മട്ടാഞ്ചേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന കൊച്ചി തുറമുഖത്തെ പ്രതിസന്ധിയിലാക്കിയതായി കൊച്ചിന് പോര്‍ട്ട് ജോയിന്റ് ട്രേഡ് യൂണിയന് ഫോറം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും കൊച്ചി തുറമുഖത്തോട് അവഗണന മനോഭാവമാണ് പുലര്‍ത്തുന്നത്. ഇത് തുറമുഖത്തെ നാശത്തിലേക്ക് നയിക്കുകയാണ്. തുറമുഖ പ്രതിസന്ധിയെത്തുടര്‍ന്ന് തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമെതിരെ സാമ്പത്തിക നിയന്ത്രണമേര്‍പ്പെടുത്തുകയാണ് തുറമുഖ ബോര്‍ഡും ഭരണകര്ത്താക്കളുമെന്ന് ഫോറം ഭാരവാഹികളായ ചെയര്മാന് പി.എന്‍.മുഹമ്മദ് ഹനീഫ്, ജനറല്‍ കണ്‍വീനര്‍ സി.ഡി.നന്ദകുമാര്‍ എന്നിവര്‍ പറഞ്ഞു.
തുറമുഖ ബോര്‍ഡിന്റെ നിയന്ത്രണങ്ങള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അവഗണനയ്ക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയന് ഫോറം രണ്ടാംഘട്ട സമരമായി അനശ്ചിതകാല നിരാഹാരസമരം നടത്തുകയാണ്. 28ന് ഉച്ചയ്ക്ക് 2ന് തുറമുഖട്രസ്റ്റ് ആസ്ഥാന കവാടത്തില്‍ ഒത്തുകൂടുന്ന തൊഴിലാളികള്‍ രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തും. 29ന് രാവിലെ തുറമുഖ ട്രസ്റ്റ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങുമെന്ന് ഫോറം ഭാരവാഹികളായ പി.ബി.മുത്തു, കെ.സുരേന്ദ്രന്, കെ.ദാമോദരന്‍, എ.ജയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചി വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനല്‍ കൊച്ചി തുറമുഖ ട്രസ്റ്റിന് വന്‍ സാമ്പത്തിക ഭാരമാണുണ്ടാക്കുന്നത്. കപ്പല്‍ ചാലില്‍ ആഴംകൂട്ടാന്‍ (ഡ്രഡ്ജിംഗ്) പ്രതിവര്‍ഷം 140 കോടി രൂപയാണ് തുറമുഖ ട്രസ്റ്റ് ചെലവഴിക്കുന്നത്. ഇവിടെ നിന്നുള്ള വരുമാനം 50 കോടിയിലും താഴെയാണ്. ടെര്‍മിനല്‍ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയുമില്ല. 1937 മുതല്‍ 2010 വരെ വിവിധ തലത്തില്‍ വായ്പയെടുത്ത തുകയും പലിശയും ചേര്‍ത്തുള്ള 1250 കോടി രൂപയില്‍ പലിശയിനത്തിലെ 752 കോടി രൂപ എഴുതിത്തള്ളുവാന്‍ തുറമുഖട്രസ്റ്റ് ബോര്‍ഡും യൂണിയനുകളും നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടും ഫയലും ഇന്നും അവഗണിക്കപ്പെട്ട് കിടക്കുന്നു.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടുതവണയും കേന്ദ്ര ഷിപ്പിംഗ് മന്ത്രിയും സെക്രട്ടറിയും ഒട്ടേറെ തവണയും കൊച്ചിയിലെത്തി ചര്‍ച്ചകള്‍ നടത്തി തയ്യാറാക്കിയ വായ്പ പലിശ കുടിശി എഴുതിത്തള്ളല്‍ ഷിപ്പിംഗ് വകുപ്പില്‍ കുടുങ്ങിക്കിടക്കുകയാണ്.
കൊച്ചി തുറമുഖ ട്രസ്റ്റിലെ തൊഴിലാളി സമരത്തെ അവഗണിച്ചാല്‍ അടുത്ത ഘട്ടമായി കുടുംബാംഗങ്ങളെ സമരമുഖത്തിറക്കിക്കൊണ്ടുള്ള പ്രക്ഷോഭമായിരിക്കും നടത്തുക. ഇത് രാഷ്ട്രീയ രംഗത്തും ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന് ഫോറം ചെയര്മാന് മുഹമ്മദ് ഹനീഫ്, ജനറല്‍ കണ്‍വീനര്‍ സി.ഡി.നന്ദകുമാര്‍ എന്നിവരടങ്ങുന്ന യൂണിയന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: