കൊച്ചി: നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷന്‍സ് (സിസിഒ) സംസ്ഥാന വ്യാപകമായി നിര്‍മാണ ബന്ദ് നടത്തുന്നു. ഈ മാസം 20,21,22 തിയതികളിലാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആര്‍കിടെക്ട് അസോസിയേഷന്, ക്രെഡായ്, ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്, കേരള ഡെക്കറേറ്റീവ് ആന്റ് പെയിന്റിംഗ് കോണ്‍ട്രാക്ട് അസോസിയേഷന്, ലൈസന്‍സ്ഡ് എഞ്ചിനിയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് തുടങ്ങി നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട നിരവധി സംഘടനകള്‍ ബന്ദുമായി സഹകരിക്കുമെന്ന് സിസിഒ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ രണ്ടാമത്തെ തൊഴില്‍ മേഖലയും 55000 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതുമായ നിര്‍മാണ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ നിര്‍മാണ ചെലവില്‍ 40 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
എക്സൈസ് തീരുവ, സര്‍വീസ് ടാക്സ്, വാറ്റ്, എന്നീ ടാക്സുകളുടെ വര്‍ധനവ്, കയറ്റിറക്കുമേഖലയില്‍ ഏകീകരണം ഇല്ലായ്മ, നോക്കുകൂലി, പോലീസ് അതിക്രമങ്ങള്‍, തൊഴിലാളി ക്ഷാമം മുതലെടുത്ത് അന്യസംസ്ഥാന തൊഴിലാളി ഏജന്റുമാരുടെ ചൂഷണം എന്നിവ ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സിസിഒ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കണ്‍വീനര്‍ ടി.പത്മജന്, സി.നജീബ്, പ്രേമന്, ജൂഡ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: