കൊച്ചി: കൈയ്യിലെ തള്ളവിരലില്‍ മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്ട്രോള്. ബ്ലൂടൂത്ത് വഴി നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏത് ഉപകരണത്തേയും കരചലനങ്ങളിലൂടെ നിയന്ത്രിക്കാനാകുന്ന ഈ ഉപകരണം സാങ്കേതികവിദ്യയില്‍ പുതിയ മുന്നേറ്റത്തിനു വഴിതെളിക്കുകയാണ്.
കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ആര്‍എച്ച്എല്‍ വിഷന്‍ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹാര്‍ഡ് വെയര്‍ ഉപകരണമാണിത്. ‘ഫിന്’ എന്നു പേരിട്ടിരിക്കുന്ന ഈ അത്ഭുതമോതിരം വിപണിയിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇതിന്റെ പിന്നണിക്കാര്‍.
ആശയത്തിലെ ലാളിത്യവും ഉപയോഗിക്കാനുള്ള സൗകര്യവുമാണ് ആംഗ്യനിയന്ത്രിത സംവിധാനമുള്ള മനോഹരമായ ഈ മോതിരത്തെ സാങ്കേതികമേഖലയില്‍ ശ്രദ്ധേയമാക്കുന്നത്. വിരലുകളുള്പ്പെടെ കൈപ്പത്തിയിലെ വിവിധ ഭാഗങ്ങളുടെ മൃദുസ്പര്ശങ്ങളും തോണ്ടലും തൊടീലുമെല്ലാം തള്ളവിരലില്‍ നിന്നുള്ള അവയുടെ അകലം കണക്കാക്കി തിരിച്ചറിയുന്ന സെന്‍സറുകളാണ് ഫിന്നില്‍ ഘടിപ്പിച്ചിട്ടുള്ളത്.
വിവിധ ഉപകരണങ്ങളുമായി ആശയവിനിമയം സാധ്യമാക്കുന്ന, ബ്ലൂടൂത്ത് പോലെതന്നെ കുറഞ്ഞ ഊര്‍ജ്ജം മാത്രം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫിന്. സ്മാര്‍ട്ട് ഫോണ്‍, മ്യൂസിക് പ്ലേയര്‍, ഗെയിമിംഗ് കണ്‍സോള്‍, കാറിനുള്ളിലെ ഡിജിറ്റല്‍ ഉപകരണങ്ങള്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബ്ലൂടൂത്ത് വഴി ഈ ഉപകരണം കൈമാറുകയാണ് ചെയ്യുന്നത്.
കാര്‍ ഓടിക്കുന്ന ഒരാള്‍ക്ക് കാറിന്റെ താക്കോലായി ഫിന് ഉപയോഗിക്കാനാകും. സ്റ്റിയറിംഗില്‍ നിന്നു കയ്യെടുക്കാതെ തന്നെ ഫോണ്‍ കോള്‍ അറ്റന്‍ഡു ചെയ്യാനും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാനും സാധിക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഫോണിന്റെ സ്ക്രീന്‍ സൂം ചെയ്യാന്‍ ചൂണ്ടുവിരല്‍ തള്ളവിരലിനു നേരേ കൊണ്ടുവന്നു ചലിപ്പിച്ചാല്‍ മതിയാകും. വിരലിന്റെ ഓരോ ഭാഗത്തിനും ഓരോ അക്കം മുന്‍കൂട്ടി നിശ്ചയിച്ചുനല്കിയാല് കൈപ്പത്തി ന്യൂമെറിക് കീപാഡാക്കി മാറ്റി ഫോണില്‍ സ്പര്‍ശിക്കാതെ തന്നെ ഫോണ്‍ നമ്പറുകളും മറ്റും ഡയല് ചെയ്യാന്‍ സാധിക്കും.
വെള്ളവും പൊടിയും കയറാത്ത ദൃഢമായ വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച ഫിന് ഒരേ സമയം മൂന്ന് സംവിധാനങ്ങള്‍വരെ പ്രവര്‍ത്തിപ്പിക്കാന്‍ ഉപകരിക്കുന്നതാണ്. ലിഥിയം അയണ്‍ ബാറ്ററിയും മൈക്രോ യുഎസ്ബി ചാര്‍ജിംഗ് ഡോക്കുമുള്ള ഫിന് പൂര്‍ണമായും ചാര്‍ജു ചെയ്താല്‍ ഒരു മാസംവരെ ചാര്‍ജ് നീണ്ടുനില്‍ക്കും.
ശാരീരികമായ അവശതകളനുഭവിക്കുന്നവര്‍ക്ക് ഫിന് ഒരു സുഹൃത്തായിരിക്കുമെന്ന് രോഹില്‍ദേവ് വിശ്വസിക്കുന്നു. പ്രവര്‍ത്തിക്കുന്ന ഒരു തള്ളവിരല്‍ അവര്‍ക്കു ലഭിക്കുന്നുവെന്നത് ഇതിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. കാഴ്ചശേഷി കുറഞ്ഞവര്‍ക്ക് കൈപ്പത്തി തന്നെ ഒരു ടച്ച്് ഇന്റര്‍ഫെയ്സ് ആയി മാറ്റാനും ശാരീരികാധ്വാനം വളരെ കുറച്ച് ശാരീരികവൈകല്യത്തിനുള്ള ഉപകരണങ്ങള്‍ നിയന്ത്രിക്കാനും ഫിന് ഉപയോഗിക്കാനാകുമെന്ന് രോഹില്‍ദേവ് പറഞ്ഞു.
ഇന്ഡിഗോഗോയിലെ ക്രൗഡ് ഫണ്ടിംഗ് പ്രചരണം ഫെബ്രുവരി അവസാനം വരെയുണ്ടാകും. ജൂണ്‍ മാസത്തോടെ ഉല്പന്നത്തിന്റെ സോഫ്റ്റ്വെയര് വികസിപ്പിക്കലും ടെസ്റ്റിംഗും പൂര്‍ത്തിയാക്കി ഡെവലപ്പേഴ്സ് വേര്‍ഷന്‍ പുറത്തിറക്കാനാകുമെന്നും സെപ്റ്റംബര്‍ മാസത്തോടെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ഫിന് വിപണിയിലെത്തിക്കാനാകുമെന്നുമാണ് ആര്‍എച്ച്എല്‍ ടീം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: