അപകടമുണ്ടാക്കിയ അംഗഭംഗത്തെ അതിജീവിച്ച് സംഗീത ലോകത്ത് സജീവസാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ് ആലപ്പി ബെന്നി. ഇരുന്നൂറിലധികം ഗാനങ്ങളുടെ സംഗീത സംവിധായകന്, പതിനഞ്ചോളം നാടകങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടന്, കൈവിരലുകളില്‍ മാസ്മരിക സംഗീതം തീര്‍ക്കുന്ന ഓര്‍ഗനിസ്റ്റ്, അനുഗൃഹീത ഗായകന്, എല്ലാ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തി തുടങ്ങിയ വിശേഷണങ്ങളെല്ലാം ആലപ്പി ബെന്നിക്ക് സ്വന്തം. ബാല്യ കാലം മുതല്‍ നന്നായി പാടിയിരുന്ന ബെന്നിക്ക് സംഗീതം ലഹരിയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 45 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നടന്ന ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ തുടങ്ങിയതാണ് ആ സംഗീത യാത്ര. തുടര്‍ന്ന് സംഗീതം പഠിച്ചു, നിരവധി നാടകഗാനങ്ങള്‍ക്ക് ഈണം നല്കി പാടുകയും ചെയ്തു. പിന്നീട് നാടകരംഗത്ത് സജീവമായി.
വയലാര്‍ രാമവര്‍മയുടെ ‘ആയിഷ’ എന്ന നാടകം ചാലക്കുടി കൈനഗിരി തിയറ്റേഴ്സ് ആവിഷ്കരിച്ചപ്പോള്‍ ആലപ്പി ബെന്നി ഈണം നല്കിയ ഗാനങ്ങള്‍ ഒരു തലമുറ മുഴുവന്‍ നെഞ്ചിലേറ്റി. സംഗീതപ്രേമികള്‍ക്ക് നെഞ്ചോടുചേര്‍ത്ത് വെയ്ക്കാന്‍ ഒരു പിടിഗാനങ്ങള്‍ നല്കിയ ബെന്നി ആരാലും അവഗണിക്കപ്പെട്ടിരിക്കുകയാണ്. ശാരീരിക അവശതയിലും സാമ്പത്തിക പരാധീനതയാലും ഉഴലുന്ന ബെന്നിയെ ഒരു സംഘടനയോ ഒരു സര്‍ക്കാരോ കണ്ടില്ല. ആരോടും പരിഭവമില്ലാതെ കലയെ സ്നേഹിച്ച കലാകാരന് ഇന്ന് തന്റെ ദൗര്‍ഭാഗ്യം ഓര്‍ത്ത് വിലപിക്കുന്നു.
സംഗീതസംവിധായകനായ ബാബുരാജ് അവിചാരിതമായി ബെന്നിയുടെ ഹാര്‍മോണിയം വായന കേള്‍ക്കാനിടയായി. അതില്‍ ആകൃഷ്ടനായ ബാബുരാജ് കൊല്ലം യൂണിവേഴ്സല്‍ തീയറ്റേഴ്സിന്റെ കുഞ്ഞാലിമരയ്ക്കാര്‍ നാടകത്തിന് സംഗീതമൊരുക്കാന്‍ ബെന്നിയെ ക്ഷണിക്കുകയായിരുന്നു. നാടകത്തില്‍ ഗായകനും ഹാര്‍മോണിസ്റ്റുമായിരുന്നു ബെന്നി. ഹാര്‍മോണിയം വായന ബാബുരാജിനെ ആകര്‍ഷിക്കുകയും കൂടെ ചെല്ലാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നിട് ബാബുരാജിന്റെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
പുള്ളിമാന്‍, ലക്ഷപ്രഭു തുടങ്ങിയ പന്ത്രണ്ടോളം സിനിമകളില്‍ ബാബുരാജിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ബാബുരാജിന്റെ മരണ ശേഷം വീണ്ടും നാടകത്തിലേക്ക് തിരിഞ്ഞു. പിന്നീട് പലരുമായി ചേര്‍ന്ന് ആല്‍ബങ്ങളിറക്കി. തന്റെ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തില്‍ നടന് മോഹന്‍ലാലിനെക്കൊണ്ടും കോട്ടയം മുന്‍ ജില്ലാ പോലീസ് മേധാവി സി. രാജഗോപാല്‍ അടക്കമുള്ള പ്രമുഖര്‍ ഇദ്ദേഹത്തിന്റെ ആല്‍ബങ്ങളില്‍ പാടി. പിന്നീട് കഥാപ്രസംഗരംഗത്തും നിറസാന്നിധ്യമാകാന്‍ ബെന്നിക്ക് കഴിഞ്ഞു. കഥാപ്രസംഗ രംഗത്തെ അതികായകനായ സാംബശിവന്റെ സംഘത്തില്‍ ഹാര്മോണിസറ്റായിരുന്നു. കൊല്ലം ജവഹര്‍ ബാലഭവനില്‍ എട്ടു വര്‍ഷം സംഗീതാധ്യാപകനായി പ്രവര്‍ത്തിച്ചു. നിരവധി ശിഷ്യ സമ്പത്തുണ്ട്. സംഗീത സംവിധായകന് ശരത്തും തന്റെ ശിഷ്യന്മാരിലൊരാളാണെന്ന് ബെന്നി പറയുന്നു.
രാജീവ് ഗാന്ധിയുടെ വിയോഗത്തിനുശേഷം അദ്ദേഹത്തിന്റെ ഓര്‍മകളുമായി പുറത്തുവന്ന രാജീവ് ജ്യോതി എന്ന ഓഡിയോ സിഡി ഏറെ ശ്രദ്ധിക്കപ്പെട്ടു.
1996 മാര്‍ച്ച് ഒമ്പതിന് നെടുമങ്ങാട് നാടകം കഴിഞ്ഞു വരവെ കൊല്ലത്തുവെച്ചുണ്ടായ അപകടത്തില്‍ ബെന്നിക്ക് ഇടതുകാല് നഷ്ടപ്പെട്ടു. ഇതോടെ ജീവിതത്തിന്റെ താളം തെറ്റി. കൂടെയുണ്ടായിരുന്നവര്‍ ഒന്നൊന്നായി വിട്ടുപോയി. സംഗീതത്തിലലിഞ്ഞപ്പോള് ജീവിതപങ്കാളിയെ കണ്ടെത്താന്‍ പോലും മറന്നു.
നന്നേ ചെറുപ്പത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട ബെന്നിയ്ക്ക് ഇപ്പോള്‍ ആരും ആശ്രയമില്ല. ഒമ്പതു സഹോദരങ്ങളാണ് ബെന്നിയ്ക്ക്. അപകടശേഷം സഹോദരസഹായവും ലഭിക്കാതെ ബെന്നി തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. ആശുപത്രിയും വിശ്രമ ജീവിതവുമായി മുന്നോട്ടു പോകുമ്പോഴും തളര്‍ന്നില്ല.
മനസില്‍ അപ്പോഴും സംഗീതവും താന്‍ നെഞ്ചോടുചേര്‍ത്തു പിടിച്ച ഹാര്‍മോണിയവും മാത്രമായിരുന്നു ഏക സമ്പാദ്യമെന്ന് ബെന്നി പറയുന്നു. ആശുപത്രിയില്‍ നിന്നും ചികിത്സയ്ക്ക് ശേഷം പത്തനാപുരം ഗാന്ധിഭവന്, തിരുവല്ല ഗില്ഗാല്, പാല മരിയന്‍ സദനം തുടങ്ങിയ അഭയകേന്ദ്രങ്ങളിലൂടെയുള്ള സഞ്ചാരം. സഹപ്രവര്‍ത്തകര്‍ ആരും അന്ന് അന്വേഷിച്ചെത്തിയില്ലെങ്കിലും ആരോടും പരിഭവമില്ല. പിന്നീട് ജീവിതം അവിടെ അവസാനിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് തന്നെ അന്വേഷിച്ച് വീണ്ടും സിനിമയെന്ന ഭാഗ്യം കടന്നുവന്നത്.
കുഞ്ചാക്കോ ബോബന് നായകനായ പുതിയ സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ച് വീണ്ടും ചലച്ചിത്ര ലോകത്തേക്ക് കടന്നുവരികയാണ്. പ്രശാന്ത് മോഹന്‍ സംവിധാനം ചെയ്യുന്ന ജലകന്യക എന്ന സിനിമയില്‍ കാവാലം നാരായണ പണിക്കര്‍ എഴുതിയ ആറുഗാനങ്ങള്ക്ക് ആലപ്പി ബെന്നിയാണ് സംഗീതം ചിട്ടപ്പെടുത്തുന്നത്. ഡോ. കെ.ജെ.യേശുദാസ്, എസ്.പി.ബാലസുബ്രഹ്മണ്യം, ജി.വേണുഗോപാല്‍, കാവാലം ശ്രീകുമാര്‍, മഞ്ജരി തുടങ്ങിയവരാണ് ഗായകര്‍. ഈ സിനിമയോടെപ്പം നിരവധി അവസരങ്ങള്‍ തേടി എത്തിയതില്‍ ബെന്നി സംതൃപ്തനാണ്.
കെ.പി.അനിജാമോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: