കൊച്ചി: സ്മാര്‍ട്ട് സിറ്റി നിര്‍മാണം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ടീകോമിനെ അതൃപ്തി അറിയിച്ചു. ഏറെ കൊട്ടിഘോഷിച്ച നിര്‍മാണോദ്ഘാടനം നടത്തിയ പദ്ധതി വൈകുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്മാര്‍ട്ട്സിറ്റി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നുമായിരുന്നു അവകാശവാദം. എന്നാല്‍ മൂന്നുവര്‍ഷം പിന്നിട്ടിട്ടും ഒരു കെട്ടിടത്തിന്റെ നിര്‍മാണം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ടീകോമിനെ അതൃപ്തി അറിയിക്കുന്നത്. ടീകോമിന്റെ താല്‍പ്പര്യമില്ലായ്മയാണ് പദ്ധതി വൈകാനിടയാക്കുന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ആറുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ആദ്യഘട്ടത്തില്‍ നിര്മാണമാരംഭിച്ചിട്ടുള്ളത്. 2013 ഡിസംബറോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതിയിരുന്നതെങ്കിലും നിര്‍മാണ ജോലികള്‍ പകുതിപോലുമായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ‘2014’ല്‍ പോലും ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പറയാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഇത് ആയുധമാക്കുമെന്നും യുഡിഎഫ് കരുതുന്നു. നിര്‍മാണ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ടീകോമിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പണി പൂര്‍ത്തിയായാല്‍ 20,000 ലേറെ പേര്‍ക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: