കൊച്ചി: പ്രത്യേക തീവണ്ടി സര്‍വീസ് യാത്രക്കാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നടപടി തുടങ്ങി. ഉത്സവ-അവധിക്കാലത്ത് തിരക്കേറിയ വേളകളില്‍ അനുവദിക്കുന്ന തീവണ്ടികളിലാണ് അധികനിരക്ക് നല്‍കേണ്ടി വരിക. നാട്ടിലേക്കുള്ള യാത്രയ്ക്ക് പല ഘട്ടങ്ങളിലും പ്രത്യേക തീവണ്ടികളെ ആശ്രയിക്കുന്ന മറുനാടന്‍ മലയാളികള്‍ക്കും തീര്‍ത്ഥാടക സംഘങ്ങള്‍ക്കും റെയില്‍വേ ബോര്‍ഡിന്റെ അധിക നിരക്ക് തീരുമാനം സാമ്പത്തിക ഭാരം സൃഷ്ടിക്കും. ഒപ്പം കേരളത്തിനിത് തിരിച്ചടിയായി മാറുകയും ചെയ്യും.
ഓണം, ദീപാവലി, ക്രിസ്തുമസ് തുടങ്ങിയ ഉത്സവകാലങ്ങളിലും വേനലവധിക്കും ശബരിമല, ഗുരുവായൂര്‍, പൊങ്കാല തീര്‍ത്ഥാടന കാലഘട്ടത്തിലും കേരളത്തിലേക്ക് മറുനാടന്‍ മലയാളികളും തീര്‍ത്ഥാടകസംഘങ്ങളും ഏറെ ആശ്രയിക്കുന്നത് പ്രത്യേക തീവണ്ടി സര്‍വീസുകളെയാണ്. ദീര്‍ഘദൂര തീവണ്ടി സര്‍വീസുകള്‍ ആവശ്യത്തിനില്ലാത്ത കേരളത്തിലേക്കുള്ള യാത്രയ്ക്ക് പ്രത്യേക തീവണ്ടികളാണ് ആശ്വാസം പകര്‍ന്നിരുന്നത്. ട്രാവല്‍ ഏജന്‍സികളുടേയും-പ്രത്യേക വിഭാഗങ്ങളുടേയും ടിക്കറ്റ് ക്വാട്ട കഴിച്ച് റിസര്‍വേഷന്‍ ടിക്കറ്റ് ലഭ്യമാക്കുന്നതിന് മലയാളി നെട്ടോട്ടം ഓടുന്നത് സ്ഥിരം കാഴ്ചയുമാണ്. തീവണ്ടി യാത്രാ നിരക്കിനെക്കാള്‍ 10-15 ശതമാനം വരെ അധിക നിരക്ക് ഈടാക്കാനാണ് റെയില്‍വെ ബോര്‍ഡ് ലക്ഷ്യമിടുന്നത്. 2013 ക്രിസ്തുമസ്സ്-ന്യൂ ഇയര്‍ വേളയില്‍ ദല്‍ഹി-മുംബൈ പാതയില്‍ അധികനിരക്ക് ഈടാക്കി നാല് തീവണ്ടികള്‍ ഏഴ് സര്‍വീസുകള്‍ നടത്തിയിരുന്നു. കഴിഞ്ഞ കുംഭമേള വേളയില്‍ “ഉത്സവ സെസ്സ്” എന്ന പേരില്‍ റെയില്‍വേ തീര്‍ത്ഥാടകരില്‍ നിന്നും അധിക തുക ഈടാക്കിയിരുന്നു. പുതുവര്‍ഷത്തില്‍ മകരസംക്രാന്തി ഉത്സവവേളയില്‍ ആന്ധ്രയിലനുവദിച്ച പ്രത്യേക തീവണ്ടികളിലും റെയില്‍വേ അധിക നിരക്ക് ഈടാക്കിയിരുന്നു. ഘട്ടംഘട്ടമായി ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക തീവണ്ടിക്ക് അധികനിരക്ക് ഈടാക്കാനാണ് റെയില്‍വേ ബോര്‍ഡ് നീക്കമെന്ന് പറയുന്നു. യാത്രാ തീവണ്ടി സര്‍വീസുകളിലൂടെ ഇന്ത്യന്‍ റെയില്‍വേക്ക് പ്രതിവര്‍ഷം 26,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ ബോര്‍ഡ് “അധികനിരക്ക് പ്രത്യേക തീവണ്ടികള്‍” ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങിയത്. സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് തീവണ്ടികളിലാണ് ആദ്യഘട്ടമായി അധികനിരക്കുകള്‍ ഈടാക്കുക. ഇതിനെതിരെയുള്ള പ്രതികരണം തിരിച്ചറിഞ്ഞ് മറ്റു തീവണ്ടി സര്‍വീസുകളിലും അധികനിരക്ക് ചുമത്തുമെന്നും സൂചനയുണ്ട്. പ്രതിവര്‍ഷം 100 ല്‍ ഏറെ പ്രത്യേക തീവണ്ടികളാണ് ഉത്സവകാല, അവധിക്കാല തീവണ്ടികളായി കേരളത്തിന് അനുവദിക്കുന്നത്.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: