ആലപ്പുഴ: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എട്ടു മെഡിക്കല്‍ കോളേജുകള്‍ കൂടി സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി വി.എസ്.ശിവകുമാര്‍. ആലപ്പുഴയില്‍ ഫ്ലോട്ടിങ് ഹോമിയോ ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യവിദ്യാഭ്യാസ രംഗത്ത് 1,500 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപ്പതി തുടങ്ങാനുള്ള നടപടി ആരംഭിക്കും. ഇതിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിനു നല്കാന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ആയുര്‍വേദം, സിദ്ധ, യുനാനി തുടങ്ങിയ പരമ്പരാഗതചികിത്സകള് ഒരാശുപത്രിയില്‍ ലഭ്യമാക്കുന്നതിനായി എല്ലാ ജില്ലകളിലും ആയുഷ് കേന്ദ്രങ്ങള്‍ ആരംഭിക്കും.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ വിവിധപഞ്ചായത്തുകളില്‍ 110 ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിച്ചിട്ടുണ്ട്. 117 പഞ്ചായത്തുകളില്‍ക്കൂടി ഹോമിയോ ഡിസ്പെന്‍സറി തുടങ്ങാനുള്ള നടപടി ആരംഭിച്ചെന്നും ഇതില്‍ 50 എണ്ണം അടിയന്തമായി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ ഗ്രാമീണാരോഗ്യദൗത്യം മാതൃകയില്‍ നഗരപ്രദേശങ്ങളില്‍ ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിന് ദേശീയ നഗരാരോഗ്യദൗത്യം പദ്ധതി ആരംഭിക്കും. പദ്ധതിയില്‍ ആലപ്പുഴയെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ജലാശയങ്ങളുടെയും പുഴകളുടെയും സമീപത്തു താമസിക്കുന്നവരുടെ ചികിത്സ ഉറപ്പുവരുത്തുന്നതിനായി വിപുലമായ സൗകര്യങ്ങളുള്ള ഫ്ലോട്ടിങ് ഡിസ്പെന്‍സറി ഹോമിയോ വകുപ്പ് ആരംഭിച്ചത്. അടുത്ത സാമ്പത്തികവര്‍ഷം ഇത്തരം കൂടുതല്‍ ഡിസ്പെന്‍സറികള്‍ ആരംഭിക്കും.
പ്രവര്‍ത്തനം തുടങ്ങിയ ഫ്ലോട്ടിങ് ഡിസ്പെന്സറിയില് മെഡിക്കല്‍ ഓഫീസര്‍മാര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമുണ്ടാകും. നിശ്ചയിക്കപ്പെട്ട മുപ്പതോളം ജെട്ടികളില്‍ ഇപ്പോള്‍ ചികിത്സാ സൗകര്യം ലഭ്യമാക്കും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 150 കോടി രൂപയുടെ വികസനപദ്ധതികള്‍ നടപ്പാക്കുമെന്നും ഹരിപ്പാട്ട് ആരംഭിക്കുന്ന മെഡിക്കല്‍ കോളേജിന് ഫെബ്രുവരിയില്‍ തറക്കല്ലിടുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: