കല്‍പ്പറ്റ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വയനാട്ടില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിവഴി ചികിത്സാസഹായം അനുവദിച്ച നൂറ്കണക്കിന് രോഗികള്‍ക്ക് ഇന്നും ദുരിതം മാത്രം ബാക്കി.കഴിഞ്ഞ ഡിസംബര്‍ അഞ്ച്, ആറ് തിയതികളിലായിരുന്നു കല്‍പ്പറ്റയില്‍ ജനസമ്പര്‍ക്ക പരിപാടി നടന്നത്. സംസ്ഥാനത്തെതന്നെ ധാരാളം അര്‍ബുദ രോഗികള്‍ ഉള്ള വയനാട് ജില്ലയില്‍ നിന്ന് നൂറ്കണക്കിന് പരാതികളാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പലര്‍ക്കും ചികിത്സാസഹായം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ തുക ലഭിക്കുന്നതിന് മുന്‍പ്തന്നെ പലരും മരിക്കുന്നസ്ഥിതിയാണിവിടെ.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പാല്‍വെളിച്ചത്ത് മലയില്‍ പുത്തന്‍പ്പുരയില്‍ സജുവിന്റെ ഭാര്യ സിന്ധു(33)ആണ് കഴിഞ്ഞദിവസം മരിച്ചത്. ദരിദ്രകുടുംബാംഗമായ ഇവര്‍ ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണന് മുഖേനയാണ് ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പരാതി നല്‍കിയത്. എന്നാല്‍ സാമ്പത്തിക സഹായത്തെകുറിച്ച് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസും ജില്ലാ ഭരണകൂടവും അറിയിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുള്ള പല രോഗികള്‍ക്കും ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നരമാസം പിന്നിട്ടിട്ടും ആര്‍ക്കും തുക ലഭിച്ചിട്ടില്ല.
ജനങ്ങളിലേക്ക് വേഗത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടി വയനാട്ടിലെ രോഗികള്‍ക്ക് ആശ്വാസമാകാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: