വാഗ അതിര്‍ത്തിയിലെ സായാഹ്നങ്ങള്‍ എന്നും പൂര ലഹരിയിലാണ്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്ക്കും വാദ്യഘോഷങ്ങള്‍ക്കും പകരം ഇവിടെ നടക്കുന്നത് ഒരു മഹാരാജ്യത്തിന്റെ വീറും കരുത്തും അഭിമാനവും വാനോളമുയര്‍ത്തുന്ന അഭ്യാസപ്രകടനങ്ങളുടെ പൊടിപൂരം.
ആ കറുത്ത നാളുകളിലെ വിഭജനത്തില്‍ അഖണ്ഡഭാരതത്തില്‍ നിന്ന് പാക്കിസ്ഥാന് ഉടലെടുത്തതോടെ വരയ്ക്കപ്പെട്ട റാഡ്ക്ലിഫ് രേഖയിലാണ് വാഗാ അതിര്‍ത്തിയുടെ പിറവി. വാഗയെന്ന അതിസുന്ദര ഗ്രാമവും അങ്ങനെ വെട്ടിമുറിക്കപ്പെട്ടു.
കിഴക്കന്‍ ഭാഗം ഇന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പാക്കിസ്ഥാനിലുമായി. വിഭജനം കൊണ്ടുവന്ന രക്തച്ചൊരിച്ചിലുകള്‍ക്കും ലക്ഷങ്ങളുടെ കൂട്ടപ്പലായനങ്ങള്‍ക്കും മൂകസാക്ഷിയാകേണ്ടിവന്ന ഈ അതിര്‍ത്തി ഗ്രാമം ഇന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലെ ചെക്ക്പോയിന്റാണ്. വാഗാ അതിര്‍ത്തിയിലെ കവാടങ്ങള്‍ സൂര്യാസ്തമയത്തോടെ അടയ്ക്കുന്ന ചടങ്ങ് (ബീറ്റിങ്ങ് റിട്രീറ്റ്) ദേശസ്നേഹികള്‍ക്ക് അഭിമാനത്തിന്റെ മായാത്ത കാഴ്ചകള്‍ സമ്മാനിക്കുന്നു. ദേശീയപതാകകള്‍ പാറിക്കളിക്കുകയും ദേശഭക്തിഗാനങ്ങള്‍ അലയടിച്ചുയരുകയും ചെയ്യുന്ന സായാഹ്നത്തില്‍ ചടങ്ങുകള്‍ ആരംഭിക്കുകയായി.
വന്ദേമാതരം, ഹിന്ദുസ്ഥാന്‍ സിന്ദാബാദ് ഭാരതമാതാ കീ ജയ് വിളികളുടെ ഗാംഭീര്യത്തില്‍ അതിര്‍ത്തിരക്ഷാ സേനയിലെ രണ്ട് വനിതാ അംഗങ്ങള്‍ ദേശീയ പതാകയുമേന്തി കവാടങ്ങള്‍ക്ക് മുന്നില്‍ ചടുല താളങ്ങളുടെ പട്ടാളച്ചിട്ടയില്‍ എത്തുന്നത് ആവേശകരമായ ചടങ്ങുകളുടെ നാന്ദിയാണ്. കൂറ്റന്‍ സ്പീക്കറുകളില്‍നിന്ന് ചക്ദേ, ചക്ദേ ഇന്ത്യ, ജയ്ഹോ ജയ്ഹോ ഗാനങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ തിങ്ങിനിറഞ്ഞ ഗാലറികളില്‍ നിന്നുയരുന്ന ആരവങ്ങളുടെ പശ്ചാത്തലത്തില്‍ ആറടിയിലേറെ ഉയരവും മനോഹര വേഷവിധാനങ്ങളും കിന്നരിത്തൊപ്പികളുമായി ആറ് ബിഎസ്എഫ് ഭടന്മാര് കരുത്തിന്റെ മഹാപ്രകടനവുമായെത്തി കവാടങ്ങള്‍ തുറക്കാന്‍ കമാന്‍ഡറുടെ അനുമതി തേടുന്നു.
ആ വരവാണ് കാണേണ്ട കാഴ്ച… തലയിലുറപ്പിച്ച കിന്നരിത്തൊപ്പികള്‍ക്കും മുകളില്‍ ഉയരുന്ന കാലുകള്‍ നിലത്ത് ആഞ്ഞുചവിട്ടി സകല വീര്യവും ശൗര്യവും ഈ ഭടന്മാര് കാഴ്ചവെക്കുമ്പോള്‍ ജനാരവം ഒരു നിമിഷം നിശബ്ദമാകും. നിലത്ത് ആഞ്ഞു പതിക്കുന്ന ബൂട്ടുകളുടെ ശബ്ദം കേള്‍ക്കുന്നത് കാതങ്ങള്‍ക്കപ്പുറം…. കാക്കി വേഷധാരികളായ ബിഎസ്എഫ് ഭടന്മാര്ക്കൊപ്പം പാക്കിസ്ഥാന്റെ കവാടങ്ങള്‍ക്കു മുന്നില്‍ കറുത്ത വേഷക്കാരായ പാക്കിസ്ഥാനി റേഞ്ചര്‍മാരും പങ്കെടുക്കും. പിന്നീടുള്ള നിമിഷങ്ങള്‍ കാഴ്ചക്കാരായ ഓരോ ഭാരതീയന്റെയും മനസ്സില്‍ ദേശാഭിമാനത്തിന്റെ മായാത്ത മുദ്രകള്‍ സമ്മാനിക്കുന്ന പ്രകടനങ്ങളാണ്. കൈകള്‍ ആഞ്ഞുവീശി, നിലത്ത് ആഞ്ഞുചവിട്ടി പട്ടാളക്കരുത്തിന്റെ മാസ്മരിക ഭാവങ്ങള്‍ തിങ്ങുന്ന ചടങ്ങ് അരമണിക്കൂര്‍ നീളും. ജനങ്ങള്‍ക്കൊപ്പം ആവേശഭരിതരാകുന്ന ഭടന്മാര് വീറിന്റെ പാരമ്യത്തില്‍ പാക്കിസ്ഥാനുനേരെ കാട്ടുന്നത് പോരാട്ടവീര്യത്തിന്റെ കിടിലന്‍ ചേഷ്ടകള്‍.
സൂര്യന് അസ്തമിക്കുന്നതോടെ ഇരുരാജ്യങ്ങളുടെയും പതാകകള്‍ താഴ്ത്തുകയായി. നിശ്ശബ്ദമായ അന്തരീക്ഷത്തില്‍ സര്‍വ്വ ബഹുമാനങ്ങളും ആദരവുകളും ഏറ്റുവാങ്ങി നമ്മുടെ ദേശീയപതാക താഴേക്ക്…. ഒപ്പം പാക് പതാകയും താഴുന്നു. സൈനിക ബഹുമതികളോടെ പതാകകള്‍ കൊണ്ടുപോകുന്നതോടെ കവാടങ്ങള്‍ അടയ്ക്കാനുള്ള സമയമായി. വീരപരാക്രമികളെ അനുസ്മരിപ്പിക്കുന്ന പരേഡുകള്‍ അല്‍പ്പസമയം കൂടി…. കൂറ്റന്‍ ഇരുമ്പ് കവാടങ്ങള്‍ ദിക്ക് നടുങ്ങുംപോലെ വലിച്ചടച്ച് ഭടന്മാര് പിന്‍വാങ്ങുന്നു…. ചടങ്ങുകള്‍ പൂര്‍ത്തിയായതായി കമാന്‍ഡറെ അറിയിക്കുന്നതോടെ പൂരമേളങ്ങള്‍ക്ക് കൊടിയിറങ്ങുകയായി, അടുത്ത ദിനത്തിലെ വര്‍ണ്ണക്കാഴ്ചകളുടെ കൊടിയേറ്റവും കാത്ത്.
പഞ്ചാബിലെ അമൃത്സറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഒഴിവാക്കാനാവാത്ത കാഴ്ചയാണ് 1959ല്‍ വാഗ അതിര്‍ത്തിയില്‍ ആരംഭിച്ച ബീറ്റിങ്ങ് റിട്രീറ്റ് പരിപാടി. അമൃത്സറിലെ പ്രസിദ്ധ സുവര്‍ണ്ണക്ഷേത്രത്തില്‍നിന്ന് 45മിനിറ്റ് ബസ് യാത്രകൊണ്ട് വാഗ അതിര്‍ത്തിയില്‍ എത്താം. ആരംഭിച്ച നാള് മുതല്‍ പ്രതികൂല കാലാവസ്ഥയില്‍പ്പോലും മുടങ്ങാത്ത ചടങ്ങ് ജനങ്ങളെ ആവേശഭരിതരാക്കും. മിന്നിമറയുന്ന കാമറാ ഫഌഷുകളുമായി വിദേശികളും ഈ ദൃശ്യങ്ങള്‍ക്ക് സാക്ഷികളാവുന്നു. ബീറ്റിങ്ങ് റിട്രീറ്റ് അവസാനിക്കുന്നതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള സ്വതന്ത്ര മേഖലയി (നോ മാന്‍സ് ലാന്റ്)ലേക്ക് മുമ്പ് ജനങ്ങള്‍ക്ക് അല്‍പ്പനേരം പ്രവേശനം അനുവദിച്ചിരുന്നു. പാക് ഭാഗത്തുനിന്ന് ചില പ്രകോപനങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇപ്പോള്‍ നിയന്ത്രണമുണ്ട്.
അമൃത്സറില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ അട്ടാരി റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നാണ് കണ്ണെത്താ ദൂരത്തോളം പച്ചപ്പട്ടു വിരിച്ച് പരന്നുകിടക്കുന്ന ഗോതമ്പ് വയലുകള്‍ക്ക് നടുവിലൂടെ കടന്നുപോകുന്ന ഗ്രാന്റ് ട്രങ്ക് റോഡിലെ വാഗ് ചെക്ക്പോസ്റ്റ്. ഒട്ടേറെ സുപ്രധാന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മൂകസാക്ഷിയായ ഈ അതിര്‍ത്തിക്ക് ദക്ഷിണേഷ്യയിലെ ബര്‍ലിന്‍ മതിലെന്ന് വിശേഷണം. അടല്‍ബിഹാരി വാജ്പേയി സര്‍ക്കാരിന്റെകാലത്ത് ആരംഭിച്ച ദല്‍ഹി-ലാഹോര്‍ ബസ്സും, തുടര്‍ന്ന് ദല്‍ഹിയില്‍നിന്നു തുടങ്ങിയ സംഝോത എക്സ്പ്രസ് തീവണ്ടി സര്‍വീസുമെല്ലാം അല്‍പ്പകാലം ഇതുവഴി കടന്നുപോയി. സമാധാനത്തിന്റെ പാതകള്‍ പാക്കിസ്ഥാന് തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ അഖണ്ഡഭാരത സങ്കല്പ്പത്തിലേക്ക് തുറന്നിടേണ്ടിയിരുന്ന കൂറ്റന്‍ കവാടങ്ങള്‍ വീണ്ടും കൊട്ടിയടയ്ക്കപ്പെട്ടു. എങ്കിലും കൂരിരുള്‍ നീങ്ങി വീണ്ടും പ്രഭാതം പൊട്ടിവിടരുമെന്ന പ്രതീക്ഷയില്‍ ഈ കവാടങ്ങള്‍ ഒരു ചടങ്ങായി അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നു. ദിനംപ്രതി ഇവിടെ ഉയരുന്ന അഖണ്ഡ ഭാരത മാതാ കീ ജയഘോഷങ്ങള്‍ വീണ്ടും ഭാരതം ഒന്നാകണമെന്ന ഉല്‍ക്കടമായ ആഗ്രഹത്തിലേക്കുള്ള നാന്ദിയാകുമെന്ന് പ്രത്യാശിക്കാം.
രാജേഷ് പട്ടിമറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക: