കാബൂള്‍: ഒരു വ്യാഴവട്ടമായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലമര്‍ന്ന അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം പ്രതിദിനം കൂടിവരുന്നെന്ന് യുഎന്‍. താലിബാന് ഭീകരര്‍ ആക്രമണം ശക്തിപ്പെടുത്തിയ 2013ല്‍ കുട്ടികളുടെ മരണക്കണക്കില്‍ 34 ശതമാനം വര്‍ധനവുണ്ടായതായി ഐക്യരാഷ്ട്ര സംഘടനാ ദൗത്യ സംഘം വെളിപ്പെടുത്തുന്നു.
കഴിഞ്ഞവര്‍ഷം 2,959 സാധാരണക്കാര്‍ക്ക് താലിബാനും സൈന്യവും തമ്മിലെ യുദ്ധത്തിനിടെ ജീവന് നഷ്ടപ്പെട്ടു. അതില്‍ 561 പേര് കുട്ടികളായിരുന്നു; 235പേര് സ്ത്രീകളും. 5656 പേര്‍ക്ക് പോയവര്‍ഷം പരിക്കേറ്റു. അതില്‍ 1,195 കുട്ടികള്‍ ഉള്‍പ്പെടുന്നു. 2009ല്‍ യുഎന്‍ കണക്കെടുക്കാന്‍ ആരംഭിച്ചതിനുശേഷം ഇത്രയും വലിയ ദുരന്ത സംഖ്യ വരുന്നത് ഇതാദ്യം. 2012ല്‍ 2768 പേര് കൊല്ലപ്പെട്ടിരുന്നു; 4821 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു ഭൂരിഭാഗം സാധാരണക്കാരും കൊല്ലപ്പെട്ടത്. കുട്ടികളില്‍ മിക്കവരും സ്കൂളിലേക്കുള്ള യാത്രാമധ്യേ ആക്രമണങ്ങള്‍ക്ക് ഇരയായി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ താലിബാന് വിധ്വംസക പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിപ്പിച്ചുകഴിഞ്ഞു. റോഡരുകില്‍ ബോംബുകള്‍ സ്ഥാപിച്ചാണ് അവര്‍ മിക്ക സ്ഫോടനങ്ങളും നടത്തുന്നത്. അതിനാല്‍ത്തന്നെ കുട്ടികളും സ്ത്രീകളും അതിനിടയില്‍പ്പെടുന്നു. കഴിഞ്ഞവര്‍ഷം താലിബാനും സൈന്യവും തമ്മില്‍ നടത്തിയ 962 ഏറ്റുമുട്ടലുകള്‍ ജനവാസകേന്ദ്രങ്ങളില്‍ നാശംവിതച്ചു. ഓരോ ആഴ്ച്ചയിലും ഇരുപത് തവണ എന്ന കണക്കിനാണ് ഏറ്റുമുട്ടലുകള്‍.
അഫ്ഗാന് പട്ടാളത്തിനു പൂര്‍ണ സുരക്ഷാ ചുമതല കൈമാറിയ വിദേശ സേന വളരെ അപൂര്‍വമായി മാത്രമേ സംയുക്ത സൈനിക നടപടികളുടെ ഭാഗമാകുന്നുള്ളു. 2014 അവസാനത്തോടെ നാറ്റോ സേന പൂര്‍ണമായും പിന്മാറും. അതോടെ അഫ്ഗാനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: