തിരുവനന്തപുരം: ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസിന് നിഷേധിച്ചാല്‍ സൗഹൃദമത്സരം വേണമെന്ന ശക്തമായ വികാരം പാര്‍ട്ടിയിലുണ്ടെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ആന്റണി രാജു പറഞ്ഞു.
യു.ഡി.എഫില്‍ സൗഹൃദമത്സരം പുതിയ കാര്യമല്ലെന്നും മുമ്പും അതു ഉണ്ടായിട്ടുണ്ടെന്നും ആന്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും ഈ അഭിപ്രായമുണ്ട്.
പാര്‍ട്ടിയുടെ ഉറച്ച തീരുമാനമാണിതെന്നും ഒറ്റക്കെട്ടായി പാര്‍ട്ടി രണ്ടു സീറ്റ് ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ് സൗഹൃദ മത്സരത്തിന് തയാറാകണമെന്ന വികാരം പാര്‍ട്ടിയിലുണ്ട്.
ഇടുക്കി സീറ്റ് മടക്കി നല്‍കാനുള്ള മാന്യത കോണ്‍ഗ്രസ് കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരളാ കോണ്‍ഗ്രസുകളുടെ ലയനം കൊണ്ട് ഗുണം കിട്ടിയത് കോണ്‍ഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു.
1996ല്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സൗഹൃദമത്സരം നടന്നിട്ടുണ്ട്. രണ്ടു സീറ്റ് വേണമെന്ന ശക്തമായ അഭിപ്രായമാണ് കെ.എം.മാണിക്കുള്ളത്.
ഇതുവരെ ചേര്‍ന്ന പാര്‍ട്ടി യോഗങ്ങളില്‍ ഒന്നും തന്നെ ഇതു സംബന്ധിച്ച് എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: