കൊച്ചി : 2030 ആവുമ്പോഴേക്ക് ജിഡിപി (മൊത്തം ആഭ്യന്തര ഉല്പാദനം) യില്‍ കൊച്ചി ഇന്നത്തെ മുംബൈയുടെ അത്രത്തോളം വളരുമെന്ന് യുടിസി ക്ലൈമറ്റ് കണ്ട്രോള്സ് ആന്റ് സെക്യൂരിറ്റീസ് മാനേജിങ് ഡയരക്റ്റര് ഗൗരങ്ങ് പാണ്ഡ്യ പറഞ്ഞു. യുണൈറ്റഡ് ടെക്നോളജീസ് ആര്കൈറ്റ്ക്റ്റുകള്ക്കും ബില്‍ഡര്‍മാര്‍ക്കുമായി ഇവിടെ സംഘടിപ്പിച്ച ഊര്‍ജ സംരക്ഷണത്തിന് ബുദ്ധിപൂര്‍വകമായ സമീപനം എന്ന ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നഗരവല്‍ക്കരണം അതിവേഗതയില്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് പാണ്ഡ്യ ചൂണ്ടിക്കാട്ടി. 2030 ആവുമ്പോഴേക്ക് പൂന, ഹൈദരാബാദ് നഗരങ്ങളുടെ ജിഡിപി ഇന്നത്തെ മുംബൈയുടേതിന്റെ രണ്ടിരട്ടിയായിട്ടാണ് വര്‍ധിക്കാന്‍ പോകുന്നത്. 2010-ലെ മെക്കിന്‍സി പഠന റിപ്പോര്‍ട് പ്രകാരം 2030 ആവുമ്പോഴേക്ക് 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഇന്ത്യന്‍ നഗരങ്ങളുടെ എണ്ണം ഇപ്പോഴത്തെ 42-ല്‍ നിന്ന് 68 ആകുന്നതാണ്. രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനവും (34 കോടി) അപ്പോഴേക്കും നഗരവാസികളായിരിക്കും. 59 കോടി ജനങ്ങള്‍ക്ക് പാര്‍പ്പിടം കണ്ടെത്തേണ്ടതായിവരും. ഇതിനായി 70 കോടി ചതുരശ്ര മീറ്റര്‍ ഭവന-വാണിജ്യ സമുച്ചയങ്ങള്‍ 2030 വരെയുള്ള ഓരോ വര്‍ഷവും പണിതുയര്‍ത്തേണ്ടതുണ്ട്. ഓരോ വര്‍ഷവും ഓരോ ചിക്കഗോ സൃഷ്ടിക്കപ്പെടണമെന്നാണ് ഇതിന്റെ അര്‍ഥം.
ഈ പശ്ചാത്തലത്തില്‍ കെട്ടിടങ്ങളുടെ വന്‍ തോതിലുള്ള ഊര്‍ജ ഉപഭോഗം വലിയ പ്രശ്നമാണെന്ന് ഗൗരങ്ങ് പാണ്ഡ്യ പറഞ്ഞു. മൊത്തം ചെലവഴിക്കപ്പെടുന്ന ഊര്‍ജത്തിന്റെ 40 ശതമാനവും കെട്ടിടങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. 2012-ല്‍ 150,000 കോടി രൂപയാണ് ഇന്ത്യയിലെ കെട്ടിടങ്ങള്‍ വൈദ്യുതിക്കായി ചെലവഴിച്ചത്. 2022-ല്‍ ഇത് 230,000 കോടി രൂപയായി വര്‍ധിക്കുമെന്നാണ് കണക്ക്.ഊര്‍ജം ലാഭിക്കുന്നതിനുള്ള പോംവഴികള്‍ കണ്ടെത്തേണ്ടത്, അതിനാല്‍ അനിവാര്യമാണ്. ഇന്ത്യയിലെ കെട്ടിടങ്ങളില്‍ വെറും 5 ശതമാനം മാത്രമാണ് ഗ്രിന്‍ ബില്‍ഡിങ്ങുകള്‍. രാജ്യത്തെ ഹോട്ടലുകള്‍ മാത്രം പ്രതിവര്‍ഷം 950 കോടി രൂപയുടെ ഊര്‍ജമാണ് ഉപയോഗപ്പെടുത്തുന്നത്.
കാദ്രി കണ്‍സള്‍ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയരക്റ്ററും ആര്ക്കൈറ്റ്ക്റ്റുമായ രാഹുല്‍ കാദ്രി, ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് ആര്‍ക്കൈറ്റ്ക്റ്റ് ബി.ആര്. അജിത്, ബി.എസ്. ഹരികൃഷ്ണ, ശ്രീഗണേഷ് വി. നായര്‍ എന്നിവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: