തിരുവനന്തപുരം : കൂട്ടുകക്ഷി ഭരണത്തില്‍ കോലുവയ്ക്കുന്നവര് തുലയുമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ജനനായക പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൂട്ടു മന്ത്രിസഭയ്ക്കും കൂട്ടുകക്ഷി ഭരണത്തിനുമാണ് ഇപ്പോള്‍ പ്രസക്തി. ഇത് നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാലേ പറ്റൂ. ഇതിനിടയില്‍ കോലുവച്ചാല് കോലു വയ്ക്കുന്നവനും തുലയും കൂടെയുള്ളവനും തുലയും. ശങ്കരനാരായണന് പറഞ്ഞു.
ജനങ്ങളുടെയുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടികളും നേതാക്കളും മാത്രമേ ശാശ്വതമായി നിലനില്‍ക്കൂ. ഇങ്ങനെ ശാശ്വതമായി നിലനില്‍ക്കുന്ന രാഷ്ട്രീയ കക്ഷികളെ സഹായിച്ചില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാവും. ആര്‍ക്കുവേണമെങ്കിലും ജനപിന്തുണയുണ്ടെങ്കില്‍ വളരാനും വികസിക്കാനുമുള്ള സാഹചര്യം നിലവിലുണ്ട്. ചില രാഷ്ട്രീയ കക്ഷികള്‍ പെട്ടെന്ന് വളര്‍ന്നിട്ടുണ്ട്. ഇവ ഉച്ചനേരത്ത് ഐസ് വെയിലത്തുവച്ചതുപോലെയായിത്തീരുമെന്നും ശങ്കരനാരായണന് പറഞ്ഞു. കെ. മുരളീധരന് എംഎല്‍എ ആധ്യക്ഷം വഹിച്ചു.
മികച്ച ജനനായകനുള്ള പുരസ്കാരം സിപിഎം സെക്രട്ടറി പിണറായി വിജയനും മികച്ച മന്ത്രിക്കുള്ള പുരസ്കാരം ധനമന്ത്രി കെ.എം. മാണിയും മികച്ച എംപിക്കുള്ള പുരസ്കാരം പി.സി. ചാക്കോയും ഏറ്റുവാങ്ങി. ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വതലത്തില്‍ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള വ്യാജ പ്രചരണങ്ങള്‍ മലവെള്ളപ്പാച്ചില്‍പോലെ തുടര്‍ന്ന് ആക്രമണങ്ങള്‍ നടത്തുന്ന കാലമാണിതെന്നും ഇതിനായി പല മാധ്യമങ്ങളും മത്സരിക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു.
എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് അവര്‍ക്കിടയില്‍ കടന്നുചെന്ന് മാറ്റമുണ്ടാക്കാന്‍ കഴിയുന്ന ഭരണമാണ് വേണ്ടതെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. വികസനം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ക്ഷേമവും വേണം വികസനത്തിന്റെ പ്രയോജനവും പങ്കാളിത്തവും എല്ലാവരിലുമെത്തിയാല് മാത്രമേ അഭിമാനിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയുടെയും പാര്‍ലമെന്റിന്റെയും പ്രവര്‍ത്തനം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്ന് പി.സി. ചാക്കോ എം.പി. പറഞ്ഞു. നിയമനിര്‍മ്മാണ ചര്‍ച്ചാവേളകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമപ്പുറം രാഷ്ട്രീയ സമവായത്തിലെത്താന്‍ രാഷ്ട്രീയ കക്ഷികള്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വി. എം.ഡി എം. വി. നികേഷ്കുമാര്‍ സ്വാഗതവും വൈസ് ചെയര്‍ പേഴ്സണ്‍ ലാലി ജോസഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: