കൊച്ചി: ആഫ്രിക്കയില്‍ നിന്നും കംബോഡിയയില്‍ നിന്നുമെത്തിയ നാടന്‍ കലാകാരന്മാര് മലയാള നാടന്‍ പാട്ടുകള്‍ക്കൊപ്പിച്ച് ആടിയും പാടിയും ജനഹൃദയങ്ങളെ കീഴടക്കി. രാജ്യാന്തര നാടന്‍ കലാമേളയുടെ മൂന്നാംദിനം ദര്‍ബാര്‍ഹാള്‍ മൈതാനിയിലെത്തിയ കാണികള്‍ ഒന്നടങ്കം ഇവര്‍ക്കൊപ്പം ആടിയും പാടിയും സായാഹ്നം ചെലവിട്ടു.
വൈകിട്ട് മുതല്‍ കണ്ണൂര്‍ താപം ഗ്രാമവേദി അവതരിപ്പിച്ച നാട്ടറിവു പാട്ടുകളോടെയാണ് കലാമേളയുടെ മൂന്നാംദിനം തുടങ്ങിയത്. ഇതിനിടെയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് സുളു ഡാന്‍സ് സംഘം വേദിയിലെത്തിയത്. മുന്‍നിരയില്‍ ഇരുപ്പുറപ്പിച്ച സംഘത്തെ പലപ്പോഴും കൂട്ടനൃത്തത്തിലേക്കു വഴിമാറ്റി വിടാന്‍ ഗായകര്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല.
പുല്‍ച്ചാടികളെ ഭാഗ്യ പ്രതീകമായി കാണുന്ന കംബോഡിയയിലെ സംഘമവതരിപ്പിച്ച കങ്ങ്ടോപ്പ് ഡാന്‍സോടെയായിരുന്നു രാജ്യാന്തര മേളയ്ക്ക് അരങ്ങേറ്റം. ചിരട്ടയണിഞ്ഞ സ്ത്രീകളും പുരുഷന്മാരും കംബോഡിയന്‍ ഗായനങ്ങളുമായി ജന ഹൃദയങ്ങളെ തൊട്ടറിഞ്ഞു. കെമര്‍ ഉത്സവത്തിന്റെ ഭാഗമായി സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദിനാഘോഷങ്ങളിലാണ് ഈ നൃത്തം അവര്‍ അവതരിപ്പിക്കുന്നത്.
വന്യമായ ആഫ്രിക്കന്‍ മെയ്വഴക്കത്തിലായിരുന്നു ആഫ്രിക്കയില്‍ നിന്നുള്ള സുളു ഡാന്‍സ്. ആഫ്രിക്കയില്‍ നിന്നുള്ള ബിയോണ്ട് സുളു എന്ന ഗ്രൂപ്പ് അവതരിപ്പിച്ച സുളുനൃത്തരൂപം ചടുലമായ ആഫ്രിക്കന്‍ സംസ്ക്കാരത്തിന്റെ താളലയങ്ങളാല്‍ കൊച്ചിക്കാര്‍ക്ക് വേറിട്ട അനുഭവമായി. ആഫ്രിക്കയിലെ സുളു ഗോത്രത്തിന്റെ പരമ്പരാഗത നൃത്തരൂപമാണ് സുളു നൃത്തം. തലമുറകളായി കൈമാറി വരുന്ന ആചാരങ്ങളില്‍ ഒന്ന്. സന്തോഷകരമായ കാര്യങ്ങളെ വിളിച്ചറിയിക്കുന്ന സുളു ഡാന്‍സ് പലപ്പോഴും ഗോത്രത്തിലെ വിശേഷാവസരങ്ങളിലാണ് അവതരിപ്പിക്കുന്നത്. ഏഴുപേരടങ്ങുന്ന സംഘമാണ് നൃത്തം അവതരിപ്പിച്ചത്.
രാജ്യാന്തര നാടന്‍ കലാമേളയുടെ അവസാന ദിനമായ ഇന്ന് കളരിപ്പയറ്റ്, പരിചമുട്ടുകളി, ദഫ് മുട്ട്, പൂരക്കളി, സിക്കിമില്‍ നിന്നുള്ള തമങ്ങ്സൊലാ ഡാന്‍സ്, തൃപുരയില്‍ നിന്നുള്ള ഹൊസാഗിരി ഡാന്‍സ്, നാഗാലാന്റില്‍ നിന്നുള്ള കോക് ഡാന്‍സ്, മിസോറാമില്‍ നിന്നുള്ള പെറോ ഡാന്‍സ്, മണിപ്പൂരി ഡാന്‍സായ ലായി ഹറോബ ഡാന്‍സ്, ശ്രീലങ്കയില്‍ നിന്നുള്ള കോലം തുടങ്ങിയവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: