കൊച്ചി: ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങളെ സ്വാധീനിക്കാന്‍ വിദേശസ്ഥാപനത്തില്നിന്ന് തങ്ങള്‍ ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദ എന്‍വയോണ്‍മെന്റ് (എട്രീ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിഇപിഎഫ് (ക്രിട്ടിക്കല്‍ ഇക്കോസിസ്റ്റം പ്രൊഫൈല്‍ ഫണ്ട്) എന്ന സ്ഥാപനത്തില്‍ നിന്നും ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണമാണ് എട്രിയ്ക്ക് എതിരെയുള്ളത്. ജൈവവൈവിധ്യ കണ്‍വെന്‍ഷന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ചതാണ് സിഇപിഎഫ്. അതീവ പ്രാധാന്യമുള്ള പരിസ്ഥിതിപ്രദേശങ്ങളുടെ സംരക്ഷണത്തില്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സിപിഇഎഫ്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനായി സിഇപിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുക മാത്രമാണ് എട്രീ ചെയ്യുന്നത്. 4500 ദശലക്ഷം ഡോളര്‍ ഫണ്ട് വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ എട്രീയ്ക്ക് ലഭിച്ചിട്ടുള്ളത് 40 ലക്ഷം രൂപ മാത്രമാണെന്ന് എട്രീ ഭരണസമിതിയംഗം ഡോ. പ്രിയദര്ശന് ധര്മ്മരാജന് പറഞ്ഞു.
മറ്റ് ഏജന്‍സികള്‍ക്കും ഇത്തരത്തില്‍ തുക നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുരോഗമന ചിന്താഗതിയുള്ള റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്നാണ് തന്റെ വ്യക്തപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലാ നിര്‍വ്വാഹകസമിതിയംഗം ജോജോ ടി ഡിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: