കണ്ണൂര്‍: ടി.പി.വധത്തിനു പിന്നില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ചുളള അന്വേഷണം അട്ടിമറിക്കപ്പെട്ടത് സിബിഐ അന്വേഷണ പരിാിധിയില് വരണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് ആവശ്യപ്പെട്ടു. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ പോലീസ് ഗൂഢാലോചനക്കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്നും കേസിന്റെ വിധിയോടെ ഇത് ബോധപൂര്വ്വമായിരുന്നുവെന്ന സംശയം ബലപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ കേസ് സിബിഐയെ ഏല്പ്പിക്കുകയാണെങ്കില് ഇക്കാര്യം കൂടി അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും രമേശ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടത്തില്‍ ഉയര്‍ന്നിരുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും സംശയങ്ങളും വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ മറ്റ് കേസുകളില്‍ നിന്നും ഭിന്നമായ രീതിയില്‍ അന്വേഷണം മുന്നോട്ടു പോയ ടി.പി. കേസിന്റെ അന്വേഷണം തുടര്‍ന്നങ്ങോട്ട് ആരുടേയോ സമ്മര്‍ദ്ദത്തിനു വഴങ്ങി അട്ടിമറിക്കപ്പെടുകയായിരുന്നു. കൊലയ്ക്ക് നേരിട്ട് നേതൃത്വം നല്‍കിയവരെ പിടികൂടുകയും ഗൂഢാലോചന കേസില്‍ അന്വേഷണം സിപിഎം നേതാക്കളില്‍ എത്തുകയും ചെയ്തതോടെ കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. സി.പി.എമ്മും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണയെ തുടര്‍ന്നായിരുന്നു ഇത്.
കേസുകളുടെ കാര്യത്തില്‍ എല്ലാ കാലത്തും സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുണ്ടാക്കാറുളള ധാരണയുടെ ഭാഗമായിരുന്നു ഇത്. മുസ്ലിം ലീഗിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന ചില നേതാക്കളാണ് സിപിഎം നേതാക്കളെ രക്ഷപ്പെടുത്താന്‍ ധാരണയ്ക്ക് മധ്യസ്ഥം വഹിച്ചത്. ഇതു കൊണ്ടു തന്നെ കേസ് സിബിഐ അന്വേഷിക്കണം. യുവമോര്‍ച്ച നേതാവായിരുന്ന ജയകൃഷ്ണന് വധക്കേസ് സിബിഐക്ക് വിടണമെന്ന സംഘ പരിവാര്‍ സംഘടനകളുടെ നിരന്തര ആവശ്യത്തിനൊടുവില്‍ കേസ് സിബിഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇതുവരെ ഇത് നടന്നില്ല. കേസ് സിബിഐ ഏറ്റെടുക്കില്ലെന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. സിബിഐ മന്ത്രിസഭാ തീരുമാനം നിരാകരിച്ചുവോ? ഇതിനു കാരണമെന്ത് തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണം.
കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ സിബിഐയില്‍ സമ്മര്‍ദ്ദം ചെലുത്തുകയോ നിയമപരമായ അനിവാര്യത ബോധ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. ജയകൃഷ്ണന് കേസ് ഇനിയെങ്കിലും സിബിഐ അന്വേഷണത്തിന് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് പറഞ്ഞു. ടി.പി. വധക്കേസില്‍ പ്രതികള്‍ക്ക് പരിരക്ഷ നല്കിയ സിപിഎം നേതൃത്വം തെറ്റുപറ്റിയെന്നു സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: