മുപ്പത് വര്‍ഷം മുമ്പ് 1983 നവംബറില്‍ ഞാന്‍ ഭാരതത്തില്‍ വന്ന് അമ്മയെക്കണ്ടു. അമ്മയുടെ തറവാട്ടുവീടായ ഇടമണ്ണേലില്. അന്ന് അവിടെ ആറു പാശ്ചാത്യരേയുള്ളൂ. ഒരു ഡസനോളം ബ്രഹ്മചാരിമാരും അവരുടെ ചെറുകുടിലുകളില്‍ കഴിഞ്ഞുവന്നു. അവിടമാണ് പിന്നീട് അമൃതപുരിയായത്. ഓലമേഞ്ഞ, ദീര്‍ഘചതുരാകൃതിയിലുള്ള രണ്ട് കുടിലുകള്‍. അവ ഓരോന്നും ചെറിയ മൂന്ന് മുറികളായി തിരിച്ചിരിക്കുന്നു. ആകെ ആറ് മുറികള്‍. ഇതിന് പുറമേ ഉറപ്പുള്ള ഒരു വീട്, അത് കുടുംബ വീട്. ഒരു പുതിയ കോണ്‍ക്രീറ്റ് വീട്, ആദ്യ നില ധ്യാനമുറിയായും മേല്‍നില അമ്മയുടെ മുറിയായും പുതുതായി ഉണ്ടാക്കിയിട്ടുണ്ട്. കളരിയുടെ വശത്ത് നിന്ന് തുറസായ ഒരു കോണി അമ്മയുടെ മുറിയിലേക്ക്. അതിന്റെ വാതില്‍ എപ്പോഴും തുറന്നിരിക്കും.
ഇരുപത്തിനാല് മണിക്കൂറില്‍ 20 മണിക്കൂറും അമ്മ മുറിക്ക് വെളിയിലായിരിക്കും. മണലിലിരുന്ന് ധ്യാനിക്കുകയോ, അയലത്തെ കുട്ടികളുടെ കൂടെ കളിക്കുകയോ ആശ്രമ കാര്യങ്ങള്‍ നടത്തുകയോ ചെയ്യുകയായിരിക്കും. എല്ലാ ദിവസവും ദര്ശനദിവസങ്ങളാണ്. കുടിലിലെ അവസാന മുറിയില്‍ അമ്മ ആഗതരെ സ്വീകരിച്ചുകൊണ്ട്, ദര്‍ശനം നല്കിക്കൊണ്ടിരിക്കും. അമ്മ ഒരിക്കലും ഒറ്റക്കായിരുന്നില്ല. അന്തേവാസികളോ ആഗതരോ അനുഗ്രഹവും ഉപദേശവും തേടിക്കൊണ്ട് എപ്പോഴും അമ്മയെചുറ്റിപ്പറ്റിയുണ്ടായിരിക്കും. ഇവരുടെ സംഖ്യ ഇന്നത്തെ അപേക്ഷിച്ച് വളരെ കുറവായിരുന്നു എന്നു മാത്രം. അമ്മയെ എപ്പോഴും സമീപിക്കാമായിരുന്നു. രാത്രിയും പകലും എപ്പോഴും അമ്മയെ കണ്ടെത്താന്‍ എളുപ്പമായിരുന്നു. എനിക്ക് എപ്പോള്‍ വേണമെങ്കിലും അമ്മയെ സമീപിക്കാമായിരുന്നു.– കാരണം, ഞാന്‍ അമ്മയുടെ മുഖ്യ തുണക്കാരിയാണ്. തൊട്ടു തൊട്ടുള്ള മുറികളുള്ള ഓലപ്പുരകളായിരുന്നതിനാല് എന്താണ് ഓരോയിടത്തും നടക്കുന്നതെന്ന് ആര്‍ക്കും എപ്പോഴും വ്യക്തമായിരുന്നു.
പാചകം, ശുചീകരണം ,വസ്ത്രം അലക്കല്‍ തുടങ്ങിയ ജോലികളില്‍ മുഴുകി ഞാന്‍ സസന്തോഷം ദിനങ്ങള്‍ നയിച്ചുവന്നു. എട്ട് മണിക്കൂര്‍ ധ്യാനം മൂന്ന് മണിക്കൂര്‍ ആദ്ധ്യാത്മിക പഠനക്ലാസ്, സായാഹ്ന ഭജന ഇവയാണ് സാധന. പ്രതിവാരം മൂന്ന് ദിവസം രാത്രി മുഴുവന്‍ അമ്മയെ പരിചരിച്ചുകൊണ്ട് നയിച്ചു. മൂന്ന് ദിവസം രാത്രി മുഴുവന്‍ നീളുന്ന ഭാവദര്‍ശനം ഉള്ളതിനാല്‍. പുലര്‍ച്ചവരെ അമ്മ ഭക്തരോടൊപ്പമോ കുടുംബാംഗങ്ങളോടൊപ്പമോ ഇരിക്കുമ്പോള്‍ ഞാന്‍ അടുത്തുണ്ടാകുമായിരുന്നു. ഭജനക്ക് ശേഷം അമ്മ സമാധിസ്ഥയായാല് സാധാരണ ബാഹ്യബോധതലത്തിലേക്ക് വരുംവരെ ഞാന്‍ അമ്മയെ നിരീക്ഷിച്ചുകൊണ്ട് അമ്മയുടെ അടുത്തിരിക്കും. പലപ്പോഴും അമ്മ എന്നെ വിളിച്ച് ചില കാര്യങ്ങളില്‍ സഹായിക്കാന്‍ ആവശ്യപ്പെടും. ഓരോ നിമിഷവും എന്താണ് ഇവിടെ നടക്കുന്നതെന്ന് അറിയാതിരിക്കാന്‍ സാധ്യമല്ലായിരുന്നു കാരണം, അത്ര ചെറിയ വളപ്പിലാണ് ഞങ്ങളെല്ലാം സാധനയും പ്രവൃത്തിയും ചെയ്തുകൊണ്ട് വസിച്ചിരുന്നത്.
വിവേകശൂന്യമായ ഒരു പെരുമാറ്റവും അമ്മയുടെ ഭാഗത്തുനിന്ന് സ്വാമിമാരോടൊ ഗെയ്ലിനോടൊ ഉണ്ടായതായി ഞാനൊരിക്കലും കണ്ടിട്ടില്ല. ഇതെനിക്ക് നിസംശയം പറയാം. ഗെയ്ല് അവിടെ ഉണ്ടായിരുന്ന കാലത്ത് തന്നെയാണ് ഞാനും ഉണ്ടായിരുന്നത്. അമ്മയുടെ സാമീപ്യം ഗെയ്ലിനിനോളം തന്നെ എനിക്കും ലഭിച്ചിരുന്നു. ഇത്രയും കാലം ഇതൊന്നും കാണാന്‍ എനിക്ക് ഇടവരാതിരുന്നതാണ് എന്ന് പറയാനാവില്ലല്ലോ. എനിക്ക് മലയാളത്തില്‍ അത്ര സ്വാധീനം ഇല്ലായിരുന്നുവെന്നത് ഞാന്‍ ഒന്നും കാണാതിരിക്കാന്‍ കാരണമാകുന്നില്ല.
അമ്മ ഇത്തരം അതിക്രമങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് ഇതിന് മുമ്പ് ഗെയ്ലില്‍ നിന്ന് ഒരിക്കലും കേട്ടിട്ടില്ല. ഒരിക്കല്‍പോലും ഗെയില്‍ എന്നോട് ഇത്തരം ഒരു വാക്കുപോലും പറഞ്ഞിട്ടില്ല . സത്യമാകുന്ന ദൈവത്തിന് മുമ്പിലുള്ള സാക്ഷ്യമാണിത്. ഞാന്‍ ബൈബിള്‍ തൊട്ടുകൊണ്ടൊ, ഭഗവദ്ഗീത തൊട്ടുകൊണ്ടോ, ഒരു ലൈ ഡിറ്റക്ടര്‍ ഘടിപ്പിച്ചുകൊണ്ടോ ഗെയ്ലിന്റെ ആരോപണങ്ങള്‍ നിഷേധിക്കാം. ഗെയ്ലിനെക്കുറിച്ച് മോശമായി ഞാന്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ മനസ്സുകൊണ്ടും വേഷംകൊണ്ടും സന്യാസം വെടിഞ്ഞ, അസ്തിത്വം നഷ്ടപ്പെട്ട, വിസ്മൃതയായ സന്യാസിനിയുടെ ഇത്തരം പ്രവൃത്തികളുടെ ഉദ്ദേശ്യം എന്തെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സത്യം പറഞ്ഞാല്‍ അമ്മയോടൊത്തുള്ള അവസാന വര്‍ഷങ്ങളില്‍, അവര്‍ അറിയപ്പെടുന്ന ഒരു ഭക്തന്റെപിന്നാലെ ഭ്രാന്തുപിടിച്ച പ്രേമവുമായി നടക്കുകയായിരുന്നു, ഒരു കോലാഹലം ഒഴിവാക്കാന്‍ അദ്ദേഹം അവരെ അകറ്റുകയുമായിരുന്നു. ഏറ്റവും അധികം അഹന്തയുണ്ടായിരുന്ന, തേളിന്റെ പോലെയുള്ള പ്രതികാര ബുദ്ധിയുണ്ടായിരുന്ന അവര്‍ക്ക് പ്രേമനൈരാശ്യം ബുദ്ധി സ്ഥൈര്യം നഷ്ടപ്പെടാന്‍ കാരണമായിരിക്കാം. ലൗകിക മാനദണ്ഡങ്ങള്‍ അനുസരിച്ച് പോലും ആഭാസകരമായ അവരുടെ കഥ, തിക്തമായ ഒരു വിഷക്കനിയാണ്. അവരുടെ ജീവിതത്തിന്റെ ദുരന്തമാണ്. ഇതാണ് എന്റെ അഭിപ്രായം.
അമ്മയുടെ സാമീപ്യത്തിലും ഉപദേശങ്ങളിലും ആനന്ദവും ശാന്തിയും നിറഞ്ഞ് നില്ക്കുന്നു. നമ്മുടെ ഓരോരുത്തരുടേയും അനുഭവം ഇക്കാര്യത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നു. മറ്റൊരാളുടെ അസംതൃപ്തിയെ ചുറ്റിപറ്റി നമ്മുടെ സമയം വിനിയോഗിക്കുന്നത് അമൂല്യമായ സമയത്തെ പാഴാക്കലാണ്. ഗെയില്‍ സ്വയം നിപതിച്ച നാശത്തിന്റെ ലോകത്തിലേക്കേ അത് നയിക്കൂ.
ശാന്തിയും സ്നേഹവും
കുസുമ (ഗ്രച്ചന്‍ മാക്ഗ്രിഗര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: