കോഴിക്കോട്: മലബാറിലെ ആദ്യ സോമയാഗത്തില്‍ പത്തു ലക്ഷം പേര് പങ്കാളികളാവുമെന്ന് യാഗരക്ഷാസമിതി പ്രസിഡന്റ് വടക്കുമ്പാട്ട് നാരായണന് പറഞ്ഞു. കാശ്യപ വേദിക്ക് റിസര്‍ച്ച് ഫൗണ്ടേഷന് നടത്തുന്ന സോമയാഗത്തിന് കര്‍ണ്ണാടക മാത്തൂരില്‍ നിന്നുള്ള അമ്പതംഗ പുരോഹിതസംഘമാണ് നേതൃത്വം കൊടുക്കുക. ആപസ്തംഭ സമ്പ്രദായമനുസരിച്ച് 16 ഋത്വിക്കുകള്‍ സോമയാഗത്തിനുള്ള കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കും.
പ്രാചീന, മധ്യകാല, ആധുനിക ചരിത്രങ്ങളിലെ സോമയാഗങ്ങളില് നിന്നു ഭിന്നമായി ഒരുപിടി പ്രത്യേകതകള്‍ യാഗത്തിനുണ്ടാകുമെന്ന് കാശ്യപാശ്രമം കുലപതി ആചാര്യ എം.ആര്. രാജേഷ് പറഞ്ഞു. ജാതി, ലിംഗ, പ്രായഭേദമെന്യെ എല്ലാവിഭാഗത്തിലുംപെട്ട മനുഷ്യരില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ ജ്വലിപ്പിക്കാന്‍ സോമയാഗത്തിലൂടെ സാധിക്കും. എല്ലാവര്ക്കും ഭക്ഷണം എന്ന ആശയത്തിലൂന്നി നടത്തുന്ന സോമയാഗത്തിനു രണ്ടു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സോമയാഗത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണവും അന്നദാനമായിരിക്കും. ഇതിനുള്ള ഭക്ഷ്യവസ്തുക്കളുടെ വലിയൊരുപങ്ക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ജൈവവളമുപയോഗിച്ച് വിളയിച്ചെടുക്കുന്നവയാണ്. സസ്യാഹാരവും പ്രകൃതി സൗഹാര്‍ദ്ദവും പ്രോല്‍സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി, സോമയാഗത്തിനായി തെരഞ്ഞെടുത്ത ഭൂമിയില്‍ ജൈവകാര്‍ഷിക വിളകളുടെ വിളവെടുപ്പിന് ഡിസംബര്‍ 15 ന് തൂടക്കമിട്ടിരുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിശ്വാസികളുടെ പുരയിടങ്ങളിലും വയലുകളിലും വിളയിച്ചെടുക്കുന്ന അരിയും പച്ചക്കറികളുമായിരിക്കും അന്നദാനത്തിനായി ഉപയോഗിക്കുകയെന്ന് ആചാര്യ രാജേഷ് കൂട്ടിച്ചേര്‍ത്തു.
സോമയാഗത്തിന് മുന്നോടിയായി മൂകാംബികയില്‍ നിന്നും കന്യാകുമാരിയില്‍ നിന്നും രണ്ട് രഥയാത്രകള്‍ സംഘടിപ്പിക്കും. 2500 പേര് സോമയാഗത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. വേദ സെമിനാര്‍, വൈദിക പ്രദര്‍ശനം, എന്നിവയും സംഘടിപ്പിക്കും. യാഗത്തില്‍ മൃഗബലി എന്നത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അത്തരം അനാചാരങ്ങളെ അംഗീകരിക്കുന്നില്ലെന്നും രാജേഷ് പറഞ്ഞു. വിവേക് ഡി ഷേണായി, പി. ടി. വിപിന്‍ദാസ്, അരുണ്പ്രഭാകര് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: