കോട്ടയം: ഇടുക്കി സീറ്റ് നല്‍കിയില്ലെങ്കില്‍ സൗഹൃദമത്സരത്തിന് തയ്യാറാണെന്ന ആന്റണി രാജുവിന്റെ പ്രസ്താവന കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം.മാണിയും വൈസ് ചെയര്മാന് പി.ജെ.ജോസഫും തള്ളി.
മുന്നണി സംവിധാനത്തില്‍ നിന്നുള്ള മത്സരത്തിനേ പാര്‍ട്ടിയുള്ളു. മറിച്ചുള്ള വാദങ്ങള്‍ അപ്രസക്തമാണെന്നും മാണി പ്രതികരിച്ചു. അതേസമയം ആന്റണി രാജുവിന്റേത് വ്യക്തപരമായ അഭിപ്രായമാണെന്നും ഇടുക്കിയില്‍ സൗഹൃദ മത്സരത്തിന് താല്പര്യമില്ലെന്നുമായിരുന്നു ജോസഫിന്റെ പ്രതികരണം.
വികാരപ്രകടനം മാത്രമാണ് ആന്റണി രാജുവിന്റേതെന്നും അത്തരമൊരു തീരുമാനം പാര്‍ട്ടി കൈക്കൊണ്ടിട്ടില്ലെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. ആന്റണി രാജുവിന്റെ പ്രസ്താവന അതിരു കടന്നതായിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എം.എല്‍.എ പ്രതികരിച്ചത്.
ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസിന് നിഷേധിച്ചാല്‍ സൗഹൃദമത്സരം വേണമെന്ന ശക്തമായ വികാരം പാര്‍ട്ടിയിലുണ്ടെന്നും രണ്ടു സീറ്റ് വേണമെന്നത് പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇടുക്കി സീറ്റ് മടക്കി നല്‍കാനുള്ള മാന്യത കോണ്‍ഗ്രസ് കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരളാ കോണ്‍ഗ്രസുകളുടെ ലയനം കൊണ്ട് ഗുണം കിട്ടിയത് കോണ്‍ഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: