ആലപ്പുഴ: ജെഎസ്എസിന് ഒറ്റയ്ക്ക് നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച പാരമ്പര്യമുണ്ടെന്ന് ജനറല്‍ സെക്രട്ടറി കെ.ആര്. ഗൗരിയമ്മ പറഞ്ഞു. ജെഎസ്എസിന്റെ ആറാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ ഒറ്റയ്ക്ക് നില്‍ക്കാനുള്ള കരുത്ത് പാര്‍ട്ടിക്കുണ്ട്.
സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ തനിക്ക് അഭയം നല്‍കിയത് കോണ്‍ഗ്രസ്സാണെന്ന് ചിലര്‍ പറഞ്ഞു നടക്കുന്നുണ്ട്. ഇത് അടിസ്ഥാന രഹിതമാണ്. 1994 ജനുവരിയിലാണ് തന്നെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയത്. അതേ വര്‍ഷം മാര്‍ച്ചില്‍ ജെഎസ്എസ് രൂപീകരിച്ചു. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പര്‍ട്ടി ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്കാണ് മത്സരിച്ചത്. അന്ന് താന്‍ ജയിച്ച കാര്യവും ഗൗരിയമ്മ ഓര്‍മിച്ചു. പിന്നീടാണ് ജെഎസ്എസ് യുഡിഎഫില്‍ ചേര്‍ന്നതെന്നും ഗൗരിയമ്മ പറഞ്ഞു. താന്‍ ഇതുവരെ രാഷ്ട്രീയ അഭയം തേടി സിപിഎമ്മുമായി ബന്ധപ്പെട്ടിട്ടില്ല. മാധ്യമങ്ങളുടെ പ്രചരണം അടിസ്ഥാന രഹിതമാണ്.
യുഡിഎഫ് വിടാനാണ് ജെഎസ്എസ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്. സമ്മേളനത്തിന് ഈ വിഷയം അംഗീകരിക്കുകയോ, തള്ളുകയോ ചെയ്യാം. ജെഎസ്എസ്സിലും ചില പ്രശ്നങ്ങളുണ്ട്. പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ പുറത്താക്കുകയല്ലാതെ മാര്‍ഗ്ഗമില്ല, അവര്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്. ഭരണകാര്യങ്ങളിലൊന്നും സര്‍ക്കാരിന് യാതൊരു നയവുമില്ല. ആകെയുള്ളത് സരിതാ നയമാണെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി. പ്രസിഡന്റ് രാജന്‍ബാബു അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: