കല്‍പ്പറ്റ: അതീവ അമ്ലത്വംമൂലം വയനാടന്‍ മണ്ണ് കൃഷിക്കനുയോജ്യമല്ലാതെയാവുന്നു. രാസവളങ്ങളുടെ അശാസ്ത്രീയവും അമിതവുമായ ഉപയോഗം വയനാട്ടിലെ മണ്ണില്‍ ഫോസ്ഫറസ് സാന്നിധ്യം കൂടുതലാക്കിയെന്ന് കണ്ടെത്തല്‍. ഫോസ്ഫറസ് സാന്നിധ്യം കൂടുന്നതോടെ വിളകള്‍ക്ക് ആവശ്യമായ മറ്റ് മൂലകങ്ങള്‍ ലഭിക്കാതെ വരുന്നതാണ് കൃഷി നഷ്ടത്തിലാകാന്‍ കാരണമെന്ന് ആസൂത്രണ ബോര്‍ഡിന്റെ പുതിയ സര്‍വേഫലം വ്യക്തമാക്കുന്നു.
കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ മറ്റ് മൂലകങ്ങള്‍ വയനാട്ടിലെ മണ്ണില്‍ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. അമോണിയം സള്‍ഫേറ്റിന്റെ വ്യാപകമായ ഉപയോഗം മൂലം സള്‍ഫ്യൂരിക് ആസിഡിന്റെ അളവും മണ്ണില്‍ കൂടുതലാണ്. ഇതും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. സസ്യങ്ങളുടെ വളര്‍ച്ചയില്‍ ആദ്യഘട്ടത്തില്‍ മാത്രം ആവശ്യമായ ഫോസ്ഫറസ് അടങ്ങിയ ഫോസ്ഫേറ്റ് വളങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതാണ് മണ്ണിലെ ഫോസ്ഫറസ് അംശം കൂടുതലാകാന്‍ കാരണമായത്.
തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ നടത്തിയ പഠനത്തില്‍ ഒരു ഹെക്ടറില്‍ 40 കിലോയാണ് ഫോസ്ഫറസ് അടങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്തുകിലോയ്ക്കും ഇരുപത്തിയഞ്ച് കിലോയ്ക്കും ഇടയില്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ആവശ്യം. 35 ശതമാനം സാംപിളുകളിലും നൂറുകിലോയിലേറെയായിരുന്നു ഫോസ്ഫറസിന്റെ അംശം. കര്‍ഷകര്‍ക്ക് രാസവളങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും അമിത ഉപയോഗവും മണ്ണിന്റെ ഘടന പരിശോധിക്കാത്തതും വയനാടന്‍ കര്‍ഷകര്‍ക്ക് വിനയാകുകയാണ്. മണ്ണ് പരിശോധനാ യൂണിറ്റ് വയനാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് യാതൊരു ഗുണവും ലഭിച്ചിട്ടില്ല. ഇടവിട്ടുള്ള മണ്ണ് പരിശോധനാ ഫലങ്ങള്‍ കൃഷിഭവനുകള്‍ക്ക് കൈമാറിയാല്‍ മണ്ണിന്റെ ഘടനയിലുണ്ടായ കാലോചിതമായ മാറ്റം കര്‍ഷകരെ അറിയിക്കാനും ഇതനുസരിച്ച് വേണ്ടവിധത്തില്‍ വളപ്രയോഗങ്ങള്‍ പരിമിതപ്പെടുത്താനും ജൈവവളങ്ങള്‍ ആവശ്യത്തിന് ഉപയോഗിക്കാനും കുമ്മായത്തിന്റെ ഉപയോഗം പരമിതപ്പെടുത്താനും കഴിയും.
കേലിയം എന്നറിയപ്പെടുന്ന പൊട്ടാഷ് (കെ) വളങ്ങളുടെ ദൗര്‍ലഭ്യവും മണ്ണിന് വിനയായിട്ടുണ്ട്. എന്‍പികെ വളങ്ങള്‍ക്ക് പകരം ഫാക്ടംഫോസ്, യൂറിയ തുടങ്ങിയ വളങ്ങളാണ് വയനാട്ടില്‍ യാതൊരു കണക്കുമില്ലാതെ ഉപയോഗിച്ച് വരുന്നത്. ധാരാളം രാസവള ഡിപ്പോകള്‍ സ്വന്തമായുള്ള പ്രാഥമിക സഹകരണ സംഘങ്ങളും കര്‍ഷകരുടെ ആവശ്യപ്രകാരം വളം വില്‍ക്കുകയാണ് ചെയ്യാറ്. കൃഷിയുടെ സ്വഭാവമോ കൃഷിയിടത്തിന്റെ വിസ്തൃതിയോ ഇത്തരം പ്രാഥമിക സംഘങ്ങളും തിരക്കാറില്ല. കേരളത്തില്‍ പാലക്കാട് ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലും അമ്ലത്വം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വയനാട്ടിലെ മണ്ണില്‍ അമ്ലത്വവും മുഴുവന്‍ സീമകളും ലംഘിച്ചിരിക്കുകയാണ്.
കാപ്പി, കുരുമുളക് തുടങ്ങിയ വിളകള്‍ക്ക് അനുയോജ്യമായ മണ്ണാണ് ഇവിടുത്തേത്. മണ്ണിന്റെ പിഎച്ച് മൂല്യം മൂന്നരയ്ക്കും നാലരയ്ക്കും ഇടയില്‍ മാത്രമാണ്. നാലര മുതല്‍ അഞ്ചര വരെ പിഎച്ച് മൂല്യമുള്ള മണ്ണിലാണ് ഈ വിളകള്‍ വളരുക. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ പ്രാഥമിക മൂലകങ്ങള്‍ ഉള്‍പ്പെടെ പതിനാറ് മൂലകങ്ങള്‍ ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഫോസ്ഫറസ് സാന്നിധ്യം മണ്ണില്‍ കൂടുതലാകുന്നതിനാല്‍ ഇരുമ്പ്, നാകം തുടങ്ങിയ മറ്റ് സൂക്ഷ്മമൂലകങ്ങള്‍ ആഗിരണം ചെയ്യാന്‍ ചെടികള്‍ക്ക് കഴിയാതെവരും. മണ്ണ് പരിശോധിക്കുമ്പോള്‍ ഈ മൂലകങ്ങള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും ഫോസ്ഫറസ് സാന്നിധ്യം കൂടുതലായതിനാല്‍ ഇവ ആഗിരണം ചെയ്യാന്‍ ചെടികള്‍ക്ക് കഴിയില്ല. ഇരുമ്പിന്റെ അംശം കുറയുന്നതിനാല്‍ ചെടികള്‍ക്ക് മഞ്ഞളിപ്പ് രോഗം വരാനും സാധ്യതയുണ്ട്. നദികളിലും തോടുകളിലും ഫോസ്ഫറസ് കലരുന്നതും ആരോഗ്യത്തിന് ഹാനികരമാകും. ഫോസ്ഫേറ്റിന്റെ അംശം കൂടുതലായാല്‍ മനുഷ്യരില്‍ വൃക്കരോഗം, അസ്ഥിക്ഷയം തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. വെള്ളത്തില്‍ ഫോസ്ഫറസ് അംശം കലരുന്നതിനാല്‍ കളകളുടെ ശല്യം വര്‍ധിക്കാനും മത്സ്യസമ്പത്ത് കുറയാനും ഇടയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: