കൊട്ടാരക്കര: അഴിമതിയില്ലാത്ത ഭാരതം സൃഷ്ടിക്കാന്‍ അരയും തലയും മുറുക്കി രാഷ്ട്രസ്നേഹികള്‍ രംഗത്തിറങ്ങേണ്ട സമയമാണിതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് കെ.സി. കണ്ണന് പറഞ്ഞു. കൊട്ടാരക്കര നെടുവത്തൂരില്‍ നടന്ന ആര്‍എസ്എസ് പുനലൂര്‍ ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന് ശക്തമായ നേതൃത്വം ആവശ്യമാണ്. അതിലൂടെ മാത്രമേ പഴയ പ്രൗഢിയില്‍ ഭാരതാംബയെ മടക്കിക്കൊണ്ടുവന്ന് ഭാരതത്തെ മഹത്തായ രാജ്യമാക്കി മാറ്റാന്‍ കഴിയൂ. രാഷ്ട്രസുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീര്‍ത്തും പരാജയമാണ്. ചൈന പാകിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്ക് നേരെ നിരന്തരം അക്രമണം നടത്തിയിട്ടും ശക്തമായ മറുപടി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല. നമ്മുടെ നാടിനെ അഴിമതി കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. താഴെതട്ടുമുതല്‍ മേല്‍ത്തട്ടുവരെ അഴിമതി വ്യാപിച്ചിരിക്കുന്നു. ഭരണകര്‍ത്താക്കളായ മന്ത്രിമാര്‍ രാജിവയ്ക്കേണ്ടി വന്നത് അതിന്റെ ഉദാഹരണമാണ്. തീഹാര്‍ ജയിലില്‍ എത്ര വിഐപികളാണുള്ളത്. ജഡ്ജിമാര്‍ക്ക് വിധിന്യായത്തിലെഴുതാന് പേപ്പറുകള്‍ തികയാത്ത അഴിമതികളാണ് നാട്ടില്‍ നടന്നത്. പാവപ്പെട്ടവന് പട്ടിണിയില്‍ കഴിയുമ്പോള്‍ അരമനയില്‍ ഇരുന്നു പാവപ്പെട്ടവന്റെ വിയര്‍പ്പിന്റെ വില ചിലര്‍ അഴിമതിയിലൂടെ സ്വന്തമാക്കുന്നു.
മാറ്റത്തിനുവേണ്ടി ജനങ്ങള്‍ വോട്ട് ചെയ്ത ആം ആദ്മി പാര്‍ട്ടി ആര്‍ക്കെതിരെയാണോ തങ്ങളുടെ ഊര്‍ജം ചെലവഴിച്ചത് അവരുടെ പിന്തുണയില്‍ സര്‍ക്കാരുണ്ടാക്കിയതോടെ ശരിയായ ദിശയിലല്ല പോക്കെന്ന് തെളിയിച്ചു. നിയമത്തിലൂടെയും ബില്ലിലൂടെയും അഴിമതി ഇല്ലാതാക്കാന്‍ കഴിയില്ല. അതിന് ഭരണകര്‍ത്താക്കളുടെ മനസ്ഥിതി മാറണം. മനസ്ഥിതി മാറുമ്പോള്‍ വ്യവസ്ഥിതിയും മാറും. അതാണ് സംഘം ചെയ്യുന്നത്. സ്ത്രീകളെ ദേവതകളായി കാണുന്ന ഭാരതീയ സംസ്കാരത്തില്‍ ഭരണകര്‍ത്താക്കള്‍ അവരെ പീഡിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തി. ബോംബ് സ്ഫോടനങ്ങള്‍ നടത്തി നിരപരാധികളായ ജനസമൂഹത്തിന്റെ ജീവനെടുത്ത മദനി കെപിസിസി പ്രസിഡന്റിന്റെ ആരാണെന്ന് വ്യക്തമാക്കണം. രാഷ്ട്രദ്രോഹികള്‍ക്ക് ഒത്താശ ചെയ്യുന്നവരും രാഷ്ട്രദ്രോഹികള്‍ തന്നെയാണ്. കേവലം വോട്ടിനുവേണ്ടി ഇടതുവലതു മുന്നണികള്‍ ഭീകരവാദത്തെ വെള്ള പൂശുകയാണ്. ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടി ഹിന്ദുസമൂഹത്തിനെതിരെ കരാളനിയമവുമായി ഇറങ്ങിയിരിക്കുകയാണ് ഇക്കൂട്ടര്‍. സന്ന്യാസിനിയായ പ്രജ്ഞാസിംഗ് നിരപരാധിയാണെന്ന് പറയാന്‍ ആറുവര്‍ഷം വേണ്ടിവന്നു ഇവര്‍ക്ക്. ഇതുപോലെയുള്ള കപട രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തി ഭാരതീയ പാരമ്പര്യം തിരിച്ചുകൊണ്ടുവരാന്‍ നാം തയ്യാറാകണം. അദ്ദേഹം ആവശ്യപ്പെട്ടു. പത്തനാപുരം ഗാന്ധിഭവന് സെക്രട്ടറി സോമരാജന് അധ്യക്ഷനായിരുന്നു. ജില്ലാ സംഘചാലക് ആര്. ദിവാകരന്, വര്‍ഗ് അധികാരി അഡ്വ. അനില്‍കുമാര്‍, വിഭാഗ് സഹകാര്യവാഹ് വി. പ്രതാപന്, ജില്ലാ കാര്യവാഹ് എസ്. അശോകന്, ജയപ്രകാശ്, കെ.ജി അനില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: