ വെള്ളം കൊണ്ട് പോകുന്നപോലെ തുളുമ്പി പോകാതെ കൊണ്ട് പോകണം. എന്നാലേ അവസാനകാലഘട്ടത്തില്‍ ബുദ്ധിമുട്ടില്ലാതെ ജീവിക്കാനാവുകയുള്ളു. ഹേമമാലിനിക്കൊപ്പം കൃഷ്ണനായി വേഷം കെട്ടിയിട്ടുണ്ട് എന്ന് വച്ച് അവരെ പോലെ ജീവിക്കണമെന്നാഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല. രാഷ്ട്രീയം അറിയില്ല, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവാനും ഉദ്ദേശ്യമില്ല.
സീനിയര്‍ താരങ്ങളായ ശാരദ, ഷീല എന്നിവര്‍ മലയാളത്തിലെ താരറാണിമാരാണ്.അവരെ എന്നും വലിയബഹുമാനത്തോടെ തന്നെയാണ് കണ്ടിരുന്നത്. എന്നേക്കാള്‍ സീനിയറായതിനാല്‍ വലിയ ബഹുമാനമാണ് രണ്ടുപേരോടും. പ്രേംനസീര്‍ നല്ല മനുഷ്യനാണ് . അദ്ദേഹം മരിച്ചപ്പോള്‍ മലയാള സിനിമ അനാഥമായി എന്നാണ് താന്‍ പറഞ്ഞത്.
സിനിമ തന്നെയാണ് എന്റെ ജീവിതം എന്നെ ഞാനാക്കിയത് സിനിമയും മലയാളികളുമാണ് അതൊരിക്കലും മറക്കാനാവില്ല. മലയാളികള്‍ ആ സ്നേഹത്തോടെ വിളിക്കുകയും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും തിരിച്ച് വരുമെന്നും ജയഭാരതി. അതിനുള്ള തയ്യാറെടുപ്പാണ് വടക്കംനാഥനില്‍ തുടക്കമിട്ടത്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: