മൂവാറ്റുപുഴ: സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആരാധനാലയങ്ങള്‍, പണമിടപ്പാടു സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിവന്ന എട്ടംഗ സംഘത്തിലെ പ്രധാനപ്രതി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി. ഇടുക്കി മാങ്കുളം മുനിപ്പാറ നരിമറ്റം വയലില്‍ ജോഫി എന്നു വിളിക്കുന്ന ജോഷി (30)നെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി കെ.എം. ജിജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കട്ടപ്പന മേപ്പാറ വനത്തില്‍ നിന്നു പിടികൂടിയത്. പ്രസിദ്ധമായ പാല ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് പള്ളിയില്‍നിന്ന് ഉണ്ണിയേശുവിന്റെ കീരിടം, മാല, മോതിരം, വര്‍ഷങ്ങള്‍ പഴക്കമുള്ള നാഗപ്പുഴ സെന്റ് മേരീസ് പള്ളിയില്‍നിന്ന് സ്വര്‍ണ്ണക്കിരീടം, കൊന്ത, ആയവന മഹിളമാര്‍ ദേവീക്ഷേത്രത്തില്‍നിന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല എന്നിവ സംഘം കവര്‍ച്ച ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ശാന്തക്കാട് ക്ഷേത്രം, ഈസ്റ്റ് കല്ലൂര്‍ മഹാദേവക്ഷേത്രം, പോത്താനിക്കാട് തൃക്ക മഹാദേവക്ഷേത്രം, കുടമുണ്ട വടക്കുംപാടം ദുര്‍ഗ്ഗാദേവീ ക്ഷേത്രം, മാന്നാറി കാഞ്ഞിരക്കാട്ട് ഭഗവതി ക്ഷേത്രം, മണ്ണൂര്‍ മഹാദേവ ക്ഷേത്രം, കടാതി വെള്ളാട്ട് ഭഗവതിക്ഷേത്രം, കടനാട് ധര്‍മ്മശാസ്ത പുത്തിലത്ത് ക്ഷേത്രം എന്നിവിടങ്ങളിലും സംഘം കവര്‍ച്ച നടത്തിയതായി പോലീസ് പറഞ്ഞു. കടാതി ഹുണ്ടായി ഷോറൂം, പാലക്കാട് ആലത്തൂര്‍ ബിവറേജസ് ഔട്ട്ലെറ്റ്, പാലക്കാട് എസ്എംഎല്‍ സ്പെയര്‍പാര്‍ട്ട്സ് ഷോറൂം എന്നിവിടങ്ങളിലും കവര്‍ച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
പാലാ പിഴക് എസ്ബിടി ശാഖ, ഇടുക്കി കുളമാവ് അസ്കോ സഹകരണ ബാങ്ക്, എറണാകുളം പേരാമംഗലം സഹകരണ ബാങ്ക്, കുത്തുകുഴി, ഊന്നുകല്‍, കിഴക്കമ്പലം, മൂന്നാര്‍, ആനച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ പണമിടപ്പാട് സ്ഥാപനങ്ങളില്‍ കവര്‍ച്ചയ്ക്ക് ശ്രമം നടത്തിയിരുന്നു. ഈ സ്ഥാപനങ്ങളില്‍ എല്ലാം ചുവരുതുരന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കറുകളും സെയ്ഫുകളും തുറക്കുന്നതിനുള്ള ശ്രമം നടത്തിയിരുന്നങ്കിലും വിജയിച്ചിരുന്നില്ല. മോഷ്ടാക്കളുടെ കൈയ്യിലെ ആധുനിക സാങ്കേതികസംവിധാനത്തിന്റെ കുറവും പരിചമില്ലായ്മയുമാണ് ശ്രമം പരാജയപ്പെടാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി.
കവര്‍ച്ചയ്ക്ക് ആവശ്യമായ ഗ്ലൗസും മറ്റ് ഉപകരണങ്ങളും മുംബൈയില്‍ നിന്നാണ് ജോഷി എത്തിച്ചിരുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഇന്‍ഡിക കാര്‍ തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കാറായ വാഗണറിനു വേണ്ടിയുള്ള തെരച്ചില്‍ നടന്നു വരികയാണ്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച കവര്‍ച്ചയ്ക്ക് ഒടുവിലാണ് എട്ടംഗസംഘത്തിലെ തലവന്‍ പിടിയിലാകുന്നത്. ഇടുക്കി എറണാകുളം ജില്ലകളിലെ നാലു പോലീസ് സ്റ്റേഷനുകളിലെ പോലീസുകാര്‍ നടത്തിയ സംഘടിതവും ആസൂത്രിതവുമായ അന്വേഷണത്തിനൊടുവിലാണ് പ്രധാനി പിടിയിലായത്. ബാക്കിയുള്ളവരെ പിടികൂടാനുള്ള അന്വേഷണവും തിരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഡിവൈഎസ്പിക്ക് പുറമെ സിഐ യൂനസ്, എസ്ഐമാരായ പൗലോസ്, ശിവകുമാര്‍ സംഘാംഘങ്ങളായ വി.ജെ. ജോര്‍ജ്ജ്, ജോര്‍ജ് ജോസഫ്, കെ.എം. സലീം, കെ.കെ. രാജേഷ്, വി.എന്‍. രാജന്, എം.എം. ഉബയ്സ്, ദിലീപ് കുമാര്‍, സഞ്ജു പോള്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: