ആലുവ: അന്യസംസ്ഥാനങ്ങളില്‍നിന്ന് ദത്ത് നിര്‍ത്താനെന്ന വ്യാജേന പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് വരുന്ന സ്ത്രീകളുള്‍പ്പെട്ട റാക്കറ്റ് വീണ്ടും സജീവമാകുന്നു. കഴിഞ്ഞദിവസം ആലുവ റെയില്‍വേസ്റ്റേഷനില്‍ പിടിയിലായ കടലൂര്‍ വള്ളിമധുര സ്വദേശിനി കനിമയെ ചോദ്യം ചെയ്തപ്പോഴാണ് റാക്കറ്റിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. മന്ദബുദ്ധികളായ കുട്ടികളെ വരെ ഇത്തരത്തില്‍ കൊണ്ടുവരുന്നുണ്ട്.
വീട്ടുവേലക്കെന്ന മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളെ ഉപയോഗിക്കുന്നതായി സംശയമുണ്ട്. കനിമ പലതവണ കുട്ടികളുമായി ആലുവയില്‍ വന്നിട്ടുണ്ട്. ആലുവയിലെ കംഫര്‍ട്ട്സ്റ്റേഷനില്‍ കൊണ്ടുവന്നശേഷമാണ് കുട്ടികളെ കുളിപ്പിച്ച് നല്ല വേഷം ധരിപ്പിക്കുന്നത്. കംഫര്‍ട്ട് സ്റ്റേഷന് നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നി ആര്‍പിഎഫ് ജവാന്മാര്ക്ക് വിവരം നല്‍കിയത്. ആലുവയിലെത്തിയാല്‍ മുഖ്യ ഏജന്റുമായി ഇവര്‍ ബന്ധപ്പെടും. പിന്നീട് ആവശ്യക്കാര്‍ കാറിലെത്തിയാണ് കുട്ടികളെ കൊണ്ടുപോകുന്നത്.
മുമ്പ് റെയില്‍വേ സ്റ്റേഷനില്‍ പീഡനത്തിനിരകളായവരും ഇത്തരത്തില്‍ കേരളത്തിലേക്ക് വീട്ടുജോലിക്ക് എത്തിയവരാണ്. ദാരിദ്ര്യം കൊടികുത്തി വാഴുന്ന ചില കോളനികളില്‍നിന്നാണ് പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്. സ്ത്രീകള്‍ തന്നെയാണ് തൊഴിലും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് കൊണ്ടുവരുന്നത്. വീട്ടുകാര്‍ക്ക് മുന്‍കൂറായി തുക നല്‍കുകയും ചെയ്യും. അതുകൊണ്ടാണ് പലരും പരാതി നല്‍കാത്തത്. ചില സന്നദ്ധ സംഘടനകള്‍ ദത്തെടുത്ത് വിദ്യാഭ്യാസവും മറ്റും നല്‍കുമെന്ന് പറഞ്ഞാണ് പ്രായമാകാത്ത കുട്ടികളില്‍ പലരെയും കൊണ്ടുവരുന്നത്.
കനിമ ഇത്തരത്തില്‍ പെണ്‍കുട്ടികളെ കൈമാറുമ്പോള്‍ നിശ്ചിത തുക വാങ്ങുകയാണ് ചെയ്യുന്നത്. പിന്നീട് ഈ കുട്ടികള്‍ എവിടെയാണെന്നത് പലപ്പോഴും ഇവര്‍ക്കുപോലും അറിയില്ല. കഴിഞ്ഞദിവസം തുണിക്കടയില്‍ സെയില്‍സ്ഗേളിനെ മയക്കുമരുന്ന് സ്പ്രേ ചെയ്തശേഷം തുണികളും മറ്റും കൊള്ളയടിച്ച കേസിലെ പ്രധാന പ്രതിയായ തമിഴ്നാട് സ്വദേശിനി നാഗമ്മയ്ക്കും പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവരുന്ന റാക്കറ്റുമായി ബന്ധമുണ്ട്. പല കേസുകളിലും ഉള്‍പ്പെട്ട ഇത്തരക്കാരെ വിശദമായി ചോദ്യം ചെയ്ത് റാക്കറ്റുമായി ബന്ധമുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: