ദൃശ്യങ്ങളുടെ നിറലോകത്തെ പിറവെട്ടമായിരുന്നു ബാലുമഹേന്ദ്ര. കാഴ്ച്ചപ്പൂരത്തിനപ്പുറത്തേക്ക് സിനിമയെ കാഴ്ച്ചപ്പാടിലെത്തിക്കാന് കഴിഞ്ഞ ബാലുവിനെ ഓര്‍മ്മിക്കുന്നു ജന്മഭൂമിയുടെ സേവ്യര്‍.ജെ
അരികു ജീവിതത്തിന്റെ വെപ്രാളങ്ങളുള്ള ശ്രീലങ്കയില്‍ ജനിച്ചതുകൊണ്ടാവാം ബാലുവിന്റെ സിനിമകള്‍ ഏറെയും പാര്ശ്വവല്ക്കരി ക്കപ്പെട്ടവരുടെ കഥയായത്. മധ്യവര്‍ത്തികളുടെ ജീവിതം പോലും അരികിലേക്ക് നീക്കിവെക്കപ്പെടുന്നതും ബാലുവിന്റെ സിനിമയില്‍ കാണാം. അതി നഗരജീവിതത്തിന് പകരം താരതമ്യേന സങ്കീര്‍ണമായ നഗര-ഗ്രാമ മധ്യങ്ങളായിരുന്നു ബാലു സിനിമകളുടെ സ്ഥലസ്വഭാവങ്ങള്. കാലമാകട്ടെ ഏറെക്കുറെ വര്‍ത്തമാനവും.
പേനകൊണ്ടല്ലാതെയും കവിത എഴുതാം. സിനിമയിലെ കവിത എഴുത്ത് ക്യാമറകൊണ്ടാണ്. ബാലുമഹേന്ദ്ര സിനിമയില്‍ ചെയ്തത് അതാണ്.
നിഴല്വെളിച്ചങ്ങളിലൂടെ ദൃശ്യങ്ങളുടെ ജീവന് തുടിപ്പ് ബാലു പ്രേക്ഷകരെ കാണിച്ചു. സെല്ലുലോയ്ഡിലെ കാവ്യചന്ദസായി ബാലുവിന്റെ ക്യാമറ മാറി. പേനയ്ക്ക് പകരം ഒരു ക്യാമറ തരൂ എന്ന് പറഞ്ഞ ലാറ്റിനമേരിക്കന്‍ സംവിധായകന് ഗ്ലാബര്‍ റോഷയെ ചിലപ്പോഴെങ്കിലും ബാലു മഹേന്ദ്രയില്‍ നാം കണ്ടു.
ഇരുപത്തിനാല് ഫ്രയിമുകള്‍ കൊണ്ട് സിനിമാഗ്രാമറിന്റെ അക്ഷരമാലകള്‍ കൂടുതല്‍ തിരിച്ചറിഞ്ഞ സംവിധായകന് രാമുകാര്യാട്ടിന്റെ നെല്ലിലൂടെ സിനിമയില്‍ തന്റെ ക്യാമറാ ചലനത്തിന്റെ ആദ്യവിത്തിട്ട ബാലുമഹേന്ദ്ര കാണികളെ സിനിമ അനുഭവിപ്പിച്ചു. നെല്ലിന്റെ നൈതികതപോലെ ബാലുവിന്റെ ക്യാമറക്കും സഹജാവബോധമുണ്ടായിരുന്നു. ക്യാമറ എന്ന യന്ത്രസരസ്വതികൊണ്ടുപോലും കൃത്രിമത്വത്തിന്റെ ആര്‍ഭാടമില്ലാത്ത ജീവന് വെച്ച എഴുത്തായിരുന്നു അദ്ദേഹത്തിന്റേത്. സംവിധാനം മോഹിച്ച് ക്യാമറാമാനായിത്തീര്ന്ന ബാലുവില്‍ വേദി അറിഞ്ഞൊരു സൂത്രധാരനുണ്ടായിരുന്നു. ക്യാമറയും സംവിധാനവും ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ക്യാമറയെ കണ്ണുകൊണ്ടും സംവിധാനത്തെ ഹൃദയംകൊണ്ടും തൊട്ട ബാലു എഡിറ്റിങ്ങിനെ മനസുകൊണ്ടും സ്പര്‍ശിച്ചു.
ക്യാമറകൊണ്ട് എഴുതിയതും സംവിധാനംകൊണ്ട് വായിച്ചതുമായിരുന്നു മലയാളത്തില്‍ ബാലുമഹേന്ദ്ര ചെയ്ത മൂന്ന് ചിത്രങ്ങള്‍. വിഷയംകൊണ്ടും ആഖ്യാനരീതികൊണ്ടും വ്യത്യസ്തമായ യാത്ര, ഊമക്കുയില്‍, ഓളങ്ങള്‍ മലയാളിക്ക് പുതിയ അനുഭവമായിരുന്നു. ഭിന്ന ജീവിത പശ്ചാത്തലത്തിലൂടെ നമുക്കിടയില്തന്നെയുള്ള വേറിട്ട മനുഷ്യരെയാണ് ബാലുവിന്റെ ഈ ചിത്രങ്ങള്‍ കാണിച്ചത്. മലയാളി അല്ലാത്ത ഒരു സംവിധായകന്റെ മലയാള ചിത്രങ്ങള്‍ തങ്ങളുടെ സ്വന്തമായിട്ടാണ് കേരളം കണ്ടത്. തല മുണ്ഡനം ചെയ്ത മമ്മൂട്ടിയുടെ യാത്രയിലെ കഥാപാത്രവും ഓളങ്ങളില്‍ അമോല്‍ പലേക്കറെ പരീക്ഷിച്ചതും ഊമക്കുയിലില്‍ വൈജി മഹേന്ദ്രനെ നായകനാക്കിയതും ബാലുമഹേന്ദ്രനിലെ അസമമായ കലാവ്യക്തിത്വത്തെയാണ് സൂചിപ്പിച്ചത്.
നായക പരിപ്രേക്ഷ്യത്തിനുമേല് സംവിധായക സ്വത്വം തമിഴ് സിനിമയില്‍ സൃഷ്ടിച്ചവരില്‍ ബാലു മുഖ്യനാണ്. ഒരു ബാലുമഹേന്ദ്ര സിനിമ എന്ന പരിവേഷത്തിലൂടെ അദ്ദേഹത്തിന്റെ സിനിമകള്‍ തമിഴില്‍ അടക്കിവാണു. അഴിയാത കോലങ്ങളും മൂന്നാം പിറയും കോകിലയുമൊക്കെ ആര്‍ട്ട്-കൊമേഴ്സ്യല്‍ രംഗത്ത് ബാലുവിന്റേതായ വിപ്ലവാഘോഷം ചാര്‍ത്തിയ സിനിമകളാണ്. പ്രണയത്തിന്റെ മൂകഭാഷ കൊണ്ട് മൂന്നാംപിറയും പൊള്ളുന്ന ജീവിതംകൊണ്ട് അഴിയാത കോലങ്ങളും കോകിലയും ചരിത്രമായി. അധികം അറിയാത്ത ഭാനുചന്ദര്‍ എന്ന നായകനടനെക്കൊണ്ട് ആക്ഷന്‍ പുതുഭാവം നല്കി എടുത്തതാണ് നീങ്കള് കേട്ടവൈ. ഒരു പ്രതികാര കഥ സ്വാഭാവികതയുടെ മാനങ്ങള്‍ നല്കി രൂപപ്പെടുത്തിയ ചിത്രം.
അരികു ജീവിതത്തിന്റെ വെപ്രാളങ്ങളുള്ള ശ്രീലങ്കയില്‍ ജനിച്ചതുകൊണ്ടാവാം ബാലുവിന്റെ സിനിമകള്‍ ഏറെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥയായത്. മധ്യവര്‍ത്തികളുടെ ജീവിതം പോലും അരികിലേക്ക് നീക്കിവെക്കപ്പെടുന്നതും ബാലുവിന്റെ സിനിമയില്‍ കാണാം. അതി നഗരജീവിതത്തിന് പകരം താരതമ്യേന സങ്കീര്‍ണമായ നഗര-ഗ്രാമ മധ്യങ്ങളായിരുന്നു ബാലു സിനിമകളുടെ സ്ഥലസ്വഭാവങ്ങള്. കാലമാകട്ടെ ഏറെക്കുറെ വര്‍ത്തമാനവും.
പേനയുടെ എഴുത്തിനെക്കാള്‍ ക്യാമറ ചിലപ്പോള്‍ ചരിത്രം കൂടുതല്‍ കൊത്തിയെടുക്കുമെന്ന് സൂസന് സൊടാഗ് പറഞ്ഞപോലെ ബാലുവിന്റെ ക്യാമറ സിനിമയില്‍ അങ്ങനെ കൊത്തിയെടുത്തിട്ടുണ്ട് ശില്പ്പങ്ങള്. അനവരതം മത്സരിക്കുന്ന ഛായാഗ്രാഹകനും സംവിധായകനും ബാലുമഹേന്ദ്രയില് ഉണ്ടായിരുന്നു. എന്നിട്ടും ഒന്നിനുമേല്‍ മറ്റൊരാളായില്ല അവര്‍. ഉള്‍ക്കടലില്‍ കെ.ജി. ജോര്‍ജിന്റെ സംവിധാനം പോലെ പ്രതിഭയുടെ സമാന്തര ഉള്ളുള്ളതാണ് ബാലുവിന്റെ ക്യാമറയും.
ഒരു ഷോമാനാണ് ബാലു. ജീവിതത്തിലും സിനിമയിലും. അതാണ് അദ്ദേഹത്തെ വിവാദങ്ങളുടെതുമ്പിലേറ്റിയതും. നടി ശോഭയുമായുള്ള ബന്ധവും അവരുടെ ആത്മഹത്യയും അദ്ദേഹത്തെ വേട്ടയാടി. താന്‍ കുറ്റവാളിയല്ലെന്ന് സിനിമയിലെ ഈ ജീനിയസ് പറയുമ്പോഴും ബാലുവിന്റെ കൂടെ ഒരു നിഴലും വെളിച്ചവുമായി വിവാദമുണ്ടായിരുന്നു ഏറിയും കുറഞ്ഞും. ഇനി ശേഷിക്കുന്നത് ഓര്‍മ്മയിലെ മഹേന്ദ്രജാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: