കൊച്ചി: ടി.കെ.സി.വടുതലയുടെ കഥകളിലെ ഭാഷ സവിശേഷമായ പഠനം അര്‍ഹിക്കുന്നതാണെന്ന് മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മദനന്‍മാസ്റ്റര്‍. അതിലുപയോഗിച്ച തമിഴും മലയാളവും കലര്‍ന്ന ഭാഷ അവരുടെ തനതു സംസ്കാരത്തിന്റെ പ്രതിഫലനമായിരുന്നുവെന്നും മറ്റൊരു സാഹിത്യകൃതികളിലും ഇത്തരത്തില്‍ ഒരു ഭാഷ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.കെ.സി.കഥകളിലെ ഭാഷയുടെ വികാസ പരിണാമങ്ങളെക്കുറിച്ച് പഠനം നടത്തിയാല്‍ അതിന് ആധികാരിക രേഖയാകാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ ടി.കെ.സി. വടുതല കാലവും കൃതികളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മദനന്‍മാസ്റ്റര്‍.
20-ാം നൂറ്റാണ്ടിന്റെ ആദ്യമൂന്നു ദശകങ്ങളില്‍ ടി.കെ.സി. കഥകളെഴുതി തുടങ്ങുമ്പോള്‍ പുരോഗമന സാഹിത്യത്തിന്റെ കാലമായിരുന്നു. എന്നാല്‍ അവശരില്‍ അവശരായ അടിമത്തമനുഭവിക്കുന്ന ജനതയുടെ ക്ഷോഭത്തിന്റെയും പ്രതികാരത്തിന്റെയും കഥകളാണ് ടി.കെ.സി. അനുഭവവേദ്യമാക്കിയത്. പുരോഗമന സാഹിത്യത്തിന്റേതായ ആ കാലത്ത് അയിത്തവും അടിമത്തവും അനുഭവിച്ച ആദിമജനതയുടെ വികാരവിക്ഷോഭങ്ങള്‍ അവരുടെ ഭാഷയില്‍ മലയാളത്തില്‍ ആദ്യമവതരിപ്പിച്ചത് ടി.കെ.സി.യാണ്. കേശവദേവിന്റെയും തകഴിയുടെയും കൃതികളില്‍ ആദിമജനതയുടെ ഭാഷ അങ്ങിങ്ങു കാണാന്‍ കഴിയും. എന്നാല്‍ ടി.കെ.സി. കഥകളില്‍ പൂര്‍ണമായും ഉപയോഗിച്ചത് അവരുടെ ഭാഷ മാത്രമായിരുന്നു. കേരളത്തിലെ ആദിമജനത ആ ഭാഷ സംസാരിക്കുന്നവരായിരുന്നുവെന്നു അനുമാനിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷന് പ്രസിഡന്റ് കെ.എം.ശരത്ചന്ദ്രന് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ.മുന്തൂര് കൃഷ്ണന്, പബ്ലിക് റിലേഷന്‍സ് മുന്‍ ഡയറക്ടര്‍ പി.എം.സേനന്, സീറോ ബാബു, വെണ്ണിക്കുളം മാധവന്, വി.പി.അയ്യപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൗണ്ടേഷന് സെക്രട്ടറി ശ്രീകല സ്വാഗതവും തങ്കപ്പന് മുളവുകാട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: