മഹാഭാരതത്തിലെ കഥാപാത്രങ്ങളെ മനുഷ്യപക്ഷത്തു നിര്‍ത്തി ന്യയാന്യായങ്ങളെ വിശകലനം ചെയ്ത് നീതി കണ്ടെത്തുന്ന പുസ്തകമാണ് കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനം. ഇതിഹാസ കഥാപാത്രങ്ങളെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിക്കൊണ്ട് മലയാള നിരൂപണത്തിലെ പാരമ്പര്യക്കുടുമകളെ വെട്ടി നിരത്തുകയായിരുന്നു ഈ കൃതി. നീതിയും നെറിവും പാണ്ഡവപക്ഷത്തു മാത്രമാണെന്ന തെറ്റിദ്ധാരണയും അതിനായി നിര്‍മിച്ച ന്യാങ്ങളെയും തിരുത്തിക്കൊണ്ട് കൗരവപക്ഷത്തും നീതിയുണ്ടെന്ന് മാനുഷികവും യുക്തിസഹവുമായ രീതിയില്‍ ചൂണ്ടിക്കാട്ടുന്നതാണ് ഭാരതപര്യടനം. ദുര്യോധനനെ വില്ലനാക്കുന്ന പാപത്തേയും കയ്യാലപ്പുറത്തായ കര്‍ണന്റെ നീതിയേയും ഔചിത്യത്തിന്റെ കണ്ണിലൂടെ മാരാര്‍ നിരീക്ഷിക്കുന്നു.
രമേഷ് കുമരോത്തിന്റെ ‘ദുര്യോധനന്റെ നീതി’ എന്ന കവിതാ സമാഹാരം വായിക്കുമ്പോള്‍ സ്വാഭാവികമായും മാരാരുടെ ഭാരതപര്യടനം ഓര്‍മയില്‍ തെളിയും. ദുര്യോധനന്റെ നീതിയെക്കുറിച്ചുള്ള അന്വേഷണം മാത്രമല്ല ഈ കൃതിയുടെ പൊതുസ്വഭാവം തന്നെ വെളിപ്പെടുത്തുന്നതാണ് ശീര്‍ഷകം. ഇതിലെ ഇരുപത്തിരണ്ട് കവിതകളിലും ഒരു നീതിതേടല്‍ പ്രക്രിയ അനവരതം നിറയുന്നുണ്ട്.
ശീര്‍ഷകപ്രധാനമായ ആദ്യ കവിത ദുര്യോധനന്റെ നീതി സമകാലിക സാമൂഹിക അവസ്ഥയെക്കുടി പ്രതിഫലിപ്പിക്കുകയാണ്. ഇതിഹാസ കഥ പറഞ്ഞ് ഇന്നത്തെ നീതിന്യായങ്ങളെ കവി നിരീക്ഷണത്തിന് വിധേയമാക്കുന്നു.
”യുദ്ധം ജയിച്ചവന്റെ അനീതി
നീതിയായ് ചരിത്രമാകുന്നതും സത്യം”
സമാധാനത്തിന്വേണ്ടി പോലും യുദ്ധം നടക്കുന്ന ആധുനിക കാലത്ത് യുദ്ധം ജയിക്കാന്‍ അനീതി നീതിയായി മാറുന്ന തലതിരിഞ്ഞ കാഴ്ചയുണ്ട്. രാജ്യസ്നേഹം, അഴിമതിക്കെതിരെയുള്ള യുദ്ധം, ഗ്രാമവിശുദ്ധി, പ്രാദേശിക സ്നേഹം, സാക്ഷരത തുടങ്ങിയവ അറിയാതെയാണെങ്കിലും എല്ലാ കവിതകള്‍ക്കും ബാധകമാണ്. ഇരുപത്തി രണ്ട് കവിതകളിലും ഒളിഞ്ഞുംതെളിഞ്ഞും നില്‍ക്കുന്നത് അതിരറ്റ മനുഷ്യസ്നേഹം തന്നെ. സ്നേഹം കാരുണ്യം ത്യാഗം സാഹോദര്യം തുടങ്ങിയ മാനവിക വികാരങ്ങളുടെ ചിന്തയില്‍ നിന്നും തെളിഞ്ഞുവരുന്ന വിഷയങ്ങളുടെ ആഖ്യാനമാണ് ഈ കവിതാസമാഹാരം.
മനുഷ്യന്റെ സ്നേഹരാഹിത്യത്തിനും കളവിനും ചതിയ്ക്കും രാജ്യദ്രോഹത്തിനുമെതിരെ നിഷേധിയുടെ ബോധത്തോടെ പ്രതികരിക്കുന്ന കവി ചിലപ്പോള്‍ വാക്കുകളിലൂടെ ചാട്ടവാറും പ്രയോഗിക്കുന്നു. പ്രത്യേകിച്ചും തീവ്രവാദത്തിനെതിരെ.
ഉള്ളൂരിന്റെ പ്രേമസംഗീതത്തെ ഓര്‍മ്മിക്കും പോല്‍ ഒരു സാരോപദേശ കാതല്‍ നിയതിയുടെ നീതി എന്ന കവിതയില്‍ കാണാം.
കൊടുത്താലതു കിട്ടീടുംതിരികെ,
കൊടുത്തതാമളവിലും ഗുണത്തിലുമായ്
എന്നിങ്ങനെ കര്‍മ്മത്തിനനുസരിച്ചു കിട്ടുന്ന ഫലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ ഗുണപാഠ സദ്യശമാകുന്നു.
സാധാരണ വിഷയങ്ങളെക്കുറിച്ചുള്ള അസാധാരണ ആഖ്യാനമല്ല സാധാരണ വിഷയത്തെപ്പറ്റിയുള്ള സാധാരണ സംഭവങ്ങളാണ് കവിത.
കവിതയുടെ മൊത്തം പശ്ചാത്തലം ഗ്രാമീണതയാണ്. ഗ്രാമത്തിന്റെ നന്മയെ നക്കിത്തുടയ്ക്കുന്ന നാഗരിക ആസുരതയ്ക്കുമേല്‍ വാക്കുകള്‍ കൊണ്ടുള്ള മുറിവേല്‍പ്പിക്കല്‍ എല്ലാ കവിതകളുടെയും അടിയൊഴുക്കാണ്. ഉള്ളില്‍ തിങ്ങിവിളഞ്ഞ മാനുഷികതയെ വരവേല്‍ക്കുന്ന നിരവധി പരിപ്രേക്ഷ്യങ്ങളെ പ്രകടിപ്പിക്കാനുള്ള മാധ്യമമായിട്ടാണ് കവിതയെ രമേഷ് കാണുന്നത്.
പക്ഷംപിടിച്ചുകൊണ്ടുള്ള പരമ്പരാഗത നീതി ന്യായ സത്യങ്ങളെ കീഴ്മേല്‍ മറിച്ചു കൊണ്ടുള്ള പുതുകവിതകളുടെ വസ്തുതാന്വേഷണത്തിന്റെ പ്രകാശമുള്ള എഴുത്താണ് രമേഷിന്റേത്. ദുര്യോധനന്റെ നീതി നേരെ ചൊവ്വേ കാര്യം പറഞ്ഞു കൊണ്ടുള്ള നീതിയുടെ രീതിയാണ്. പാണ്ഡവരല്ലെന്ന കാരണത്താല്‍ കൗരവ പക്ഷത്തെ ന്യായങ്ങള്‍ കാണാതെ പോകരുതെന്ന് ചൂണ്ടിക്കാണിക്കുകയാണ് കവിത.
എല്ലാക്കവിതകളിലും കവിക്കുള്ളിലെ വ്യക്തി തന്റേതായ രീതിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചില കവിതകളില്‍ കവിയെക്കാളുപരി കവിയിലെ വ്യക്തിയെക്കാണാം. തന്റെ നീതി ബോധം കൂടി പ്രകടിപ്പിക്കാനുള്ള വഴി കൂടിയാണ് രമേഷിന് കവിതാരചന. കവിതകളില്‍ പാതി കവിയും പാതി വ്യക്തിയും നിറഞ്ഞിരിക്കുന്നു.
ദര്‍ശനത്തിന്റെ ഭാരമോ ഭാഷകൊണ്ടുള്ള ചപ്പടാച്ചികളോ കവിതയെ അലങ്കോലമാക്കുന്നില്ല. എന്നാല്‍ കവിതയുടെ അത്യുന്ന ‘ാവം തേടിയുള്ള അന്വേഷണം ദുര്യോധനന്റെ നീതിയില്‍ പ്രതീക്ഷിക്കേണ്ടതി്ല്ല. കാവ്യ വഴികളിലൂടെ നടന്നുതുടങ്ങിയ ഒരു കവിയുടെ നടന്നുപടിക്കല്‍ ആയേ ഇതിനെ കാണേണ്ടതുള്ളൂ. ജീവിത വീക്ഷണവും കവിതയും കുഴഞ്ഞുമറിഞ്ഞ് മുഴുവനായും കവിതയെ സ്വയംവരിക്കാത്തത് കവിയിലെ വ്യക്തിയെ മുഴുവനായും കുടഞ്ഞു കളയാത്തതിനാലാണ്. എന്നാല്‍ ഇതൊരു തെറ്റല്ല. പ്രചാരണം ഉടയാട ചുറ്റിയ കാവ്യാലങ്കാരം ഇതിനില്ല. പകരം നിഷ്ക്കളങ്കമായ ചില ധര്‍മ്മ ബോധനങ്ങള്‍ മാത്രം.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: