പള്ളുരുത്തി: ചെല്ലാനം-പാണ്ടിക്കുടി റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം തേടി ഒടുവില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. നിരവധിതവണ ഈ പ്രശ്നമുന്നയിച്ച് അധികാരികളുടെ മുന്നില്‍ നിവേദനങ്ങളുമായെത്തിയിട്ടും നടപടിയാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്.
കണ്ണമാലി മുതല്‍ കണ്ടക്കടവ് വരെയുള്ള ഭാഗം നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രദേശത്ത് നടന്ന മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. സ്വകാര്യബസ് തൊഴിലാളികളും ഉടമസ്ഥരും സ്വകാര്യ വാഹന ഉടമസ്ഥരും സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്കി. കണ്ണമാലി മുതല്‍ കണ്ടക്കടവ് വരെയുള്ള ഭാഗത്തായിരുന്നു വാഹനപണിമുടക്ക്. രാവിലെ 6 മുതലായിരുന്നു സമരം. രൂക്ഷമായ പൊടിശല്യം മൂലം ജീവിതം ദുസഹമായ പ്രദേശത്ത് ജനപങ്കാളിത്തംകൊണ്ട് സമരം വന്‍ വിജയമായിരുന്നുവെന്ന് ചെല്ലാനം ബിജെപി കമ്മറ്റി പ്രസിഡന്റ് പി.എസ്.നവീന്‍ കുമാര്‍ പറഞ്ഞു.
പി.ബി.സുജിത്ത്, പി.ഡി.പ്രവീണ്‍, എന്‍.എസ്.സുമേഷ്, സി.ഡി.അഗസ്റ്റിന്, കെ.വി.സേവ്യര്‍, എം.എക്സ്.ജോസഫ് തുടങ്ങിയ ബിജെപി നേതാക്കള്‍ സമരത്തിന് നേതൃത്വം നല്കി. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മട്ടാഞ്ചേരി സിഐ മാര്‍ട്ടിന്റെ നേതൃത്വത്തിന്റെ കണ്ണമാലി പോലീസ്സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ വ്യാഴാഴ്ചതന്നെ റോഡ് നിര്‍മ്മാണ ജോലികള്‍ പുനരാരംഭിച്ച് പൂര്‍ത്തിയാക്കുമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതോടെയാണ് താല്‍ക്കാലികമായി സമരം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: