ഒഞ്ചിയത്തെ കൊലപാതകത്തോടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നല്ല കുട്ടിയായി എന്ന് ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അത് പരമാബദ്ധമായെന്നേ പറഞ്ഞുകൂടൂ. ടി.പി. ചന്ദ്രശേഖരന് പാര്‍ട്ടിയുടെ കണ്ണിലെ കരടായിരുന്നുവെങ്കില് അത് വിദഗ്ധമായി എടുത്തുമാറ്റാന്‍ അവര്‍ക്കായി പാര്‍ട്ടിയുടെ നയപരിപാടികള്‍ നടപ്പാക്കുന്നതിന് മൂന്ന് തലത്തിലുള്ള ഏര്‍പ്പാടുകളാണുള്ളത്. അതില്‍ ഉന്മൂലനമാണ് പാര്‍ട്ടിക്ക് ഏറെയും പഥ്യം. ഉന്മൂലനത്തിന്റെ രീതിയനുസരിച്ചാണ് പാര്‍ട്ടിയുടെ വളര്‍ച്ചയും തളര്‍ച്ചയും. അക്കാര്യത്തില്‍ ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഒഞ്ചിയം സംഭവങ്ങള്‍ക്കുശേഷമാണ് പാര്‍ട്ടിക്കെതിരെ കടുത്ത ജനരോഷം ഉയര്‍ന്നതെന്നത് വസ്തുതയാണ്. കാലമിതുവരെ കൊലയാളി പാര്‍ട്ടിയെന്ന ലേബല്‍ ഒരു പരിധിയില്‍ കൂടുതല്‍ സിപിഎമ്മിന്റെ മേല്‍ പതിഞ്ഞിരുന്നില്ല.
എന്നാല്‍ അങ്ങേയറ്റത്തെ ക്രിമിനല്‍സംഘമാണ് അവരെന്ന് നാട്ടിലെ ഏതൊരു നിഷ്പക്ഷമതിയും അംഗീകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. എന്നിട്ടും ആ പാര്‍ട്ടി ജനാധിപത്യത്തിന്റെ സുതാര്യതയിലേക്ക് വരുന്നില്ല എന്നതാണ് ഖേദകരം. ഒഞ്ചിയം വിധിക്കുശേഷം വീണത് വിദ്യയാക്കുന്ന സ്വതസ്സിദ്ധമായ അടവുമായി അവര്‍ രംഗത്ത് സജീവമാണ്. എന്നു മാത്രമല്ല തങ്ങളുടെ അക്രമങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടിയെന്ന തരത്തിലുമാണ്.
ഒഞ്ചിയത്തുനിന്ന് അധികം അകലെയല്ലാത്ത അഴിയൂര്‍, ചോമ്പാല എന്നിവിടങ്ങളില്‍ അവര്‍ സ്വൈരവിഹാരം നടത്തുകയാണ്. വീടും കടകളും വാഹനങ്ങളും തകര്‍ക്കുക, വിളകള്‍ നശിപ്പിക്കുക തുടങ്ങിയ വഴി ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ എത്തിയിരിക്കുന്നു. ഒരാഴ്ചയിലേറെയായി സിപിഎം തേര്‍വാഴ്ച തുടരുകയാണിവിടെ.
ബിജെപി, ആര്‍എംപി കക്ഷികളെ ഏതറ്റം വരെയും പോയി നശിപ്പിക്കുക എന്ന രീതിയിലാണ് കാര്യങ്ങള്‍. ഒട്ടേറെ ബിജെപി പ്രവര്‍ത്തകരുടെ ജീവനോപാധികള്‍ തകര്‍ത്ത് കുടുംബങ്ങളെ നിരാലംബമാക്കിയാണ് പാര്‍ട്ടി മദിച്ചുപുളയ്ക്കുന്നത്. ഔദ്യോഗിക ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന കണ്ണികള്‍ ഇരുമ്പഴിക്കുള്ളിലാണെങ്കിലും അക്രമങ്ങള്‍ക്ക് ഒരുടവും സംഭവിച്ചിട്ടില്ല. കൂടുതല്‍ ക്രൗര്യവുമായി ചെറുചെറുസംഘങ്ങള്‍ സജീവമായി രംഗത്തുണ്ട്. അതിനൊപ്പം ആവേശം പകര്‍ന്നുകൊടുക്കാന്‍ സിപിഎമ്മിന്റെ സ്ഥിരം നേതാക്കളുമുണ്ട്. അടുത്ത ഭരണം തങ്ങള്‍ക്കാണെന്നും അതുകൊണ്ട് അധികൃതര്‍ ആലോചിച്ച് നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നും പരസ്യമായി അണികള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അത്തരത്തിലുള്ള ഭീഷണിപ്പെടുത്തല്‍ വേണമെന്ന് ഉന്നതതലത്തില്‍ നിന്നുതന്നെ നിര്‍ദ്ദേശം കിട്ടിയതുകൊണ്ടാണ് ഈദൃശ പ്രവര്‍ത്തനങ്ങളുമായി അവര്‍ സജീവമാകുന്നത്.
തങ്ങള്‍ക്ക് മാത്രമേ സംഘടനാ പ്രവര്‍ത്തനം പാടുള്ളൂ എന്ന ധാര്‍ഷ്ട്യമാണ് പാര്‍ട്ടിക്കുള്ളത്. അതിനെതിരുനില്‍ക്കുന്നവര്‍ ആരായാലും അവരെ കൊത്തിയരിയുക എന്ന നടപ്പു രീതിയാണ്. ഒഞ്ചിയം കേസിന്റെ വിധിക്കുശേഷം പുതിയ ചില വാദമുഖങ്ങളുമായി പാര്‍ട്ടി നേതൃത്വം മുന്നിട്ടിറങ്ങിയതില്‍ നിന്നുതന്നെ അവരുടെ കുറ്റവാസന എത്രയെന്ന് നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. പാര്ട്ടിക്കെതിരുനില്ക്കുന്നു എന്നു തോന്നിയാല്‍ ഏതടവും അവര്‍ക്കെതിരെ പ്രയോഗിക്കുക എന്ന തന്ത്രം വിദഗ്ധമായി പാര്‍ട്ടി നടപ്പില്‍ വരുത്തും. ടി.പി. ചന്ദ്രശേഖരന്റെ കാര്യത്തില്‍ നേതാക്കള്‍ അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ വിലയിരുത്തിയാല്‍ മാത്രം മതി ഈ പാര്‍ട്ടി എത്രമാത്രം കുറ്റവാസനയുള്ളതാണെന്നറിയാന്.
പ്രതിയോഗികളെ വ്യക്തിഹത്യ നടത്തി സമൂഹത്തിനു മുമ്പില്‍ അപമാനിക്കുകയും അതുവഴി അവരെ എന്നേക്കുമായി നിശ്ശബ്ദരാക്കുകയും ചെയ്യുക എന്നതാണ് അവരുടെ പ്രവര്‍ത്തനപദ്ധതി. ടി.പി. ചന്ദ്രശേഖരനുശേഷം മറ്റൊരു നേതാവിനെ ഉന്നമിട്ടുകൊണ്ട് അവരുടെ നിലപാടുകള്‍ കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വടകര ടൗണില്‍ നടന്ന സിപിഎം യോഗത്തില്‍ പേരെടുത്തു പറഞ്ഞുകൊണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. ഭാസ്കരനാണ് ഒരു പ്രതിയോഗി നേതാവിനെതിരെ കൊലവിളി ഉയര്‍ത്തിയത്. അത്തരം ഭീഷണി ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ലെന്നും ജനകീയപാര്ട്ടികള് അത്തരം ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉപദേശിക്കുന്നതിനു പകരം കൂടുതല്‍ പ്രോത്സാഹനം കൊടുക്കുന്ന സമീപനമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. അതിന്റെ തുടച്ചയെന്നോണം വടകര മേഖലയില്‍ അങ്ങിങ്ങോളം സിപിഎംകാര്‍ അഴിഞ്ഞാട്ടം തുടരുന്നു.
അക്രമികളെ നിലയ്ക്കുനിര്‍ത്തേണ്ട പോലീസ് സംവിധാനം ഒരര്‍ത്ഥത്തില്‍ കനത്ത മരവിപ്പിലാണ്. മാത്രമല്ല പല സംഭവങ്ങള്‍ക്കും ഒത്താശ ചെയ്തുകൊടുക്കുന്നുവോ എന്ന സംശയവും ഉയരുന്നുണ്ട്. അധികം വൈകുംമുമ്പ് തങ്ങളുടെ യജമാനന്മാര് ആകാന്‍ പോകുന്നവരെ തൊട്ടു കളിക്കേണ്ട എന്ന നിലപാടുതന്നെ. ടി.പി. ചന്ദ്രശേഖരന് വധാന്വേഷണത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന ഏത് നിഷ്പക്ഷമതിക്കും ഇത് കൃത്യമായി തിരിച്ചറിയാനും കഴിയും.
അസഹിഷ്ണുതയുടെ വൈറസ്സുകള്‍ സജീവമായ ഒരു പാര്‍ട്ടിയെ സംബന്ധിച്ച് കൊല്ലും കൊലയും പുത്തരിയല്ലായിരിക്കും. എന്നാല്‍ ജനജീവിതത്തിന് ഒരു ഗുണ്ടാപ്പട ഭീഷണിയായിത്തീര്ന്നാല് ജനാഭിമുഖ്യമുള്ള സര്‍ക്കാര്‍ കൈയും കെട്ടിയിരിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്. തിരുവഞ്ചൂരില്‍ നിന്ന് ചെന്നിത്തലയിലേക്ക് ആഭ്യന്തരവകുപ്പ് കൂടുമാറിയപ്പോഴും സ്ഥിതിഗതികളില്‍ ഒരു മാറ്റവും വരുന്നില്ല. സിപിഎമ്മിന് ഒത്താശക്കാരാവാന് പോലീസിന് നിര്‍ദ്ദേശം കൊടുത്തതുപോലെയാണ് തോന്നുന്നത്. അതിന് മാറ്റം വന്നില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു കാര്യവുമുണ്ടാവില്ല എന്ന് പറയാന്‍ ഞങ്ങള്‍ ഈ അവസരം വിനിയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: