കോട്ടയം: വിനോദ സഞ്ചാരമേഖലയിലെ കേരളത്തിന്റെ മാത്രം പ്രത്യേകതയായ ഉത്തരവാദിത്വ ടൂറിസം കൂടുതല്‍ വ്യാപകമാകുന്നു. കുമരകം, കോവളം, ബത്തേരി, തേക്കടി എന്നിവിടങ്ങളിലാണ് നിലവില്‍ ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ തന്നെ ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കുമരകത്താണ്. ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ അന്‍പതോളം തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ സന്ദര്‍ശനത്തോടെ ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയ കുമരകത്തിന്റെ കീര്‍ത്തി ചാള്‍സ് രാജകുമാരന്റെ സന്ദര്‍ശനത്തോടെ കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ടു.
കുമരകം നേടിയ വിജയമാണ് സമീപപ്രദേശങ്ങളിലേക്ക് കൂടി ഉത്തരവാദിത്വ ടൂറിസം പദ്ധതി വ്യാപിപ്പിക്കാന്‍ അധികൃതര്‍ക്ക് പ്രേരണയായത്. കുമരകത്തിന്റെ കവാടം എന്ന് അറിയപ്പെടുന്ന വൈക്കം, സമീപപ്രദേശങ്ങളായ അയ്മനം, ആര്‍പ്പൂക്കര, ചെമ്പ്, മറവന്തുരുത്ത് പഞ്ചായത്തുകളിലും ഉത്തരവാദിത്വ ടൂറിസത്തിലൂടെ വിനോദസഞ്ചാര മേഖലയില്‍ പുതിയ കുതിപ്പിന് തയ്യാറെടുക്കുകയാണ.് വന്‍കിട ടൂറിസം കുത്തകകള്‍ക്കൊപ്പം പ്രദേശവാസികള്‍ക്കും പ്രയോജനം ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ സവിശേഷത. പരമ്പരാഗത തൊഴില്‍ മേഖലകളെയും ഇതോടൊപ്പം വിനോദ സഞ്ചാരമേഖലയില്‍ പങ്കാളികളാക്കും. ഇത് ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ക്ക് സഹായകമാകും എന്നാണ് പ്രതീക്ഷ. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പാല്, മത്സ്യം, മാംസം, പച്ചക്കറി, പൂക്കള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണി സാധ്യത ഇതോടെ വര്‍ദ്ധിക്കും. ഇത് കാര്‍ഷികം, മൃഗസംരക്ഷണം, മത്സ്യമേഖല എന്നിവയ്ക്കും ഗുണകരമാകുമെന്ന് കണക്കാക്കുന്നു. പദ്ധതി പ്രദേശങ്ങളില്‍ ലഭിക്കാത്ത ഉല്‍പ്പന്നങ്ങള്‍ മാത്രമേ പുറത്ത് നിന്ന് വാങ്ങുകയുള്ളു.
വന്‍കിട കുത്തകകളുടെ റിസോര്‍ട്ടുകളിലും ഹൗസ്ബോട്ടുകളിലും മാത്രമാണ് നിലവില്‍ വിദേശവിനോദസഞ്ചാരികള് കൂടുതലായും എത്തുന്നത്. ഇതൊഴിവാക്കി സഞ്ചാരികളെ ഗ്രാമങ്ങളിലേക്ക് എത്തിക്കാനും ഗ്രാമീണ ജനതയ്ക്ക് ടൂറിസത്തിന്റെ നേട്ടങ്ങള്‍ എത്തിക്കാനും പദ്ധതി സഹായകമാകും. നിലവില്‍ കേരളത്തില്‍ മാത്രമാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ ദൂഷ്യവശങ്ങളും ഏറെയുള്ളതിനാല്‍ പദ്ധതി നടത്തിപ്പില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കോവളമടക്കമുള്ള പ്രദേശങ്ങളില്‍ ടൂറിസത്തിനൊപ്പം വളര്‍ന്ന അരാജകത്വവും അസാന്മാര്ഗ്ഗികതയും പാഠമാകണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: