ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ ഇത്തവണ താരമായത് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട യുവരാജ് സിംഗും ദിനേശ് കാര്‍ത്തികും. യുവരാജിനെ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 14 കോടിക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയപ്പോള്‍ ദിനേശ് കാര്‍ത്തികിനെ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയത് 12.5 കോടിക്ക്. പഞ്ചാബ് കിംഗ്സ് ഇലവനില്‍ നിന്നാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് യുവിയെ സ്വന്തമാക്കിയതെങ്കില്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് ദിനേശ് കാര്‍ത്തിക് ഡെയര്‍ ഡെവിള്സിലെത്തുന്നത്. അടുത്തകാലത്തൊന്നും മികച്ച പ്രകടനം നടത്താന്‍ യുവിക്ക് കഴിഞ്ഞില്ലെങ്കിലും ട്വന്റി ട്വന്റി സ്പെഷ്യലിസ്റ്റിന്റെ മൂല്യം ഇടിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ബംഗളൂരുവില്‍ നടന്ന താരലേലം.
രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന യുവിക്കായി എട്ട് ഫ്രാഞ്ചൈസികളും മാറിമാറി വിളിച്ചു. ഒടുവില്‍ 14 കോടിയെന്ന മോഹവിലക്ക് റോയല്‍ ചലഞ്ചേഴ്സ് യുവ്രാജിനെ സ്വന്തമാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് കാര്‍ത്തിക്കിനായും ടീമുകള്‍ മത്സരിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ മുംബൈയുടെ പല വിജയങ്ങളിലും നിര്‍ണ്ണായകമായ കാര്‍ത്തിക്കിനെ ഇത്തവണ ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കുകയായിരുന്നു.
ഇരുവര്‍ക്കും പുറമെ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണുമായിരുന്നു ലേലത്തില്‍ കൂടുതല്‍ ഡിമാന്റുണ്ടായിരുന്ന താരം. ടീമില്‍ നിലനിര്‍ത്താതെ ലേലത്തില്‍ വെച്ച പീറ്റേഴ്സണെ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഒമ്പത് കോടിരൂപക്കാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് മുരളി വിജയിനെ അഞ്ച് കോടിരൂപക്കും ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി.
അതേസമയം ശ്രീലങ്കന്‍ താരങ്ങളെ കൊള്ളാന്‍ ആര്‍ക്കും താല്പര്യമുണ്ടായില്ല. ഒരുകാലത്ത് ആക്രമണ ബാറ്റിംഗിന്റെ വക്താവായി അറിയപ്പെട്ടിരുന്ന ഒാപ്പണര്‍ തിലകരത്നെ ദില്ഷന്, മധ്യനിരയിലെ കരുത്തനായ മഹേല ജയവര്‍ദ്ധനെ, ലങ്കന്‍ ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസ്, ഓള് റൗണ്ടര്‍ അജാന്ത മെന്‍ഡിസ്, കുശല്‍ പെരേര, കൗശല്‍ സില്‍വ, പ്രസന്ന ജയവര്‍ദ്ധനെ തുടങ്ങിയ മുന്‍നിര താരങ്ങളെ ലേലത്തില്‍ പിടിക്കന്‍ എട്ട് ഫ്രാഞ്ചൈസികളും മുന്നോട്ടുവന്നില്ല. റോസ് ടെയ്ലര്, വിന്‍ഡീസിന്റെ ഡാരന്‍ ബ്രാവോ, ഡേവിഡ് ഹസ്സി, അസര്‍ മെഹ്മൂദ്, റോബിന് പിറ്റേഴ്സണ്, മര്‍ലോണ്‍ സാമുവല്‍സ്, ഇയാന്‍ ബെല്‍, മാര്ട്ടിന് ഗുപ്റ്റില്‍, ലെന്റല്‍ സിമണ്‍സ്, ലൂക്ക് റോഞ്ചി, രവി ബൊപാറ, ഡാന്‍ ക്രിസ്റ്റ്യന്‍, ബ്രറ്റ് ലീ, ലൂക്ക് റൈറ്റ്, ധനേഷ് രാംദിന്, നാഥാന് മക്കല്ലം, മാത്യു വെയ്ഡ്, ക്രെയ്ഗ് ക്വീസെസ്റ്റര്‍, കാമറൂണ്‍ വൈറ്റ്, ക്ലിന്റ് മക്കായ് തുടങ്ങിയ ലോകോത്തര താരങ്ങളെയും ആദ്യദിവസത്തെ ലേലത്തില്‍ ആരും സ്വന്തമാക്കിയില്ല.
യുവരാജും ദിനേശ് കാര്‍ത്തികും കഴിഞ്ഞാല്‍ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സനാണ് ഏറ്റവും തുകക്ക് ലേലത്തില്‍ പോയത്. യുവിക്കും ദിനേശ് കാര്‍ത്തികിനും പുറമെ ഇന്ത്യന്‍ താരങ്ങളില്‍ മുരളി വിജയും റോബിന് ഉത്തപ്പയുമാണ് ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയത്. അഞ്ച് കോടിരൂപ. 4.25 കോടിരൂപക്ക് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമിയെയും ദല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തം നിരയിലെത്തിച്ചു. മികച്ച രണ്ട് ഓള് റൗണ്ടര്‍മാരെ സ്വന്തം പാളയത്തിലെത്തിച്ച് പഞ്ചാബ് കിംഗ്സ് ഇലവനും കരുത്തുവര്ദ്ധിപ്പിച്ചു. കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സിന്റെ കുപ്പായമണിഞ്ഞ ഓസ്ട്രേലിയക്കാരായ മിച്ചല്‍ ജോണ്‍സണെ (6.5 കോടി)യും കഴിഞ്ഞ വര്‍ഷത്തെ മില്ല്യണ്‍ ഡോളര്‍ ബേബി ഗ്ലെന്‍ മാക്സ്വെല്ലിനെ6 കോടിക്കുമാണ് ഇത്തവണ കിംഗ്സ് ഇലവന് സ്വന്തം പാളയത്തിലെത്തിച്ചത്. ഓസീസ് ട്വന്റി 20 ക്യാപ്റ്റനായ ജോര്‍ജ് ബെയ്ലിയെ 3.25 കോടിരൂപയ്ക്കും മുന്‍ ഇന്ത്യന്‍ താരം വിരേണ്ടര്‍ സെവാഗിനെ 3.20 കോടിരൂപയ്ക്കും കിംഗ്സ് ഇലവന് സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ജാക്ക് കല്ലിസിനെ 5.50 കോടിരൂപക്കും കഴിഞ്ഞവര്‍ഷം പൂനെവാരിയേഴ്സിന്റെ ജേഴ്സിയണിഞ്ഞ റോബിന് ഉത്തപ്പയെ 5 കോടിരൂപക്കും സ്പിന്നര്‍ പിയൂഷ് ചൗളയെ 4.25 കോടിരൂപക്കും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. മൈക്ക് ഹസ്സിയെയും കോറി ജെ. ആന്‍ഡേഴ്സണെയും സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും കരുത്ത് വര്‍ധിപ്പിച്ചു. മൈക്ക് ഹസ്സിയെ അഞ്ച്കോടിക്കും ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്കുടമയായ ന്യൂസിലാന്റ് താരം കോറി ആന്‍ഡേഴ്സണെ 4.50 കോടി രൂപക്കുമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് 5.50 കോടിരൂപക്ക് ഓസീസ് താരം ഡേവിഡ്വാര്ണറെയും 4.75 കോടിക്ക് അമിത് മിശ്രയെയും 4.25 കോടിക്ക് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍കുമാറിനെയും 4 കോടിരൂപ മുടക്കി ആരോണ്‍ ഫിഞ്ചിനെയും സ്വന്തമാക്കി. അതേസമയം രാജസ്ഥാന് റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ആദ്യ ദിവസത്തെ ലേലത്തില്‍ കാര്യമായ നേട്ടങ്ങള്സ്വന്തമാക്കിയില്ല. ഓള് റൗണ്ടര്‍ സ്റ്റീവന്‍ സ്മിത്തിനെയും (4 കോടി), ബാറ്റ്സ്മാന് ബ്രാഡ് ഹോഡ്ജ് (2.40 കോടി), ബൗളര്‍ ടിം സൗത്തി (1.20കോടി) എന്നിവരാണ് രാജസ്ഥാന് നിരയിലെത്തിയ പ്രമുഖര്‍. 4.75 കോടി മുടക്കി ഡുപ്ലെസിസിനെയും 4.50കോടി മുടക്കി ഡ്വെയ്ന്‍ സ്മിത്തിനെയും 3.25കോടി ചിലവാക്കി ന്യൂസിലാന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തെയുമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്.
യുവരാജിനെ സ്വന്തം പാളയത്തിലെത്തിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് അഞ്ച് കോടി മുടക്കി ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും 2.40 കോടി മുടക്കി ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ആല്‍ബി മോര്‍ക്കലിനെയും ബാംഗ്ലൂര്‍ സ്വന്തം നിരയിലെത്തിച്ചു. ലേലം ഇന്നും തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: